അയ്യങ്കാളി എന്റെ സൂപ്പര്‍ഹീറോ; ബയോപിക് ചെയ്യണമെന്ന് ആഗ്രഹമുണ്ട്: പാ രഞ്ജിത്

അയ്യങ്കാളി എന്റെ സൂപ്പര്‍ഹീറോ; ബയോപിക് ചെയ്യണമെന്ന് ആഗ്രഹമുണ്ട്: പാ രഞ്ജിത്

അയ്യങ്കാളി തന്റെ സൂപ്പര്‍ഹീറോ ആണെന്ന് സംവിധായകന്‍ പാ രഞ്ജിത്. ഒരു സിനിമാക്കഥക്ക് തക്കതായ സാഹസികതകളാണ് അയ്യങ്കാളി ചെയ്തിട്ടുള്ളതെന്നും, തന്റെ സിനിമകളില്‍ അവരുടെയെല്ലാം റെഫറന്‍സ് തീര്‍ച്ചയായും ഉണ്ടായിരിക്കുമെന്നും ദ ക്യുവുമായി നടത്തിയ അഭിമുഖത്തില്‍ പാ രഞ്ജിത് പറഞ്ഞു.

'അയ്യങ്കാളി എനിക്കൊരു സൂപ്പര്‍ ഹീറോ ആണ്. ആ കാലഘട്ടത്തില്‍ ഒരു കാളവണ്ടിയില്‍ കയ്യില്‍ ദണ്ഡും കത്തിയുമായി തെരുവിലൂടെ പോകുന്നതും, ധൈര്യമുള്ളവര്‍ക്ക് വണ്ടി വന്നു തൊടാമെന്ന നിലയില്‍ വളരെ ഹീറോയിക് ആയി നിന്നിട്ടുള്ള സംഭവങ്ങളുമെല്ലാം അയ്യങ്കാളിയുടെ ജീവിതത്തില്‍ നടന്നിട്ടുണ്ട്. ആ കാലഘട്ടത്തില്‍ അതൊന്നും അത്ര എളുപ്പമുള്ള കാര്യമല്ല. അത്രയും ഭയാനകമായ സംഭവങ്ങളെല്ലാം അയ്യന്‍കാളിയുടെ ജീവിതത്തില്‍ സംഭവിച്ചിട്ടുണ്ട്. അതെല്ലാം ഒരുപാട് സിനിമകഥകള്‍ക്കുള്ള സാധ്യതകള്‍ അവരുടെ ജീവിതത്തില്‍ തന്നെയുണ്ട്.

ഞാന്‍ സിനിമയെടുക്കുമ്പോള്‍ അങ്ങനെ ഒരുപാടു പേര്‍ എന്നെ സ്വാധീനിക്കാറുണ്ട്. അയ്യങ്കാളിയുണ്ട്, തമിഴില്‍ ശ്രീനിവാസനുണ്ട്, അയോധ്യദാസ് പണ്ഡിതറുണ്ട്. ജാതീയതക്കെതിരെയുള്ള സമൂഹത്തിനായി നിലകൊണ്ട ഒരുപാടുപേരുണ്ട്, അവരെല്ലാവരും എന്റെ ഹീറോസ് ആണ്. എന്തായാലും അയ്യന്‍കാളിയുടെ റെഫറന്‍സസും സിനിമകളില്‍ ഉണ്ടായിരിക്കും. അതത്ര സാധാരണ കാര്യമല്ലല്ലോ' എന്ന് പാ രഞ്ജിത്ത് അഭിപ്രായപ്പെട്ടു.

'ഒരുപാട് ബയോപ്പിക്കുകള്‍ എടുക്കണം എന്ന ആഗ്രഹം എനിക്കുണ്ട്. അതില്‍ തീര്‍ച്ചയായും അയ്യങ്കാളിയുടേതും ഉണ്ട്. ഞാന്‍ മുന്‍പുതന്നെ അവരുടെ ആശയങ്ങളെക്കുറിച്ചും ചരിത്രത്തെകുറിച്ചുമെല്ലാം പഠിച്ചിട്ടുണ്ട്. അതെല്ലാം അത്രയും ഭയങ്കരമായിരുന്നു. അതെപ്പോള്‍ നടക്കും എന്നറിയില്ല' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തമിഴ് സിനിമാലോകത്തേക്ക് ജാതിരാഷ്ട്രീയത്തിന്റെ ആവിഷ്‌ക്കാര സാധ്യതകള്‍ തുറന്നിട്ട സംവിധായകനാണ് പാ രഞ്ജിത്. കാളിദാസ് നായകനാവുന്ന ഏറ്റവും പുതിയ സിനിമയായ നച്ചത്തിരം നഗര്‍ഗിരത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് കൊച്ചിയിലെത്തി സംസാരിക്കുകയായിരുന്നു പാ രഞ്ജിത്ത്. പ്രണയത്തിന്റെ രാഷ്ട്രീയം സംസാരിക്കുന്ന സിനിമ ഓഗസ്‌റ് 31ന് റിലീസ് ആവുകയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in