

മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി 100 കോടി രൂപയുടെ മൾട്ടി ഫിലിം ഡീൽ ഒപ്പ് വെച്ച് നടൻ നിവിൻ പോളി. പ്രമുഖ ചലച്ചിത്ര നിർമ്മാണ, വിതരണ സ്ഥാപനങ്ങളിലൊന്നായ പനോരമ സ്റ്റുഡിയോസുമായാണ് ഈ വമ്പൻ ഡീൽ നിവിൻ ഒപ്പുവെച്ചത്. പനോരമ സ്റ്റുഡിയോസ് തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. പനോരമ സ്റ്റുഡിയോസിന് വേണ്ടി കുമാർ മങ്കട് പഥക്, അഭിഷേക് പഥക് എന്നിവരും ഒപ്പം നിവിൻ പോളിയും ചേർന്നാകും ഈ ചിത്രങ്ങൾ നിർമ്മിക്കുക.
ഓങ്കാര, പ്യാർ കാ പഞ്ചനാമ 1 & 2, ദൃശ്യം 1 & 2, റെയ്ഡ് 1 & 2 തുടങ്ങിയ വമ്പൻ സിനിമകൾ നിർമിച്ചിട്ടുള്ള നിർമാണ കമ്പനിയാണ് പനോരമ സ്റ്റുഡിയോസ്. മോഹൻലാൽ-ജീത്തു ജോസഫ് ചിത്രമായ ദൃശ്യം മൂന്നാം ഭാഗത്തിന്റെ ഹിന്ദി പതിപ്പാണ് നിലവിൽ ചിത്രീകരണത്തിലുള്ള പനോരമ സ്റ്റുഡിയോസിന്റെ ചിത്രം.
'സർവ്വം മായ' ആണ് നിവിന്റേതായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം. 100 കോടിയിലധികം രൂപയാണ് സിനിമ ഇതിനകം നേടിയിരിക്കുന്നത്. നിവിൻ പോളിയുടെ കരിയറിലെ ആദ്യ 100 കോടി ചിത്രമാണിത്. അഖിൽ സത്യൻ സംവിധാനം ചെയ്ത സിനിമയിൽ റിയ ഷിബു, പ്രീതി മുകുന്ദൻ എന്നിവരാണ് നായികമാർ.
അജു വർഗീസ്, ജനാർദ്ദനൻ, രഘുനാഥ് പലേരി, മധു വാര്യർ, അൽത്താഫ് സലിം, പ്രീതി മുകുന്ദൻ തുടങ്ങി ഒരു വലിയ താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഫയർഫ്ളൈ ഫിലിംസിന്റെ ബാനറിൽ അജയ്യ കുമാർ, രാജീവ് മേനോൻ എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്.