ആദിവാസികള്‍ക്കും ദളിതര്‍ക്കും അവകാശപ്പെട്ട ഭൂമി തിരികെ നല്‍കണം: 'പട'യെ പ്രശംസിച്ച് പാ രഞ്ജിത്ത്

ആദിവാസികള്‍ക്കും ദളിതര്‍ക്കും അവകാശപ്പെട്ട ഭൂമി തിരികെ നല്‍കണം: 'പട'യെ പ്രശംസിച്ച് പാ രഞ്ജിത്ത്

കെ.എം കമല്‍ സംവിധാനം ചെയ്ത പട എന്ന ചിത്രത്തെ പ്രശംസിച്ച് സംവിധായകന്‍ പാ രഞ്ജിത്ത്. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ള ചിത്രത്തില്‍ സംഭവങ്ങളുടെ സത്യാവസ്തയില്‍ ഒട്ടും വിട്ടുവീഴ്ച്ച വരുത്താതെ ചിത്രീകരിച്ചത് ശരിക്കും അഭിനന്ദാര്‍ഹമാണെന്ന് പാ രഞ്ജിത്ത് ട്വീറ്റ് ചെയ്തു. ആദിവാസികള്‍ക്കും ദളിതര്‍ക്കും അവകാശപ്പെട്ട ഭൂമി തിരികെ നല്‍കാന്‍ നമ്മള്‍ പൊരുതേണ്ടതുണ്ടെന്നും പാ രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു.

പാ രഞ്ജിത്തിന്റെ വാക്കുകള്‍:

പട വളരെ മികച്ച രീതിയിലാണ് കെ എം കമല്‍ പറഞ്ഞുവെച്ചിരിക്കുന്നത്. ചിത്രത്തിന്റെ സ്‌ക്രീന്‍ പ്ലേ തന്നെയാണ് അതിന്റെ പ്രത്യേകകതയും. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ള ചിത്രത്തില്‍ സംഭവങ്ങളുടെ സത്യാവസ്തയില്‍ ഒട്ടും വിട്ടുവീഴ്ച്ച വരുത്താതെ ചിത്രീകരിച്ചത് ശരിക്കും അഭിനന്ദാര്‍ഹമാണ്. ആദിവാസികള്‍ക്കും ദളിതര്‍ക്കും അവകാശപ്പെട്ട ഭൂമി അവര്‍ക്ക് തിരികെ നല്‍കുക തന്നെ ചെയ്യണം. അതിനായി നമ്മള്‍ എല്ലാവരും പൊരുതുക തന്നെ വേണം.

ചിത്രത്തിലെ അഭിനേതാക്കളെല്ലാം തന്നെ മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചിരിക്കുന്നത്. പ്രേക്ഷകരുമായി ചേര്‍ന്ന് നില്‍ക്കുന്ന ഇത്തരമൊരു സിനിമ നിര്‍മ്മിച്ചതിന് അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍.

പാ രഞ്ജിത്തിന്റെ ട്വീറ്റ് പങ്കുവെച്ച് സംവിധായകന്‍ കമല്‍ നന്ദി അറിയിക്കുകയും ചെയ്തു. 'നന്ദി തോഴാ' എന്നാണ് കമല്‍ ട്വീറ്റ് പങ്കുവെച്ച് കുറിച്ചത്. മാര്‍ച്ച് 11നാണ് പട തിയേറ്ററിലൂടെ പ്രേക്ഷകരിലേക്ക് എത്തിയത്. പ്രേക്ഷകരില്‍ നിന്നും സിനിമ മേഖലയില്‍ നിന്നും ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. കുഞ്ചാക്കോ ബോബന്‍, വിനായകന്‍, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍.

1996ല്‍ പാലക്കാട് കളക്ട്രേറ്റില്‍ അയ്യങ്കാളി പടയിലെ അംഗങ്ങളായ നാല് യുവാക്കള്‍ കളക്ടറെ ബന്ദിയാക്കിയ സംഭവത്തെ ആസ്പദമാക്കിയാണ് കെ എം കമല്‍ പട ഒരുക്കിയിരിക്കുന്നത്. ആദിവാസി ഭൂനിയമം അട്ടിമറിച്ചുള്ള ഭേദഗതിക്കെതിരെയായിരുന്നു അയ്യങ്കാളിപ്പടയുടെ പ്രതിഷേധം.

Related Stories

No stories found.
logo
The Cue
www.thecue.in