പടയിൽ രാഷ്ട്രീയം കോംപ്രമൈസ് ചെയ്തിട്ടില്ല, കമ്മട്ടിപ്പാടവും ഈമയൗവ്വും ഇഷ്ടമാണ്; തുറമുഖത്തിനായി കാത്തിരിക്കുന്നുവെന്ന് പാ രഞ്ജിത്

പടയിൽ രാഷ്ട്രീയം കോംപ്രമൈസ് ചെയ്തിട്ടില്ല, കമ്മട്ടിപ്പാടവും ഈമയൗവ്വും ഇഷ്ടമാണ്; തുറമുഖത്തിനായി കാത്തിരിക്കുന്നുവെന്ന് പാ രഞ്ജിത്

കെ എം കമൽ സംവിധാനം ചെയ്‌ത പട ഇഷ്ട്ടപ്പെടാനുള്ള കാരണം വ്യക്തമാക്കി പാ രഞ്ജിത്. പടയുടെ രാഷ്ട്രീയത്തിൽ കോംപ്രമൈസുകൾ ചെയ്തിട്ടില്ല. ചിത്രത്തിൽ ഒരു ഡയലോ​ഗുണ്ട് കമ്മ്യൂണിസ്റ്റുകാരും കോൺ‍​ഗ്രസുകാരും മാറി മാറി ഭരിച്ചിട്ടും ആദിവാസികൾക്ക് ഇപ്പോഴും ഭൂമി ലഭിച്ചിട്ടില്ല. പടയുടെ സംവിധായകന്‍ കമ്മ്യൂണിസ്റ്റ് പശ്ചാത്തലമുള്ളയാളാണെന്നാണ് മനസിലാക്കുന്നത്. എന്നാലും ആ വിമര്‍ശനങ്ങളില്‍ ഒരു നേരുണ്ട്. അതാണ് എനിക്ക് ഇഷ്ടപ്പെട്ടത്. ആ വാക്കുകളിലും സിനിമയിലും നേരുണ്ട്. തന്റെ പുതിയ ചിത്രമായ നച്ചത്തിരം നഗര്‍ഗിരത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് കേരളത്തിലെത്തി മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു പാ രഞ്ജിത്തിന്റെ പ്രതികരണം.

രാജീവ് രവിയുടെ കമ്മട്ടിപ്പാടം ഇഷ്ട്ടമുള്ള സിനിമയാണ്, തുറമുഖത്തിനായി ഞാന്‍ കാത്തിരിക്കുകയാണ്. അതുപോലെ തന്നെ വളരെ പ്രോഗ്രെസ്സിവായ സിനിമകളും മലയാളത്തിലുണ്ട്. ഇ മ യൗ ഇഷ്ട്ടമുള്ള ഒരു സിനിമയാണ്. വളരെ ലളിതമായാണ് ജീവിതത്തെ സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നതെന്നും പാ രജിത്ത് പറഞ്ഞു.

ഇവിടെ കമ്മ്യൂണിസത്തിനു വലിയൊരു ചരിത്രമുണ്ട്. കമ്മ്യൂണിസ്റ്റ് സിനിമകള്‍ക്കും, സംവിധായകര്‍ക്കും, കലകള്‍ക്കും ഇവിടെയൊരു ബാക്ഗ്രൗണ്ടുണ്ട്. അത് വളരെ നല്ലൊരു കാര്യമായാണ് ഞാന്‍ കാണുന്നത്. ഇവിടെ അംബേദ്കര്‍ ആശയങ്ങള്‍ കൂടെ വരേണ്ടതുണ്ടെന്ന് ഞാന്‍ കരുതുന്നുവെന്നും പാ രഞ്ജിത് അഭിപ്രായപ്പെട്ടു.

കെ എം കമൽ രചനയും സംവിധാനവും നിർവഹിച്ച പട, മലയാള സിനിമകളിലെ മികച്ച പൊളിറ്റിക്കൽ ത്രില്ലറുകളിൽ ഒന്നാണ്. കുഞ്ചാക്കോ ബോബൻ, വിനായകൻ, ജോജു ജോർജ്, ദിലീഷ് പോത്തൻ, അർജുൻ രാധാകൃഷ്ണൻ എന്നിവർ സിനിമയിൽ മുഖ്യ വേഷങ്ങളിലെത്തിയിരുന്നു. 1996 ൽ ആദിവാസി ഭൂമി വിഷയവുമായി ബന്ധപ്പെട്ട് അയ്യങ്കാളിപ്പട പാലക്കാട് കളക്ടറെ ബന്ദിയാക്കിയ സംഭവത്തെ അടിസ്ഥാനപ്പെടുത്തി ഒരുക്കിയ സിനിമയായിരുന്നു പട.

Related Stories

No stories found.
logo
The Cue
www.thecue.in