'താനേ പറന്നു പോകാൻ ഇതേതു വാനം വിദൂരമായ്'; 'ഒരു ചില്ലുപാത്രം' വിവേകാനന്ദന്‍ വൈറലാണ്- ലെ ആദ്യ ഗാനം

'താനേ പറന്നു പോകാൻ ഇതേതു വാനം വിദൂരമായ്'; 'ഒരു ചില്ലുപാത്രം' വിവേകാനന്ദന്‍ വൈറലാണ്- ലെ ആദ്യ ഗാനം

കമൽ സംവിധാനം ചെയ്ത് ഷെെൻ ടോം ചാക്കോ നായകനാകുന്ന വിവേകാനന്ദൻ വൈറലാണ് എന്ന ചിത്രത്തിലെ ആദ്യ ​ഗാനം പുറത്തു വിട്ട് അണിയറ പ്രവർത്തകർ. ചില്ലു പോലെ എന്ന് തുടങ്ങുന്ന ​ഗാനത്തിന്റെ സം​ഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ബിജിബാലാണ്. സിതാര കൃഷ്ണകുമാര്‍ ആലപിച്ചിരിക്കുന്ന ​ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് ബി.കെ ഹരിനാരായണനാണ്. അസിസ്റ്റന്റ് ഡയറക്ടറായി കരിയർ തുടങ്ങി പിന്നീട് മലയാളത്തിലെ തിരക്കേറിയ ചീഫ് അസോസിയേറ്റ് ഡയറക്ടറും ​ഗദ്ദാമ എന്ന ചിത്രത്തിലൂടെ ശക്തമായ കാരക്ടർ റോളുകളിലേക്കുമെത്തിയ ഷൈൻ ടോം ചാക്കോയുടെ നൂറാം ചിത്രമാണ് വിവേകാനന്ദൻ വൈറലാണ്. മലയാള സിനിമയിലെ മറ്റൊരു യുവ നടനും അഭിനയിക്കാനാവാത്ത കഥാപാത്രമാണ് ചിത്രത്തിൽ ഷെെൻ ചെയ്തിരിക്കുന്നത് എന്നും ഈ കഥാപാത്രം ധെെര്യമായി അഭിനയിക്കും എന്ന് എനിക്ക് പറയാൻ കഴിയുന്നത് ഷെെൻ ടോമിനെ മാത്രമാണെന്നുമാണ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ കമൽ പറഞ്ഞത്.

കമൽ പറഞ്ഞത്:

തിരക്കഥ എഴുതാൻ അധികം സമയം എടുത്തില്ല. എഴുതുമ്പോൾത്തന്നെ എന്റെ മനസ്സിൽ വിവേകാനന്ദൻ ആയി ഷൈൻ ടോം ചാക്കോ അല്ലാതെ വേറൊരു നടൻ വന്നില്ല എന്നുള്ളതാണ് സത്യം. കുഞ്ചാക്കോ ബോബൻ ഈ റോളിൽ അഭിനയിക്കില്ല എന്ന് ഉറപ്പാണ്. ചാക്കോച്ചനോട് ഈ കഥാപാത്രത്തെപ്പറ്റി പറഞ്ഞാൽ എന്നെ എപ്പോൾ ഓടിച്ചെന്ന് ചോദിച്ചാൽ മതി. പിന്നെ സൗബിൻ ആണ്. സൗബിൻ ഡയറക്‌ഷനുമായി വളരെ തിരക്കിലാണ്. മലയാളത്തിൽ യുവാക്കളായ ഒരുപാട് ഹീറോസ് ഉണ്ട്. ആരുടെ അടുത്ത് ചെന്നാലും ഈ റോൾ അവരാരും അഭിനയിക്കില്ല. ഇത് അഭിനയിക്കുമെന്ന് ധൈര്യമായി എനിക്ക് പറയാൻ കഴിയുന്നത് ഷൈൻ ടോം ചാക്കോയെ ആണ്. ഷൈനോട് ഞാൻ ഒരു സിനിമ പ്ലാൻ ചെയ്യുന്നുണ്ട്, നിനക്ക് എപ്പോഴാണ് സൗകര്യം എന്ന് ചോദിച്ചു. ഷൈൻ പറഞ്ഞത് സാറ് പ്ലാൻ ചെയ്തോളൂ, ഒരു മാസം മുന്നേ എന്നോട് ഒന്നു പറഞ്ഞാൽ മതി, ഞാൻ ഏത് പടം ഉണ്ടെങ്കിലും. ഒഴിവാക്കിയിട്ട് വരാം എന്നാണ്. ആ ആത്മവിശ്വാസമാണ് പെട്ടെന്ന് കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ കാരണം.

സർക്കാർ ഉദ്യോ​ഗസ്ഥനായ വിവേകാനന്ദൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ഷൈൻ ടോം അവതരിപ്പിക്കുന്നത്. സ്വാസികയും ​ഗ്രേസ് ആന്റണിയുമാണ് ചിത്രത്തിലെ നായികമാർ. നെടിയത്ത് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നെടിയത്ത് നസീബും പി.എസ്. ഷെല്ലി രാജും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ രചനയും കമല്‍ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. മെറീന മൈക്കിൾ, ജോണി ആന്റണി, മാലാ പാർവതി,മഞ്ജു പിള്ള, നീന കുറുപ്പ്, ആദ്യാ, സിദ്ധാർത്ഥ ശിവ, ശരത് സഭ, പ്രമോദ് വെളിയനാട്, ജോസുകുട്ടി, രമ്യ സുരേഷ്, നിയാസ് ബക്കർ, സ്മിനു സിജോ, വിനീത് തട്ടിൽ, , അനുഷാ മോഹൻ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം പ്രകാശ്‌ വേലായുധനും എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാമും നിര്‍വഹിക്കുന്നു.

logo
The Cue
www.thecue.in