അതിജീവിതയെ സമൂഹമാധ്യമത്തില്‍ പിന്തുണച്ചവരുടെ പ്രൊഡക്ഷന്‍ ഹൗസില്‍ കംപ്ലെയിന്റ് സെല്ലുണ്ടോയെന്ന് അന്വേഷിക്കണം: പാര്‍വതി

അതിജീവിതയെ സമൂഹമാധ്യമത്തില്‍ പിന്തുണച്ചവരുടെ പ്രൊഡക്ഷന്‍ ഹൗസില്‍ കംപ്ലെയിന്റ് സെല്ലുണ്ടോയെന്ന് അന്വേഷിക്കണം: പാര്‍വതി

നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിതയെ സമൂഹമാധ്യമത്തിലൂടെ പിന്തുണച്ച സിനിമ മേഖലയിലെ പ്രമുഖരുടെ പ്രൊഡക്ഷന്‍ ഹൗസുകളില്‍ കംപ്ലെയിന്റ് സെല്ലുണ്ടോ എന്ന് കണ്ടുപിടിക്കേണ്ടതുണ്ടെന്ന് നടി പാര്‍വതി തിരുവോത്ത്. വനിത കമ്മീഷനുമായി ഡബ്ല്യുസിസി നടത്തിയ കൂടിക്കാഴ്ച്ചയെ കുറിച്ച് മീഡിയ വണ്ണിനോട് പ്രതികരിക്കവെയാണ് പാര്‍വതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

പാര്‍വതി പറഞ്ഞത്:

അതിജീവിച്ച നടിയെ പിന്തുണച്ച് പലരും സോഷ്യല്‍ മീഡിയയില്‍ എത്തിയിട്ടുണ്ട്. അവരുടെയൊക്കെ പ്രൊഡക്ഷന്‍ ഹൗസില്‍ ഇന്റേണല്‍ കംപ്ലെയ്ന്റ് കമ്മിറ്റി ഉണ്ടോ എന്നുള്ളത് മീഡിയയും വനിതാ കമ്മീഷനും കണ്ടുപിടിക്കണം. എല്ലാവരും പിന്തുണയ്ക്കുന്നു എന്ന ഹെഡ്ലൈന്‍ മാത്രം വന്നിട്ടുപോയാല്‍ പോരാ. നിയമപരമായിട്ട് കംപ്ലെയിന്റ് സെല്‍ പ്രൊഡക്ഷന്‍ കമ്പനികളിലുണ്ടോ എന്ന് പരിശോധിച്ചാല്‍ ഒരു ശതമാനം പോലും ഇല്ല എന്നു കണ്ടുപിടിക്കാനാവും. ഇക്കാര്യത്തില്‍ വനിത കമ്മീഷന്‍ കൃത്യമായി ഇടപെടണം എന്നതാണ് ഞങ്ങളുടെ ആവശ്യം. അത് സതിദേവി മാം മനസിലാക്കിയിട്ടുണ്ടെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്.

അതേസമയം പ്രൊഡക്ഷന്‍ കമ്പനികള്‍ സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്ന നടപടികള്‍ ഏറ്റെടുക്കണമെന്നാണ് വനിത കമ്മീഷന്‍ അധ്യക്ഷ പി സതിദേവി പറഞ്ഞത്. എല്ലാ തൊഴില്‍ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടുകൊണ്ട് ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റിയുണ്ടാകണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രാജ്യത്ത് അങ്ങനെയൊരു നിയമം ഉണ്ടായിട്ടുള്ളത്. ആ നിയമം അനുശാസിക്കുന്ന കംപ്ലയിന്റ് കമ്മിറ്റികള്‍ സിനിമാ മേഖലയില്‍ പ്രവര്‍ത്തന ക്ഷമമല്ല. അത്തരത്തിലൊരു നിയമമുണ്ട് എന്നൊരു ബോധ്യം പോലും സിനിമാ പ്രൊഡക്ഷന്‍ കമ്പനികള്‍ക്ക് ഇല്ല എന്നത് ഇന്നാണ് വനിതാ കമ്മീഷന്‍ പൂര്‍ണമായി മനസിലാക്കുന്നത് എന്നും പി. സതീദേവി പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in