കേരള ക്രൈം ഫയല്‍സിനായി മുടി മാറ്റാന്‍ പറഞ്ഞപ്പോള്‍ ആദ്യമുണ്ടായത് ഒരു ഞെട്ടലായിരുന്നു: നൂറിന്‍ ഷെരീഫ്

കേരള ക്രൈം ഫയല്‍സിനായി മുടി മാറ്റാന്‍ പറഞ്ഞപ്പോള്‍ ആദ്യമുണ്ടായത് ഒരു ഞെട്ടലായിരുന്നു: നൂറിന്‍ ഷെരീഫ്
Published on

കേരള ക്രൈം ഫയൽസിനായി തന്റെ മുടി സ്ട്രെയ്റ്റ് ചെയ്യണം എന്ന് പറഞ്ഞപ്പോൾ ആദ്യമൊന്ന് പേടിച്ചെങ്കിലും പിന്നീട് അത് വകവെക്കാതെ കഥാപാത്രത്തിനായി അത് ചെയ്തുവെന്ന് നടി നൂറിൻ ഷെരീഫ്. ആദ്യമൊന്നും എന്റെ മുടി എനിക്ക് ഇഷ്ടമായിരുന്നില്ല, പക്ഷെ പിന്നീട് അത് ജീവനായി മാറി. അതുകൊണ്ട് മുടി സ്ട്രെയ്റ്റ് ചെയ്യുക എന്ന് പറയുന്നത് കൺഫ്യൂഷൻ ഉണ്ടാക്കിയെന്ന് നൂറിൻ ഷെരീഫ് ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

നൂറിൻ ഷെരീഫിന്റെ വാക്കുകൾ

എനിക്ക് എന്റെ മുടി ഒരുപാട് ഇഷ്ടമാണ്. എന്നേക്കാൾ എന്റെ മുടിയെ ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട്. എന്നാൽ, ഈ മുടി എനിക്ക് ഒട്ടും ഇഷ്ടമല്ലാത്ത ഒരു കാലമുണ്ടായിരുന്നു, സ്കൂളിൽ പഠിക്കുമ്പോൾ. കുട്ടികളെല്ലാം നീളത്തിൽ പിന്നിക്കെട്ടി വരുന്ന സമയത്ത് എനിക്ക് മാത്രം അതിന് സാധിച്ചിരുന്നില്ല. അന്ന് മുടി സ്ട്രെയ്റ്റാക്കി തരുമോ എന്ന് ഉമ്മായോട് ചോദിച്ചിരുന്നെങ്കിലും അന്ന് പുള്ളിക്കാരി ഒന്നും ചെയ്തില്ല. പിന്നെ കുറേ കാലം കഴിഞ്ഞ് മുടി ഇഷ്ടമാണെന്ന് ഒരുപാട് പേർ പറഞ്ഞു തുടങ്ങിയപ്പോൾ ഞാനും അത് ഇഷ്ടപ്പെട്ടു തുടങ്ങി.

പിന്നീട് കേരള ക്രൈം ഫയൽസിന്റെ ഓഡീഷന് പോയി. അപ്പോൾ കുറച്ച് കാര്യങ്ങളെല്ലാം ചെയ്യിപ്പിച്ച ശേഷം എന്നോട് പറഞ്ഞു, മുടി മാറ്റണം, അത് ഇങ്ങനെ പറ്റില്ല എന്ന്. അപ്പോൾ കുറച്ച് ഷോക്ക്ഡ് ആയി. നമുക്ക് അത്രയും ഇഷ്ടപ്പെട്ട ഒരു കാര്യം മാറ്റിവെക്കണം എന്ന് പറയുമ്പോഴുള്ള ബുദ്ധിമുട്ടായിരുന്നു അത്. ആളുകൾ എപ്പോഴും എന്നെ കണ്ടിരിക്കുന്നത് ചുരുണ്ട മുടിയുമായാണ്. അതുപോലെയല്ലാതെ, മുടി ഒതുക്കി കെട്ടിയ ഒരു അപ്പിയറൻസായിരുന്നു വേണ്ടിയിരുന്നത്. ആദ്യമൊന്നും ഉൾക്കൊള്ളാൻ പറ്റിയിരുന്നില്ല. പിന്നെ കരുതി, മുടിയല്ലേ വളർന്നോളും എന്ന്. അങ്ങനെ സ്ട്രെയ്റ്റ് ചെയ്തു. പിന്നീട് മറ്റൊരു പ്രൊജക്ടിന്റെ ഭാ​ഗമായി മുടി കട്ട് ചെയ്തിരുന്നു. ശേഷം വീണ്ടും ചുരുണ്ട മുടി വളരാൻ തുടങ്ങി. ക്രൈം ഫയൽസിന് വേണ്ടി മുടി സ്ട്രെയ്റ്റ് ചെയ്തപ്പോഴാണ് കഥാപാത്രത്തിനായി എന്ത് വേണമെങ്കിലും ചെയ്യാം എന്നൊരു കോൺഫിഡൻസ് വന്നത്. നൂറിൻ ഷെരീഫ് പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in