റോഷൻ മാത്യു -ദർശന രാജേന്ദ്രൻ ചിത്രം പാരഡൈസ് ഇന്ന് മുതൽ തിയറ്ററുകളിൽ

റോഷൻ മാത്യു -ദർശന രാജേന്ദ്രൻ ചിത്രം പാരഡൈസ് ഇന്ന് മുതൽ തിയറ്ററുകളിൽ

ദർശന രാജേന്ദ്രൻ, റോഷൻ മാത്യു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രസന്ന വിത്താനാഗെ സംവിധാനം ചെയ്ത ചിത്രമായ പാരഡെെസ് ഇന്ന് തിയറ്ററുകളിലെത്തി. ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. കോർ ഹ്യൂമൻ ഇമോഷൻസ് ആണ് ചിത്രം എക്സ്പ്ലോർ ചെയ്യുന്നതെന്ന് റോഷൻ മാത്യു ക്യു സ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. തങ്ങളുടെ അഞ്ചാം വിവാഹവാർഷികം ആഘോഷിക്കാൻ ശ്രീലങ്കയിലെയെത്തുന്ന മലയാളിയായ ടി വി പ്രൊഡ്യൂസർ കേശവിന്റെയും വ്ലോഗറായ അയാളുടെ പങ്കാളി അമൃതയുടെയും ജീവിതത്തിലുണ്ടാകുന്ന അനുഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രം ഇംഗ്ലീഷ്, മലയാളം, തമിഴ്, സിംഹള ഭാഷകളിലാണ് റിലീസിനെത്തുന്നത്.

ഗീതു മോഹൻദാസും രാജീവ് രവിയും വഴിയാണ് പാരഡെെസ് സിനിമയിലേക്ക് സംവിധായകൻ പ്രസന്ന വിത്താനാഗെ തന്നെ ക്ഷണിച്ചത്. സ്ക്രിപ്റ്റ് വായിച്ചു കഴിഞ്ഞപ്പോൾ തന്റെ മുൻ ചിത്രമായ ചോക്ക്ഡുമായി സമ്യതയുണ്ടെന്ന് തോന്നുകയും താൻ ഇത് ചെയ്താൽ ആ സിനിമയുടെ ആവർത്തനമായി ഇത് മാറുമോ എന്ന് കരുതിയിരുന്നുവെന്നും റോഷൻ പറഞ്ഞു. എങ്ങനെ ഈ കഥാപാത്രത്തെ അവതരിപ്പിക്കേണ്ടത് എന്ന യാതൊരു തരത്തിലുമുള്ള സൂചനയില്ലായ്മയും ഈ ചിത്രത്തോട് എക്സെെറ്റ്മെന്റുണ്ടാക്കാൻ കാരണമായിരുന്നുവെന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ റോഷൻ മാത്യു പറഞ്ഞു.

മഹേന്ദ്ര പെരേര, ശ്യാം ഫെർണാൻഡോ എന്നിവരായാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പ്രസന്ന വിത്താനഗെ, അനുഷ്കാ സേനാനായകെ എന്നിവരാണ് സിനിമയ്ക്കായി തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിന്റെ ഛായാ​ഗ്രാഹണം നിർവഹിച്ചിരിക്കുന്നത് രാജീവ് രവിയാണ്. പാരഡൈസിന്റെ ചിത്രസന്നിവേശം നിർവഹിച്ചിരിക്കുന്നത് ആർ.ആർ.ആർ, പൊന്നിയിൻ സെൽവൻ ഉൾപ്പെടെ അറുന്നൂറോളം ചിത്രങ്ങളിൽ പ്രവർത്തിച്ച ലഭിച്ച ശ്രീകർ പ്രസാദാണ്. തപസ് നായക്ക് ശബ്ദസന്നിവേശവും സംഗീത സംവിധാനം കെ (കൃഷ്ണകുമാർ) യും നിർവഹിച്ചിരിക്കുന്നു.

കിം ജിസോക് പുരസ്ക്കാരത്തിന് പുറമേ സ്പെയിനിലെ 23-ാമത് ലാസ് പൽമാസ് ദേ ഗ്രാൻ കനാറിയ രാജ്യാന്തര ചലച്ചിത്രമേളയിൽ ജനപ്രിയ ചിത്രത്തിനുള്ള പുരസ്കാരവും ഫ്രാൻസിലെ മുപ്പതാമത് വെസൂൽ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രീ ദു ജൂറി ലീസിയൻ പുരസ്കാരവും പതിനേഴാമത് ഏഷ്യൻ ഫിലിം അവാർഡ്സിൽ മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച തിരക്കഥ, മികച്ച ചിത്രസംയോജനം എന്നീ വിഭാഗങ്ങളിൽ നാമനിർദേശവും പാരഡൈസിന് ലഭിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in