എന്റർടെയ്ൻമെന്റ് ടാക്‌സ് നിർത്തലാക്കണം, ഒടിടി റിലീസ് 90 ദിവസത്തിന് ശേഷം മാത്രം; സർക്കാരിന് മുന്നിൽ ആവശ്യങ്ങളുമായി ഫിയോക്

എന്റർടെയ്ൻമെന്റ് ടാക്‌സ് നിർത്തലാക്കണം, ഒടിടി റിലീസ് 90 ദിവസത്തിന് ശേഷം മാത്രം; സർക്കാരിന് മുന്നിൽ ആവശ്യങ്ങളുമായി ഫിയോക്

മലയാള സിനിമയുടെ ഒടിടി റിലീസിന് വ്യവസ്ഥയുണ്ടാക്കുന്നതിൽ നിയമനിർമാണത്തിനായി സർക്കാർ വിളിച്ച സിനിമ സംഘടനകളുടെ യോഗം മാറ്റി വച്ചു. പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്റെ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് യോഗം മാറ്റിവച്ചത്. കഴിഞ്ഞ ആറുമാസമായി ഫിയോക്ക് ശ്രമിച്ചുകൊണ്ടിരിക്കുന്ന കാര്യമാണ് ഗവർൺമെന്റുമായുള്ള യോഗം എന്നും ഒടിടിയുമായി ബന്ധപ്പെട്ട കാര്യങ്ങളടക്കം നിരവധി പ്രശ്‌നങ്ങൾ പരാതിയിൽ ബോധിപ്പിച്ചിട്ടുണ്ടെന്നും തിയറ്ററുടമകളുടെ സംഘടനയായ ഫിയോക്കിന്റെ പ്രസിഡന്റ് കെ.വിജയകുമാർ പറയുന്നു. 42 ദിവസം എന്നത് താൽക്കാലികമായ ആവശ്യമാണെന്നും 90 ദിവസമാണ് വേണ്ടതെന്നും കെ.വിജയകുമാർ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

ഫിയോക്കിന്റെ പരാതിയിൽ ഉന്നയിക്കുന്ന പ്രധാനപ്പെട്ട കാര്യങ്ങൾ

* തിയറ്റർ റിലീസിന് ശേഷം ഏത് സിനിമയും ഒടിടി പ്ലാറ്റ്‌ഫോമുകളിലേക്ക് വരുന്ന ദൈർഘ്യം മിനിമം 90 ദിവസങ്ങളായി മാറ്റണം.

* ഫയർ ആൻഡ് റെസ്ക്യുവിന്റെയും പിഡബ്ല്യുഡിയുടെയും ഇലക്ട്രിസിറ്റിയുടെയും പുതിയ നിബന്ധനകൾ പ്രകാരം കേരളത്തിൽ നിലവിലുള്ള 85 ശതമാനത്തോളം വരുന്ന തിയറ്ററുകൾക്ക് ലൈസൻസ് റിന്യു ചെയ്ത് കിട്ടില്ല. മിനിമം മൂന്നോ നാലോ സീറ്റുകൾക്ക് ഒരു പാർക്കിങ്ങ് ലോട്ട് നൽകണമെന്നും ഫയറിന്റെ ലൈസൻസ് വേണമെന്നുണ്ടെങ്കിൽ പതിനായിരം അല്ലെങ്കിൽ ഒരു ലക്ഷം ലിറ്റർ കപ്പാസറ്റിയുളള വാട്ടർ ടാങ്ക് വേണമെന്നുമാണ് പറയുന്നത്. കഷ്ടിച്ച് സ്ഥലം മാത്രമുള്ള തിയറ്ററുകൾക്ക് ഇത് എങ്ങനെയാണ് ചെയ്യാൻ കഴിയുന്നത്. ഇത്തരം ആവശ്യങ്ങൾ അവിടെ നടപ്പാക്കാൻ സാധിക്കില്ല. എന്നാൽ നിലനിൽക്കുന്ന തിയറ്ററുകളുടെ ഘടനയ്ക്ക് അനുസരിച്ച് നിയമ മാറ്റങ്ങൾ വരുത്തി ചെയ്യാൻ തയ്യാറാണ്.

* എന്റർടെയ്ൻമെന്റ് ടാക്‌സ് പൂർണ്ണമായിട്ടും നിർത്തലാക്കണം, വൺ കൺട്രീ വൺ ടാക്‌സ് എന്ന നിലയിലാണ് ജിഎസ്ടി നിലവിൽ വന്നത്. നിലവിൽ സിനിമയിൽ നിന്ന് മിനിമം പതിനെട്ട് ശതമാനം ടാക്‌സാണ് ഈടാക്കുന്നത്. പതിനെട്ട് മുതൽ ഇരുപതെട്ട് ശതമാനം ടാക്‌സാണ് ഗവൺമെന്റ് ഈടാക്കിക്കൊണ്ടിരിക്കുന്നത്. അതിന്റെ പുറത്താണ് 5 മുതൽ 8 ശതമാനത്തോളം വരുന്ന എന്റർടെയ്ൻമെന്റ് ടാക്‌സ്. ഒരിക്കലും ഇന്നത്തെ അവസ്ഥയിൽ സിനിമയ്ക്ക് ഇത് താങ്ങാനാവില്ല. അത് പൂർണ്ണമായിട്ടും ഒഴിവാക്കിതരണം.

* സിനിമ തിയറ്ററുകൾക്ക് ഒരു ടിക്കറ്റിന് മിനിമം അഞ്ച് രൂപ സർവ്വീസ് ചാർജ് ഏർപ്പെടുത്തണം. നിലവിൽ മൂന്ന് രൂപയാണുള്ളത്. ഒരു തിയറ്ററിൽ 50 ശതമാനത്തിന് മേൽ ഒക്ക്യുപെൻസി വന്നുകൊണ്ടിരുന്നപ്പോൾ ഈ മൂന്ന് രൂപ ധാരാളമായിരുന്നു. പക്ഷേ ഇന്ന് ഒരു തിയറ്ററിന് 5 ശതമാനത്തിൽ താഴെയാണ് ഒക്ക്യുപെൻസി. അങ്ങനെയുള്ളിടത്ത് 3 രൂപ സർവ്വീസ് ചാർജ് കൊണ്ട് ഒന്നും ചെയ്യാൻ സാധിക്കില്ല. മിനിമം അത് അഞ്ച് രൂപയാക്കി മാറ്റണം.

ഇത്രയേറെ പ്രശ്‌നങ്ങൾ പരാതിയിൽ ഉണ്ടെങ്കിലും പ്രധാനമായി ചർച്ച ചെയ്യുക ഒടിടിയെക്കുറിച്ചായിരിക്കും. നിലവിൽ നിശ്ചയിച്ച തീയതിയിൽ പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്റെ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ പ്രൊഡ്യുസേഴ്‌സിനോ ഫിലിം ചേമ്പറിനോ യോഗത്തിൽ പങ്കെടുക്കാൻ സാധിക്കില്ലെന്നത് കൊണ്ട് ഫിയോക്ക് ആവശ്യപ്പെട്ട പ്രകാരമാണ് യോഗം മാറ്റിവച്ചതെന്ന് കെ. വിജയകുമാർ പറഞ്ഞു.

പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്റെ തെരഞ്ഞെടുപ്പായത് കൊണ്ട് പ്രൊഡ്യുസേഴ്‌സിനോ ഫിലിം ചേമ്പറിനോ യോഗത്തിൽ പങ്കെടുക്കാൻ സാധിക്കില്ല, എക്‌സിബിറ്റേഴ്‌സ് മാത്രം ചർച്ച നടത്തിയാൽ അത് ഏകപക്ഷീയമായി മാറിപ്പോകും എന്നതിനാൽ ഫിയോക്ക് തന്നെ ആവശ്യപ്പെട്ടിട്ടാണ് ചർച്ച മാറ്റി വച്ചത്.

കെ. വിജയകുമാർ

കഴിഞ്ഞ ആറ് മാസമായി ഗവൺമെന്റുമായൊരു മീറ്റിംഗിന് ഫിയോക്ക് ശ്രമിക്കുന്നുണ്ട്. അന്ന് ഫിയോക്ക് ആവശ്യപ്പെട്ട കാര്യമാണ് 42 ദിവസം എന്നത്. പക്ഷേ ദിവസം കഴിയും തോറും സിനിമകൾ പരാജയപ്പെട്ട് വരുന്ന ഈയൊരു സാഹചര്യത്തിൽ അതിന്റെ കാരണം ഒടിടികളാണ് എന്നാണ് ഞങ്ങൾ മനസ്സിലാക്കുന്നത്. ചെറിയ സിനിമകൾ പ്രേക്ഷകർക്ക് ഫോണിൽക്കൂടിയോ ടിവിയിൽക്കൂടിയോ കാണാൻ ആണ് ആഗ്രഹം. അതുകൊണ്ട് തന്നെ ചെറിയ സിനിമകൾ ഒരിക്കലും താത്ക്കാലികമായി ഒരു പതിനഞ്ചോ ഇതുപതോ ദിവസം വച്ച് ഒടിടിക്ക് വിടില്ല എന്ന ഉറപ്പ് ഉണ്ടാകണം. പൊതുവായിട്ട് 90 ദിവസമാണ് ഒരു പ്ലാറ്റ്‌ഫോമിന് കൊടുക്കേണ്ട സമയമായി ചർച്ച ചെയ്യുന്നതും ആ ഒരു ഡിമാന്റ് തന്നെയാണ് ചർച്ചയ്ക്ക് വച്ചിരിക്കുന്നതും.

ഗവൺമെന്റ് മീറ്റിംഗ് വിളിച്ചു എന്നത് തിയറ്ററുടമകൾക്ക് വേണ്ടി സർക്കാരിന്റെ ഭാഗത്ത് നിന്നും പോസിറ്റീവ് ആയിട്ടുള്ള ഒരു തീരുമാനം ആണെന്നൊന്നും പറയാൻ സാധിക്കില്ലെന്ന് വിജയകുമാർ പറയുന്നു. ഈ മീറ്റിംഗ് തന്നെ ഫിയോക്ക് ആവശ്യപ്പെട്ടത് പ്രകാരമാണ് വിളിച്ചിരിക്കുന്നത്. സിനിമയക്കോ അല്ലെങ്കിൽ സിനിമ തിയറ്ററുകൾക്കോ ഉണ്ടാകുന്ന പ്രതിസന്ധി ഫിയോക്കിനെക്കാൾ ഗവൺമെന്റാണ് മനസ്സിലാക്കേണ്ടത്. ഒരു സിനിമയുടെ ടോട്ടലിൽ നിന്ന് ഇരുപത് മുപ്പത് ശതമാനമാണ് തിയറ്ററുകൾ ഗവൺമെന്റിലേക്ക് അടയ്ക്കുന്നത്. ഒരു ടിക്കറ്റിന് മേൽകിട്ടുന്ന രണ്ടു രുപ ക്ഷേമനിധി ബോർഡിൽ അടയ്ക്കുന്നത് കൊണ്ടു മാത്രമാണ് അവശകലാകരാന്മാർക്ക് മാസമാസം ഗവൺമെന്റിന് പെൻഷൻ കൊടുക്കാൻ സാധിക്കുന്നത്. ഇതിനൊക്കെ ഒരു കുറവുണ്ടായാൽ സിനിമ മേഖലയ്ക്കും ഗവൺമെന്റിനും ഒരുപോലെ പ്രശ്‌നമാണ്. അവരുടെ സാമ്പത്തിക സ്രോതസ്സും വലിയ രീതിയിലാണ് ഇടിയുന്നത്. ഈ ആറ് മാസത്തിനകം ഗവൺമെന്റിന് കൊടുത്തിരിക്കുന്ന ടാക്‌സ് ഒരു തിയറ്ററുടമയ്ക്കും ലാഭകരമായിട്ട് വന്നിട്ടില്ല. അതുകൊണ്ട് തന്നെ ഫിയോക്ക് ആവശ്യപ്പെടും മുമ്പ് ഗവൺമെന്റ് ഇങ്ങനെയൊരു ചർച്ചയ്‌ക്കോ അനുബന്ധപ്പെട്ടവരുമായിട്ട് ഒരു യോഗമോ സംഘടിപ്പിക്കാൻ തയ്യാറാവേണ്ടതായിരുന്നു.

സിനിമ പ്രതിസന്ധികൾ തരണം ചെയ്യാനായിട്ടോ അല്ലെങ്കിൽ അതിനെ പരിഹരിക്കാനായിട്ടോ എന്ത് വേണം എന്ന് തീരുമാനിക്കാനോ ചർച്ച ചെയ്യാനോ ഉള്ള തത്പര്യം കൊണ്ടല്ല അവർ വിളിച്ചിരിക്കുന്നത്. ഫിയോക്കിന്റെ നിരന്തരമായ ആവശ്യമാണ് ഇപ്പോൾ ഈ ചർച്ചയ്ക്ക് ഗവൺമെന്റിനെ പ്രേരിപ്പിച്ചത്. അത് അങ്ങനെയല്ല വേണ്ടത്.

കെ വിജയകുമാർ

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ, ഡിസ്ട്രീബ്യൂട്ടേഴ്‌സ് അസോസിയേഷൻ, ഫിലിം ചേംബർ, ഫിയോക്ക് തുടങ്ങിയ സംഘടനകളെയായിരുന്നു മുഖ്യമന്ത്രി നേരിട്ട് വിളിച്ച് ചേർക്കുന്ന യോഗത്തിൽ പങ്കെടുക്കാനായി വിളച്ചത്. ഈ മാസം നടക്കുന്ന പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്റെ തെരെഞ്ഞെടുപ്പ് മൂലം മാറ്റി വച്ച യോഗത്തിന്റെ തീയതി ഇതുവരെ തീരുമാനമായിട്ടില്ല.

Related Stories

No stories found.
logo
The Cue
www.thecue.in