റോളക്‌സിനും മീതെ ഒരു വില്ലനോ? 'ബെൻസി'ൽ വാൾട്ടറായി നിവിൻ പോളി; ഇരട്ട വേഷമോ എന്ന് ആരാധകർ

റോളക്‌സിനും മീതെ ഒരു വില്ലനോ? 'ബെൻസി'ൽ വാൾട്ടറായി നിവിൻ പോളി; ഇരട്ട വേഷമോ എന്ന് ആരാധകർ
Published on

സംവിധായകൻ ലോകേഷ് കനകരാജ് കഥയെഴുതി ഭാ​ഗ്യരാജ് കണ്ണൻ സംവിധാനം ചെയ്യുന്ന ചിത്രം ബെൻസിൽ വില്ലനായി നടൻ നിവിൻ പോളി. ട്വിൻഫിഷ് വാൾട്ടർ എന്ന കഥാപാത്രത്തെയാണ് നിവിൻ സിനിമയിൽ അവതരിപ്പിക്കുന്നത്. ഒരു സ്റ്റൈലിഷ് വില്ലൻ ആയിരിക്കും ചിത്രത്തിൽ നിവിൻ പോളിയുടേത് എന്ന സൂചനയാണ് പുറത്തു വിട്ട ക്യാരക്ടർ പ്രമോയിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്. ഇന്ന് റിലീസ് ചെയ്ത വിഡിയോയിൽ നിവിൻ രണ്ടു വേഷത്തിലെത്തുന്നുണ്ട്. ഇത് ഇരട്ട വേഷമാണോ അതോ ഒരേ കഥാപാത്രം തന്നെയാണോ എന്ന സംശയത്തിലാണ് ആരാധകർ.

ശരീരം മുഴുവൻ സ്വർണ്ണാഭരണങ്ങൾ അണിഞ്ഞു, സ്വർണ്ണ പല്ലും വെച്ച ഉഗ്ര രൂപത്തിലാണ് നിവിനെ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. നിവിൻ ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായ കഥാപാത്രമായിരിക്കും ഇതെന്ന് പ്രതീക്ഷയിലാണ് ആരാധകർ. രാഘവ ലോറൻസ് നായകനായി എത്തുന്ന 'ബെൻസ്' എന്ന ചിത്രം, റെമോ, സുൽത്താൻ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ ഭാഗ്യരാജ് കണ്ണനാണ് തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്നത്. ലോകേഷ് കനകരാജ് നിർമ്മാണ പങ്കാളിയായ ചിത്രത്തിന്റെ കഥ രചിച്ചതും ലോകേഷ് തന്നെയാണ്. പാഷന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ സുധന്‍ സുന്ദരം, ലോകേഷ് കനകരാജിന്റെ ജി സ്‌ക്വാഡ്, ജഗദീഷ് പളനിസ്വാമിയുടെ ദി റൂട്ട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഗൗതം രാമചന്ദ്രൻ ഒരുക്കിയ റിച്ചി, റാം ഒരുക്കിയ യേഴു കടൽ യേഴു മലൈ എന്നീ ചിത്രങ്ങൾക്ക് ശേഷം നിവിൻ പോളി അഭിനയിക്കുന്ന തമിഴ് ചിത്രമാണ് ബെൻസ്.

ചിത്രത്തിന് സംഗീതമൊരുക്കുന്നത് മ്യൂസിക് സെൻസേഷനായ സായ് അഭ്യങ്കര്‍ ആണ്. വമ്പൻ ബജറ്റിലൊരുങ്ങുന്ന ബെൻസിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ഗൗതം ജോര്‍ജ്, എഡിറ്റിംഗ് നിർവഹിക്കുന്നത് ഫിലോമിന്‍ രാജ് എന്നിവരാണ്. ഇന്ത്യയിലും വിദേശത്തുമായി 120 ദിവസത്തിലേറെ നീളുന്ന ചിത്രീകരണമായിരിക്കും സിനിമയ്ക്കായി നടക്കുക. അനല്‍ അരശ് ആണ് സംഘട്ടനസംവിധാനം. കൈതി, വിക്രം, ലിയോ എന്നിവയുൾപ്പെടുന്ന ലോകേഷ് സിനിമാറ്റിക് യുണിവേഴ്സിലാണ് ബെൻസ് ഉണ്ടാവുക. കൈതി 2 , വിക്രം 2 , സ്റ്റാന്‍റ് എലോണ്‍ ചിത്രമായ റോളക്സ് എന്നിവയായിരിക്കും ഇനി എല്‍സിയുവിലുണ്ടാവുക എന്നും ലോകേഷ് വെളിപ്പെടുത്തിയിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in