ഇപ്പോഴും ഏതെങ്കിലും ഒരു സ്ഥലത്ത് ഫേക്ക് ഓഡീഷന്‍ നടക്കുന്നുണ്ടാവും, അവിടെ ഭയന്നിരിക്കുന്ന പെണ്‍കുട്ടിയുണ്ടാകും: പാര്‍വതി

ഇപ്പോഴും ഏതെങ്കിലും ഒരു സ്ഥലത്ത് ഫേക്ക് ഓഡീഷന്‍ നടക്കുന്നുണ്ടാവും, അവിടെ ഭയന്നിരിക്കുന്ന പെണ്‍കുട്ടിയുണ്ടാകും: പാര്‍വതി

ഫേക്ക് ഓഡീഷനിലൂടെ ഓരോ നിമിഷവും പെണ്‍കുട്ടികള്‍ ചൂഷണം ചെയ്യപ്പെടുന്നുണ്ടാകുമെന്ന് നടി പാര്‍വതി തിരുവോത്ത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിയമ നിര്‍മ്മാണവും പരിഹാരവും നടന്നില്ലെങ്കില്‍ ആ പെണ്‍കുട്ടികളാണ് അപകടത്തില്‍പ്പെടുന്നത്. അവരും ആര്‍ട്ടിസ്റ്റുകളാണ് അവര്‍ക്കും ജീവിക്കാന്‍ അവകാശമുണ്ടെന്നും പാര്‍വതി ദ ക്യു അഭിമുഖത്തില്‍ പറഞ്ഞു.

പാര്‍വതിയുടെ വാക്കുകള്‍:

ഞാനിത് പറയുമ്പോഴും നമ്മള്‍ ഇരുന്ന് സംസാരിക്കുമ്പോഴും ഏതെങ്കിലും ഒരു സ്ഥലത്ത് ഓഡീഷന്‍ റൂം പോലെ ക്രിയേറ്റ് ചെയ്ത് ഒരു ഫേക്ക് ഓഡീഷന്‍ നടക്കുന്നുണ്ടാകും. അതില്‍ നിന്ന് പുറത്ത് വരാന്‍ പറ്റാത്ത സാഹചര്യത്തില്‍ പെണ്‍കുട്ടികളും അവിടെ ഇരിക്കുന്നുണ്ടാകും. ഞാന്‍, നിങ്ങള്‍ എന്റെ സമയം കളയുന്നു എന്ന് പറയുന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്, അത്തരം പെണ്‍കുട്ടികള്‍ സുരക്ഷിതരല്ലാത്തത് കൊണ്ടാണ്. നിങ്ങള്‍ ഈ നിയമ നിര്‍മ്മാണം വൈകിക്കുന്നതിലൂടെ ഒരുപാട് പെണ്‍കുട്ടികള്‍ അപകടത്തില്‍ അകപ്പെടുകയാണ്.

ആ പെണ്‍കുട്ടികള്‍ക്കും ജോലി ചെയ്യാനുള്ള എല്ലാ അവകാശവും ഉണ്ട്. ജീവിക്കാന്‍ അവകാശമുള്ള ആര്‍ട്ടിസ്റ്റുകള്‍ തന്നെയാണ് അവരും. പക്ഷെ അവര്‍ സിനിമയും മറ്റ് ജോലി സ്ഥലങ്ങളും വിട്ട് പോകും. കാരണം അവര്‍ ചിന്തിക്കുന്നത് ഞങ്ങളെ സംരക്ഷിക്കാന്‍ ഇവിടെ നിയമം ഇല്ല എന്നതാണ്. ഒരുപക്ഷെ അവര്‍ സംസാരിച്ചാലും അതില്‍ നീതി ലഭിക്കാന്‍ 5-6 വര്‍ഷം എടുക്കും. അപ്പോഴും കുറ്റക്കാരന്‍ സുഖമായി ജീവിക്കുകയായിരിക്കും. അതുകൊണ്ട്, ഈ സ്ഥലത്ത് നിന്ന് തന്നെ പോകാം എന്നായിരിക്കും അവര്‍ ചിന്തിക്കുക. നിങ്ങള്‍ എന്റെ സമയം കളയുകയാണ് എന്ന് പറയുമ്പോള്‍ ഞാന്‍ ഉദ്ദേശിക്കുന്നത് ഇതൊക്കെയാണ്.

ഈ നിയമം നടപ്പാക്കാതെ ഇരിക്കുമ്പോള്‍ എല്ലാ ദിവസവും നിങ്ങള്‍ എന്നെ അപകടത്തിലേക്കാണ് ഇട്ടുകൊടുക്കുന്നത്. ഇതിനുള്ള ഉത്തരം ജസ്റ്റിസ് ഹേമയും മറ്റ് കമ്മിറ്റി അംഗങ്ങളും പറയണം. എന്നാല്‍ നിങ്ങള്‍ പുറത്ത് പോയി പറഞ്ഞോളൂ എന്ന് പറയുമ്പോള്‍, നിങ്ങള്‍ ഞങ്ങളുടെ അനുഭവങ്ങളെ ചുരുക്കുകയാണ്. അവിടുത്തെ പ്രശ്‌നം ആരുടെയെങ്കിലും പേര് പറയുന്നതല്ല. ഇതിനൊരു പരിഹാരം കാണാന്‍ നിങ്ങള്‍ക്കായിട്ടില്ല എന്നതാണ് ഇവിടുത്തെ പ്രശ്‌നം. കഴിഞ്ഞ നാല് വര്‍ഷമായി നിങ്ങള്‍ ഇതിന് പരിഹാരം കാണുമെന്ന് വിശ്വസിച്ച ഞങ്ങളും മറ്റ് പെണ്‍കുട്ടികളും അതിന് ശേഷം എന്തൊക്കെ ആഘാതങ്ങളിലൂടെ കടന്ന് പോയിട്ടുണ്ടാകും. നിങ്ങള്‍ക്ക് മനുഷ്യത്വമുണ്ടോ എന്നത് മാത്രമാണ് ബാക്കി നില്‍ക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in