
തനിക്ക് ഇഷ്ടമല്ലാത്ത പ്രൊഫഷനാണ് സിനിമയെന്ന് നടി നിത്യ മേനോൻ. ഇഷ്ടമില്ലാതെ തിരഞ്ഞെടുത്ത പ്രൊഫഷനാണ് സിനിമ. ഇപ്പോഴും സിനിമ എന്ന പ്രൊഫഷൻ ഇഷ്ടമല്ല. ഇത് പറയുമ്പോൾ നന്ദികേടായിട്ടായിരിക്കും ആളുകൾ കരുതുക. മറ്റെന്തെങ്കിലും ഓപ്ഷൻ കിട്ടിയാൽ അതിലേക്ക് പോകും. ആരും അറിയാതെ സിനിമയിൽ നിന്ന് പോകണം എന്നായിരുന്നു ആഗ്രഹം. അപ്പോഴാണ് കൃത്യമായി ദേശീയ അവാർഡ് ലഭിക്കുന്നത്. അത് ഈശ്വരന്റെ തീരുമാനമായിട്ടാണ് കാണുന്നത്. തന്നോട് പോകരുതെന്ന് പറഞ്ഞ് കൈക്കൂലി തരുന്നത് പോലെയായിരുന്നു ദേശീയ അവാർഡെന്ന് നിത്യ മേനോൻ ബിഹൈൻഡ് വുഡ്സിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
നിത്യാമേനോൻ പറഞ്ഞത്:
ഇഷ്ടമില്ലാതെ തിരഞ്ഞെടുത്ത ഒരു പ്രൊഫഷനാണ് സിനിമ. സിനിമയിൽ വന്നതിനു ശേഷമാണ് ദൈവ വിശ്വാസം പോലും എനിക്ക് വന്നത്. എന്റെ അച്ഛന് ഈശ്വര വിശ്വാസം ഉണ്ടായിരുന്നില്ല. അതുകൊണ്ട് എനിക്കും ദൈവ വിശ്വാസം ഉണ്ടായിരുന്നില്ല. സിനിമ എന്ന പ്രൊഫഷനിൽ വന്ന ശേഷം നമ്മളെ നയിക്കുന്ന ഒരു ശക്തിയുണ്ടെന്ന തോന്നലുണ്ടായി. ഒട്ടും എനിക്കിഷ്ടമല്ലാതെ പ്രൊഫഷനാണ് സിനിമ. ഇപ്പോഴും എനിക്കിഷ്ടമില്ല. മറ്റൊരു ഓപ്ഷൻ കിട്ടിയാൽ മറ്റെന്തെങ്കിലും ചെയ്യാൻ ഞാൻ പോകും. അതാണ് ഈ വിഷയത്തിലെ വിരോധാഭാസം. ഈ കാര്യം ഞാൻ പറയുമ്പോൾ നന്ദികെട്ടുപോയതുകൊണ്ടാണെന്ന് ആളുകൾ ചിലപ്പോൾ കരുതും. എന്റെ വ്യക്തിത്വത്തിന് യോജിക്കാത്ത ഒരു പ്രൊഫഷനായി തോന്നിയിട്ടുണ്ട്.
വളരെ സൈലന്റ് ആയി അഭിനയം നിർത്തി പോകണമെന്നാണ് കരുതിയത്. ഞാൻ എന്താണ് ചെയ്യുന്നത് എന്ന് പോലും ആരും അറിയാതെ അഭിനയത്തിൽ നിന്ന് മടങ്ങണം എന്നുണ്ടായിരുന്നു. അപ്പോഴാണ് കൃത്യമായി ദേശീയ അവാർഡ് ലഭിച്ചത്. അതൊക്കെയാണ് ഈശ്വരന്റെ തീരുമാനം എന്ന് പറയുന്നത്. എന്നോട് പോകരുതെന്ന് പറയുന്ന പോലെയായിരുന്നു അത്. കൈക്കൂലി കിട്ടിയതുപോലെ ഒരനുഭവം.
ജയം രവി നായകനായി എത്തുന്ന കാതലിക്ക നേരമില്ലൈ ആണ് നിത്യാമേനോന്റെ ഏറ്റവും പുതിയ ചിത്രം. ജനുവരി 14 നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ചിത്രത്തിലെ 'യെന്നൈ ഇഴുക്കതടി' എന്ന ഗാനം സാമൂഹ്യമാധ്യമങ്ങളിൽ ട്രെൻഡിങ്ങായിരുന്നു. റെഡ് ജെയന്റ് മൂവീസിന്റെ ബാനറിൽ ഉദയനിധി സ്റ്റാലിൻ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.