തിയേറ്റര്‍ നിറച്ച് 'ന്നാ താന്‍ കേസ് കൊട്', 'തല്ലുമാല'; കരിയറിലെ മികച്ച കളക്ഷന്‍

തിയേറ്റര്‍ നിറച്ച് 'ന്നാ താന്‍ കേസ് കൊട്', 'തല്ലുമാല'; കരിയറിലെ മികച്ച കളക്ഷന്‍

മലയാള സിനിമ തിയേറ്ററില്‍ പ്രതിസന്ധി നേരിടുന്നുവെന്ന ആശങ്ക പരിഹരിച്ച് 'തല്ലുമാല', 'ന്നാ താന്‍ കേസ് കൊട്' എന്ന സിനിമകള്‍. ടൊവിനൊ തോമസിന്റെ കരിയറിലെ ഏറ്റവും മികച്ച ബോക്സ് ഓഫിസ് പ്രകടനവുമായാണ് തല്ലുമാല മുന്നേറുന്നത്. അഭിനയ ജീവിതത്തിലെ മികച്ച പെര്‍ഫോമന്‍സ് എന്ന വിലയിരുത്തലിനൊപ്പം ചാക്കോച്ചന്‍ നായകനായ ന്നാ താന്‍ കേസ് കൊട് റിലീസ് ദിനം മുതല്‍ ഹൗസ് ഫുള്‍ ഷോകള്‍ക്കൊപ്പം പ്രദര്‍ശനം തുടരുകയാണ്.

ആഗസ്റ്റ് 11, 12 തിയതികളിലായാണ് രണ്ട് ചിത്രങ്ങളും തിയേറ്ററിലൂടെ പ്രേക്ഷകരിലേക്ക് എത്തിയത്. റിലീസിന് മുന്‍പ് തന്നെ പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമകളാണ് ന്നാ താന്‍ കേസ് കൊടും, തല്ലുമാലയും. രണ്ട് ചിത്രങ്ങളും കേരളത്തിലെ വിവിധ തിയേറ്ററുകളിലായി ഹൗസ് ഫുള്ളായാണ് പ്രദര്‍ശനം തുടരുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

കൊവിഡ് പ്രതിസന്ധിക്ക് ശേഷം തിയേറ്ററിലെത്തിയ മലയാള ചിത്രങ്ങളില്‍ ചുരുക്കം ചില സിനിമകള്‍ മാത്രമാണ് ബോക്‌സ്് ഓഫീസില്‍ വിജയിച്ചത്. അതേസമയം കെജിഎഫ്, വിക്രം പോലുള്ള അന്യഭാഷ ചിത്രങ്ങള്‍ കേരളത്തിലെ തിയേറ്ററുകളില്‍ വലിയ വിജയമായിരുന്നു. എന്നാല്‍ ആ പ്രതിസന്ധി മൂലം ഉണ്ടായ ആശങ്കയെ പൂര്‍ണ്ണമായും മാറ്റുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ന്നാ താന്‍ കേസ് കൊട്, തല്ലുമാല എന്നീ ചിത്രങ്ങളെ കുറിച്ച് തിയേറ്ററില്‍ നിന്നും ലഭിക്കുന്നത്.

ആഡ്രോയിഡ് കുഞ്ഞപ്പന്‍, കനകം കാമിനി കലഹം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്ത് ചിത്രമാണ് ന്നാ താന്‍ കേസ് കൊട്. രാജീവന്‍ എന്ന കുഞ്ചാക്കോ ബോബന്‍ അവതരിപ്പിച്ച കഥാപാത്രവുമായി ബന്ധപ്പെട്ട് നടക്കുന്ന ഒരു കോര്‍ട്ട് റൂം ഡ്രാമയാണ് ചിത്രം. കുഞ്ചാക്കോ ബോബന് പുറമെ ഗായത്രി ശങ്കര്‍, രാജേഷ് മാധവന്‍, ഉണ്ണിമായ പ്രസാദ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാണ്.

മുഹ്സിന്‍ പരാരിയും അഷറഫ് ഹംസയും തിരക്കഥ എഴുതിയ തല്ലുമാലയുടെ സംവിധാനം ഖാലിദ് റഹ്‌മാനാണ്. ജിംഷി ഖാലിദാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ടൊവിനോയെയും കല്യാണിയെയും കൂടാതെ ലുക്മാന്‍, ഷൈന്‍ ടോം ചാക്കോ, ചെമ്പന്‍ വിനോദ് ജോസ്, ഗോകുലന്‍ തുടങ്ങിയവര്‍ ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in