'കൂഴങ്കല്‍' ഓസ്‌കാറില്‍ നിന്ന് പുറത്ത്

'കൂഴങ്കല്‍' ഓസ്‌കാറില്‍ നിന്ന് പുറത്ത്

2022 ഓസ്‌കാര്‍ പുരസ്‌കാരത്തില്‍ ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ട തമിഴ് ചിത്രം കൂഴങ്കല്‍ അവസാന പട്ടികയില്‍ നിന്ന് പുറത്തായി. ചിത്രത്തിന്റെ നിര്‍മ്മാതാവായ വിഗ്നേഷ് ശിവനാണ് ഇക്കാര്യം പുറത്തുവിട്ടത്. അക്കാഡമി പുരസ്‌കാരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളുടെ ഷോര്‍ട്ട് ലിസ്റ്റ് പങ്കുവെച്ച് കൊണ്ടാണ് വിഗ്നേഷ് കൂഴങ്കല്‍ പുറത്തായ വിവരം അറിയിച്ചത്.

'ഈ പട്ടികയില്‍ കൂഴങ്കല്‍ ഉണ്ടോ എന്ന് നോക്കാന്‍ സാധിച്ചത് തന്നെ വലിയ നേട്ടമായി കണക്കാക്കുന്നു. പട്ടികയില്‍ ഇടം നേടിയിരുന്നെങ്കില്‍ അത് വലിയൊരു അനുഭവമായേനെ. ഈ അവസരത്തില്‍ ഇത്രയും നിഷ്‌കളങ്കമായ സിനിമ സംവിധാനം ചെയ്തതിന് വിനോത് രാജയോട് നന്ദി പറയുന്നു. ഞങ്ങളുടെ സിനിമ ഓസ്‌കാര്‍ എന്‍ട്രിയായി തിരഞ്ഞെടുത്ത ഇന്ത്യന്‍ ജൂറി അംഗങ്ങള്‍ക്കും നന്ദി.' - എന്നാണ് വിഗ്നേഷ് ശിവന്‍ ട്വീറ്റ് ചെയ്തത്.

നയന്‍താരയും വിഗ്‌നേഷ് ശിവനുമാണ് കൂഴങ്കല്ലിന്റെ നിര്‍മ്മാതാക്കള്‍. നവാഗതനായ പി എസ് വിനോദ് രാജാണ് ചിത്രത്തിന്റെ സംവിധായകന്‍. യുവന്‍ ശങ്കര്‍ രാജയാണ് സംഗീത സംവിധാനം.

മദ്യപാനാസക്തിയുള്ള ഗണപതിയുടെയും മകന്‍ വേലുവിന്റെയും കഥയാണ് കൂഴങ്കല്‍. വീട് വിട്ട് പോയ അമ്മയെ തിരികെ കൊണ്ട് വരാനുള്ള വേലുവിന്റെയും അച്ഛന്റെയും യാത്രയിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. ഇതിന് മുമ്പും നിരവധി ഫിലിം ഫെസ്റ്റിവലുകളില്‍ ചിത്രത്തിന് അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in