സിനിമകളിലെ ആക്ഷന്‍ രംഗങ്ങള്‍ കോറിയോഗ്രാഫി ചെയ്യുന്നവര്‍ക്കും ഇനി ഓസ്കര്‍ പുരസ്കാരം. 2028 മുതൽ സ്റ്റണ്ട്മാൻമാരുടെ പ്രയത്നത്തിനെ അംഗീകരിക്കാൻ തീരുമാനിച്ചതായി ദി അക്കാദമി ഓഫ് ദി മോഷൻ പിക്ച്ചർ ആർട്ട്സ് ആൻഡ് സയൻസസ് ഡയറക്ടർ ബോർഡ് അറിയിച്ചു. സിനിമയിലെ സ്റ്റണ്ട് വർക്കിന് സിനിമയോളം തന്നെ പഴക്കമുണ്ട്. എന്നാൽ സിനിമയിലെ ഏറ്റവും അപകടകരമായ ജോലിക്ക് അംഗീകാരം നൽകാനുള്ള തീരുമാനത്തിന് ഒരു നൂറ്റാണ്ട് കാത്തിരിക്കേണ്ടി വന്നു. സിനിമയെന്ന മാജിക്കിന്റെ ഭാഗമായ സംഘട്ടന രംഗങ്ങള്‍ ഇനി ഓസ്കറിന്റെയും ഭാഗമാകുന്നുവെന്ന് കുറിച്ചാണ് അക്കാദമിയുടെ പ്രഖ്യാപനം.രാജമൗലി ചിത്രം RRR, മിഷന്‍ ഇംപോസിബിള്‍ എന്നീ ആക്ഷന്‍ പാക്കഡ് സിനിമകളില്‍ നിന്നുള്ള ചിത്രവും പ്രഖ്യാപനത്തിനൊപ്പം അക്കാദമി പങ്കുവച്ചിട്ടുണ്ട്.
സ്റ്റണ്ട് കൊറിയോഗ്രാഫിയെ അവാർഡിന് പരിഗണിക്കണമെന്ന ആവശ്യം ഉയർന്നിട്ട് കാലങ്ങൾ കഴിഞ്ഞിട്ടുണ്ട്. ഡെഡ്പൂൾ 2, ബുള്ളെറ്റ് ട്രെയിൻ, ഫാൾ ഗൈ, അറ്റോമിക്ക് ബ്ലോണ്ട്, ഫാസ്റ്റ് ആൻഡ് ഫ്യുരിയസ് : ഹോബ്സ് ആൻഡ് ഷോ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനും മുന്‍ സ്റ്റണ്ട് ആര്‍ട്ടിസ്റ്റുമായ ഡേവിഡ് ലീച്ച് ആണ് സ്റ്റണ്ട് വർക്കിനെ ഓസ്കറിന് പരിഗണിക്കാൻ മുൻകൈ എടുത്തത്. ലീച്ച് സംവിധാനം ചെയ്ത അവസാന ചിത്രമായ ‘ഫാൾ ഗൈ’ ഒരു സ്റ്റണ്ട്മാന്റെ ജീവിതമാണ് പ്രമേയമാക്കിയത്.
”ഴോണർ വ്യത്യാസമില്ലാതെ എല്ലാ തരം സിനിമകൾക്കും എന്തെങ്കിലും ഒരു തരം സ്റ്റണ്ട് വർക്ക് ആവശ്യമായി വരാറുണ്ട്. ബസ്റ്റർ കീറ്റൺ, ചാർളി ചാപ്ലിൻ, ഹാരോൾഡ് ലോയ്ഡ്, പോലുള്ള നടന്മാരിലൂടെയും സ്റ്റണ്ട് കോർഡിനേറ്റേഴ്‌സ്, ഡിസൈനേഴ്സ്, പെർഫോർമേഴ്‌സ് തുടങ്ങിയവരിലൂടെയും ഈ തൊഴിൽ മേഖല സിനിമയുടെ ആഴങ്ങളിൽ വേരോടിയിരിക്കുന്നു. ഈ മേഖലയിൽ പ്രവർത്തിച്ച അനേകം മഹാരഥന്മാരുടെ തോളിലേറി നിന്നുകൊണ്ട് ഇങ്ങനെയൊരു നിമിഷത്തിനു വേണ്ടി ഒരുപാട് കാലമായി യത്നിക്കുന്നു, അക്കാദമിക്ക് നന്ദി” ഡേവിഡ് ലീച്ച് പറയുന്നു,
2027ൽ റിലീസ് ചെയ്യുന്ന സിനിമകളാണ് ആദ്യ സ്റ്റണ്ട് കൊറിയോഗ്രഫി ഓസ്കറിന് പരിഗണിക്കുക. പുരസ്കാരത്തിനുള്ള വോട്ടിങ് മാനദണ്ഡങ്ങള്‍ 2027ല്‍ പ്രഖ്യാപിക്കും. അക്കാദമിയുടെ പ്രൊഡക്ഷന്‍ ആന്‍ഡ് ടെക്നോളജി വിഭാഗത്തില്‍ നൂറിലേറെ സ്റ്റണ്ട് ആര്‍ട്ടിസ്റ്റുകള്‍ അംഗമാണ്.