'വനിതാ റിപ്പോർട്ടറുടെ തോളിൽ കൈ വയ്ക്കുന്ന ശരീര ഭാഷ അങ്ങേയറ്റം ധാര്‍ഷ്ട്യം നിറഞ്ഞത്'; സുരേഷ് ​ഗോപിക്ക് എതിരെ എൻഡബ്ല്യുഎംഐ

'വനിതാ റിപ്പോർട്ടറുടെ തോളിൽ കൈ വയ്ക്കുന്ന ശരീര ഭാഷ അങ്ങേയറ്റം ധാര്‍ഷ്ട്യം നിറഞ്ഞത്'; സുരേഷ് ​ഗോപിക്ക് എതിരെ എൻഡബ്ല്യുഎംഐ

മാധ്യമപ്രവർത്തകയ്ക്ക് നേരെ ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിയുടെ ഭാഗത്ത് നിന്നുണ്ടായ പെരുമാറ്റം അങ്ങേയറ്റം അപലപനീയമാണെന്ന് വനിതാ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ നെറ്റ്വർക്ക് ഓഫ് വിമൺ ഇൻ മീഡിയ ഇന്ത്യ. കഴിഞ്ഞ ദിവസമാണ് തന്നോട് ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകയുടെ തോളിൽ സുരേഷ് ​ഗോപി കെെ വച്ചത്. മാധ്യമ പ്രവർത്തക കെെ തട്ടി മാറ്റിയിട്ടും ഇത് തുടർന്നു. ഒരു വനിത റിപ്പോർട്ടറുടെ തോളിൽ കെെ വയ്ക്കുന്ന സുരേഷ് ​ഗോപിയുടെ ശരീര ഭാഷ അങ്ങേയറ്റം ധാര്‍ഷ്ട്യം നിറഞ്ഞതും അക്രമോത്സുകവുമാണെന്നും എൻഡബ്ല്യുഎംഐ പറഞ്ഞു. ഇത് കൃത്യമായും ജോലി സ്ഥലത്തെ കയ്യേറ്റമെന്ന നിലക്ക് മാത്രമേ കാണാനാവൂ എന്നും അതുകൊണ്ട് തന്നെ ഇതിനെ ​ഗൗരവകരമായ ഒരു കുറ്റകൃത്യമായി കണ്ട് സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ എൻഡബ്ല്യുഎംഐ വ്യക്തമാക്കുന്നു. അതേ സമയം മാധ്യമങ്ങളുടെ മുന്നിൽ വച്ച് വാത്സല്യത്തോടെയാണ് പെൺകുട്ടിയോട് പെരുമാറിയതെന്നാണ് സുരേഷ് ​ഗോപിയുടെ വിശദീകരണം. എന്നാൽ ഏതെങ്കിലും രീതിയിൽ പെരുമാറ്റം ആ കുട്ടിക്ക് മോശമായി തോന്നുകയോ മാനസിക ബുദ്ധിമുട്ട് അനുഭവപെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു എന്നും സുരേഷ് ​ഗോപി പറഞ്ഞു.

നെറ്റ്വർക്ക് ഓഫ് വിമൺ ഇൻ മീഡിയ ഇന്ത്യ യുടെ പോസ്റ്റ്:

മാധ്യമ പ്രവർത്തക ഷിദ ജഗത്തിന് നേരെ ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിയുടെ ഭാഗത്ത് നിന്ന് ഉണ്ടായ അപമര്യാദയായ പെരുമാറ്റം അങ്ങേയറ്റം അപലപനീയമാണ്. വനിതാ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ Network of Women in Media, India ഈ പ്രവൃത്തിയെ കടുത്ത ഭാഷയിൽ അപലപിക്കുന്നു. ഒരു വനിതാ റിപ്പോർട്ടറുടെ തോളിൽ കൈ വെക്കുന്ന , അദ്ദേഹത്തിൻ്റെ ശരീര ഭാഷ അങ്ങേയറ്റം ഔദ്ധത്യം നിറഞ്ഞതും അക്രമോൽസുകവുമാണ്. സ്ത്രീകൾക്ക് എതിരായ കുറ്റകൃത്യങ്ങൾ തടയൽ നിയമ പ്രകാരം (POSH Act 2013) ഇത് കൃത്യമായും ജോലി സ്ഥലത്തെ കയ്യേറ്റമെന്ന നിലക്ക് മാത്രമേ കാണാനാവൂ. ഇത് ഗൗരവമുള്ള കുറ്റകൃത്യമായി കണ്ട് സംസ്ഥാന സർക്കാർ അടിയന്തര നിയമ നടപടികൾ സ്വീകരിക്കണമെന്ന് NWMI ആവശ്യപ്പെടുന്നു. ജോലി സ്ഥലത്തെ അതിക്രമം എന്ന നിലയിൽ തന്നെ, ഷിദയുടെ തൊഴിൽ സ്ഥപനമായ മീഡിയ വൺ ഈ വിഷയത്തെ സമീപിക്കുകയും നിയമം അനുശാസിക്കുന്ന നടപടി എടുക്കുകയും വേണമെന്ന് NWMI ആവശ്യപ്പെടുന്നു.

വെള്ളിയാഴ്ച കോഴിക്കോട് വച്ച് മാധ്യമങ്ങളെ കാണുന്നതിനിടെയാണ് സുരേഷ് ​ഗോപി ചോദ്യം ചോദിച്ച മീഡിയവൺ കോഴിക്കോട് ബ്യുറോയിലെ സ്പെഷ്യൽ കറസ്പോണ്ടന്റിന്റെ തോളിൽ കെെ വച്ചത്. തോളിൽ വച്ച കെെ അപ്പോൾ തന്നെ മാധ്യമപ്രവർത്തക തട്ടിമാറ്റിയിരുന്നു. ഇത് ആവർത്തിച്ചപ്പോൾ വീണ്ടും തട്ടിമാറ്റുന്നുണ്ട്. വിഷയം സമൂഹമാധ്യമങ്ങളിലടക്കം ചർച്ചയാവുകയും സുരേഷ് ​ഗോപിക്കെതിരെ വ്യാപകമായി വിമർശനം ഉയരുകയും ചെയ്തിരുന്നു. സംഭവത്തിൽ സുരേഷ് ​ഗോപി മാപ്പ് പറയണമെന്നും മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സുരേഷ് ഗോപിക്ക് എതിരെ വനിതാ കമ്മീഷനിൽ പരാതി നൽകുമെന്നും കെയുഡബ്ല്യുജെ അറിയിച്ചിരുന്നു. സുരേഷ് ​ഗോപിക്ക് എതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മാധ്യമ പ്രവർത്തക അറിയിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് വനിത കമ്മീഷനിലും പരാതി നൽകുമെന്നും മറ്റു നിയമ നടപടികൾ സ്വീകരിക്കുമെന്നും കേരള പത്രപ്രവർത്തക യൂണിയനും അറിയിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in