ഒടിടി ഇത്ര വേ​ഗത്തിൽ വേണ്ട, 2018 സിനിമയുടെ ഒ ടി ടി റിലീസിനെതിരെ തിയറ്റർ സംഘടനകൾ

ഒടിടി ഇത്ര വേ​ഗത്തിൽ വേണ്ട, 2018 സിനിമയുടെ ഒ ടി ടി റിലീസിനെതിരെ തിയറ്റർ സംഘടനകൾ

തിയറ്ററിൽ പ്രദർശനത്തിനെത്തുന്ന സിനിമകളുടെ ഒടിടി റിലീസിനെ ചൊല്ലി വീണ്ടും തർക്കം. റിലീസിനെത്തി ഒരു മാസത്തിനകം സിനിമകൾ ഒടിടിയിൽ പ്രദർശിപ്പിക്കുന്നതിനെതിരെ സംയുക്ത യോ​ഗം ചേരുകയാണ് തിയറ്ററുടമകളുടെ സംഘടനകളായ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷനും, ഫിയോകും. തിയറ്റർ സംഘടനകളുടെ പിളർപ്പിന് ശേഷം ഫിയോകും ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷനും തിയറ്റർ പ്രതിസന്ധിയിൽ ഒന്നിച്ച് യോ​ഗം ചേരുന്നത് ഇതാദ്യമാണ്. ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ പിളർന്നാണ് ഫിയോക് രൂപം കൊണ്ടത്.

ഫിയോക് നേതൃത്വം നൽകുന്ന യോ​ഗത്തിൽ ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രതിനിധികളും നിർമ്മാതാക്കളുടെ സംഘടന പ്രൊഡ്യൂസേഴ്സ് അസോസിയേഷനും പങ്കെടുക്കുന്നുണ്ട്. കൊച്ചിയിലാണ് യോ​ഗം ചേരുന്നത്.

മലയാളത്തിലെ ഏറ്റവും ഉയർന്ന തിയറ്റർ കളക്ഷനുമായി പ്രദർശനം തുടരുന്ന 2018 എന്ന സിനിമ ജൂൺ7ന് ഒടിടി റിലീസ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തിയറ്റർ-ഒടിടി തർക്കം വീണ്ടും ഉടലെടുത്തത്. തിയറ്റർ ​മികച്ച കളക്ഷനും ഹൗസ് ഫുൾ ഷോകളുമായി പ്രദർശനം തുടരുന്ന സിനിമയ്ക്ക് ഒടിടി റിലീസ് പ്രഖ്യാപനത്തിന് പിന്നാലെ കളക്ഷൻ ഇടിഞ്ഞിരുന്നു. സോണി ലിവ് ആണ് 2018 സ്ട്രീം ചെയ്യുന്നത്.

റിലീസിന് മൂന്ന് മാസം മുമ്പ് തന്നെ ഒടിടി അവകാശം വിറ്റതാണെന്നും ഇത്ര വലിയ ബജറ്റിൽ സിനിമ ചെയ്യുമ്പോൾ തിയറ്ററിനെ മാത്രം ആശ്രയിച്ച് നിൽക്കാവുന്നതല്ലെന്നുമായിരുന്നു നിർമ്മാതാക്കൾ ഒടിടി റിലീസിനെക്കുറിച്ച് പ്രതികരിച്ചിരുന്നത്. ജൂൺ ഒന്നിന് ഒടിടി റിലീസ് പ്ലാൻ ചെയ്തിരുന്ന 2018ന് ഒരാഴ്ച കൂടി ഇളവ് സോണി ലിവ് നൽകുകയായിരുന്നുവെന്നും വാർത്തകൾ വന്നിരുന്നു. '2018 എവരിവൺ ഈസ് എ ഹീറോ', 'പാച്ചുവും അത്ഭുതവിളക്കും' എന്നീ ചിത്രങ്ങൾ തിയറ്ററുകളിൽ പ്രദർശനം തുടരെ തന്നെ ഒടിടി പ്ലാറ്റ്ഫോമുകൾക്ക് നൽകിയത് കളക്ഷനെ സാരമായി ബാധിച്ചെന്നാണ് തിയറ്റർ ഉടമകളുടെ വിലയിരുത്തൽ. ഈ രീതി തുടർന്നാൽ തിയറ്റർ വ്യവസായത്തിന് പിടിച്ചുനിൽക്കാനാകാതെ വരുമെന്നും തിയറ്റർ സംഘടനകൾ വിലയിരുത്തുന്നു. 25 മുതൽ 30 ദിവസത്തിനുള്ളിൽ ഒടിടി റിലീസ് എന്നതിന് പകരം 42 ദിവസം വരെ ഒടിടി സ്ട്രീമിം​ഗ് അനുവദിക്കരുതെന്നാണ് തിയറ്റർ സംഘടനകളുടെ ആവശ്യം. നേരത്തെയും ഇക്കാര്യത്തിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷനും വിതരണക്കാരുടെ സംഘടന ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനും ഫിയോകും ചർച്ച നടത്തിയിരുന്നു.

2023 നാല് മാസം പിന്നിട്ടപ്പോൾ നൂറോളം റിലീസ് സിനിമകളിൽ രോമാഞ്ചം എന്ന സിനിമ മാത്രമാണ് മികച്ച കളക്ഷൻ തിയറ്ററിൽ നിന്ന് നേടിയിരുന്നത്. ഈ സാഹചര്യം തുടരുന്നതിനിടെയാണ് 'പാച്ചുവും അത്ഭുതവിളക്കും', '2018- എവരിവൺ ഈസ് എ ഹീറോ' എന്നീ ചിത്രങ്ങൾ തിയറ്റർ മേഖല നേരിട്ടിരുന്ന പ്രതിസന്ധികൾക്ക് പരിഹാരമായി പ്രദർശനത്തിനെത്തിയത്. 2018 എന്ന ചിത്രം 25 ദിവസം കൊണ്ട് 160 കോടി ​ഗ്രോസ് കളക്ഷനും 80 കോടിക്ക് മുകളിൽ കേരളത്തിൽ നിന്ന് മാത്രമായി ​ഗ്രോസ് കളക്ഷനും നേടിയിരുന്നു. 200 കോടി കളക്ഷനിലേക്ക് ചിത്രം പ്രവേശിക്കുന്നതിനിടെയായിരുന്നു ഒടിടി റിലീസ് പ്രഖ്യാപനം.

കോവിഡ് കാലത്ത് ചിത്രീകരിച്ച സിനിമകൾ ആയതിനാൽ, ഈ രണ്ടു ചിത്രങ്ങളും തിയറ്ററുകളിൽ പ്രദർശനത്തിന് എത്തി 35 ദിവസങ്ങൾക്ക് ശേഷം ഒടിടി പ്ലാറ്റ്ഫോമുകളിൽ പ്രദർശിപ്പിക്കാനുള്ള അനുമതി തിയറ്ററുടമകൾ നൽകിയിരുന്നുവെന്നും, എന്നാൽ നിലവിൽ നല്ല കളക്ഷൻ ലഭിക്കുന്ന ഈ രണ്ടു ചിത്രങ്ങളും ഒടിടിയിൽ നൽകുമ്പോൾ അത് തിയറ്റർ മേഖലയെ വീണ്ടും പ്രതിസന്ധിയിലാക്കുമെന്ന് ലിബർട്ടി ബഷീർ ക്യു സ്റ്റുഡിയോയോട് പറഞ്ഞു. ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് കീഴിലുള്ള തിയറ്ററുകളിൽ ചിത്രങ്ങൾ പ്രദർശനം തുടരുമെന്നും ലിബർട്ടി ബഷീർ അറിയിച്ചു. മറ്റു ചിത്രങ്ങൾ തിയറ്ററുകളിൽ പ്രദർശനത്തിനെത്തിയ ശേഷം നാല്പത്തഞ്ച് ദിവസങ്ങൾക്ക് ശേഷം മാത്രമേ ഒടിടി പ്ലാറ്റ്ഫോമുകളിൽ പ്രദർശിപ്പിക്കാൻ കഴിയൂ എന്ന നിബന്ധന കർശനമാക്കുമെന്നും ലിബർട്ടി ബഷീർ പറഞ്ഞു.

കോവിഡ് കാലത്ത് ഷൂട്ട് ചെയ്ത സിനിമകൾ ആകുന്നത് കൊണ്ട്, 35 ദിവസം കഴിഞ്ഞാൽ ഒടിടിയിൽ പ്രദർശിപ്പിക്കാം എന്ന ഇളവ് കൊടുത്തിരുന്നു. എന്നാൽ തീയേറ്ററുകളിൽ സിനിമ നല്ല രീതിയിൽ ഇപ്പോഴും കളക്ട് ചെയ്യുന്നത് കൊണ്ട്, ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ സിനിമ പ്രദർശനം തുടരും എന്നാണ് തീരുമാനിച്ചിരിക്കുന്നത്. ചില തീയേറ്ററുകൾ '2018-എവരിവൺ ഈസ് എ ഹീറോ' പ്രദർശനം നിർത്താനും തീരുമാനിച്ചിട്ടുണ്ട്. 45 ദിവസം കഴിഞ്ഞേ ഒടിടി പ്ലാറ്റ്ഫോമകൾക്ക് നൽകാൻ പാടുകയുള്ളൂ എന്ന തീരുമാനം തന്നെയാണ് സംഘടന മുന്നോട്ട് വയ്ക്കുന്നത്.

ലിബർട്ടി ബഷീർ

അഖിൽ സത്യൻ സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ നായകനായെത്തിയ 'പാച്ചുവും അത്ഭുതവിളക്കും' ആമസോൺ പ്രൈമിൽ മെയ് 26 മുതൽ ലഭ്യമാണ്. മലയാളത്തിൽ ഏറ്റവും വേഗത്തിൽ 100 കോടി നേടുന്ന ചിത്രം കൂടിയാണ് '2018 എവരിവൺ ഈസ് എ ഹീറോ'. 2018ലെ കേരളത്തിലെ പ്രളയം പശ്ചാത്തലമാക്കിയൊരുക്കിയ ചിത്രം മെയ് അഞ്ചിനാണ് തിയറ്ററുകളിലെത്തിയത്.

Related Stories

No stories found.
logo
The Cue
www.thecue.in