ടോക്സിക് ടീസർ അല്ല പ്രശ്നം, ഇതേ രം​ഗങ്ങൾ മറ്റു സിനിമകളിൽ വന്നാൽ വീർപ്പുമുട്ടുന്നവരെക്കുറിച്ചാണ് ഞാൻ പറഞ്ഞത്: നിതിൻ രഞ്ജി പണിക്കര്‍

ടോക്സിക് ടീസർ അല്ല പ്രശ്നം, ഇതേ രം​ഗങ്ങൾ മറ്റു സിനിമകളിൽ വന്നാൽ വീർപ്പുമുട്ടുന്നവരെക്കുറിച്ചാണ് ഞാൻ പറഞ്ഞത്: നിതിൻ രഞ്ജി പണിക്കര്‍
Published on

യഷിനെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് ടോക്‌സിക്. കെജിഎഫ് ചാപ്റ്റർ 2 വിന് ശേഷം യഷ് നായകനായി എത്തുന്ന ചിത്രത്തിന്റെ ടീസർ കുറച്ച് മണിക്കൂറുകൾക്ക് മുമ്പാണ് പുറത്തു വന്നത്. എന്നാൽ ടീസർ പുറത്തു വന്നതിന് ​പിന്നാലെ ​ഗീതു മോഹൻദാസിനെ വിമർശിച്ച് സംവിധായകൻ നിതിൻ രഞ്ജി പണിക്കർ ഇൻസ്റ്റ​ഗ്രാമിൽ ഒരു സ്റ്റോറി പങ്കുവച്ചിരുന്നു. പാര്‍വതി തിരുവോത്തുമായി ബന്ധപ്പെട്ട കസബ വിവാദവുമായി ചേര്‍ത്താണ് നിതിന്റെ ടീസറിലെ വിമര്‍ശനം. തന്റെ കസബ എന്ന സിനിമയെ സ്ത്രീവിരുദ്ധതയുടെ പേരില്‍‌ വിമർശിച്ച അതേ വ്യക്തി മറ്റൊരു ഭാഷയിൽ സിനിമ ചെയ്തപ്പോൾ സ്ത്രീവിരുദ്ധതയുടെ വ്യാഖ്യാനം സൗകര്യപൂർവം തിരുത്തി എന്നാണ് പങ്കുവച്ച സ്റ്റോറിയിൽ നിതിൻ പറഞ്ഞത്. എന്നാൽ ടീസറിൽ കാണിച്ച രം​ഗങ്ങളിൽ തനിക്ക് യാതൊരു വിധ കുഴപ്പവും തോന്നിയിട്ടില്ലെന്നും ഇത്തരം രം​ഗങ്ങൾ മറ്റുള്ളവരുടെ സിനിമകളിൽ വരുമ്പോൾ വീർപ്പുമുട്ടൽ തോന്നുന്ന ആളുകളാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ എന്ന വൈരുദ്ധ്യത്തെയാണ് സ്റ്റോറിയിൽ ചൂണ്ടിക്കാണിച്ചതെന്നും നിതിൻ ക്യു സ്റ്റുഡിയോയോട് പ്രതികരിച്ചു.

നിതിൻ രഞ്ജി പണിക്കര്‍ പറഞ്ഞത്:

ആ ടീസറിൽ കണ്ട രം​ഗങ്ങളിൽ എനിക്ക് യാതൊരു വിധ കുഴപ്പവും തോന്നിയിട്ടില്ല, ഇതിൽ വൈരുദ്ധ്യമായി നിൽക്കുന്നത് ഇതേ രം​ഗങ്ങൾ മറ്റു സിനിമകളിൽ വന്നാൽ വീർപ്പുമുട്ടലുണ്ടാകുന്ന ആൾക്കാരാണ് ഈ സിനിമകളുടെ പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത് എന്നതാണ്.

സ്ത്രീ വിരുദ്ധത തരിമ്പും ഇല്ലാത്ത, സ്ത്രീ ശരീരത്തെ വസ്തുവല്‍ക്കരിക്കുന്ന ആണ്‍നോട്ടങ്ങളില്ലാത്ത, കസബയിലെ ആണ്‍മുഷ്‌ക് മഷിയിട്ടു നോക്കിയാലും കാണാത്ത രാഷ്ട്രീയ ശരികളുടെ ദൃശ്യാവിഷ്‌കാരം. സേ ഇറ്റ് സേ ഇറ്റ് എന്നുപറഞ്ഞ് ഗിയറു കേറ്റിവിട്ട പുള്ളി പക്ഷേ സ്റ്റേറ്റ് കടന്നപ്പോള്‍ അവരുടെ സ്ത്രീവിരുദ്ധതയുടെ വ്യാഖ്യാനം സൗകര്യപൂര്‍വം തിരുത്തി.? - ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി നിതിന്‍ കുറിച്ചു. ടോക്‌സിക് എന്ന ഹാഷ്ടാഗിലാണ് പോസ്റ്റ്.

മമ്മൂട്ടിയെ നായകനാക്കി നിതിന്‍ സംവിധാനം ചെയ്ത ചിത്രമാണ് കസബ. ചിത്രത്തിലെ സ്ത്രീ വിരുദ്ധതയ്‌ക്കെതിരെ മുമ്പ് നടി പാര്‍വതി രംഗത്തെത്തിയത് വലിയ ചര്‍ച്ചയായിരുന്നു. സിനിമയുടെ പേര് എടുത്തുപറയാതെയാണ് പാര്‍വതി ആദ്യം വിമര്‍ശനം ഉന്നയിച്ചത്. ഗീതു മോഹന്‍ദാസ് പറഞ്ഞതിനെ തുടര്‍ന്നാണ് താരം പേരെടുത്തു പറഞ്ഞത്. ഇതേക്കുറിച്ചാണ് നിതിന്‍ കുറിച്ചിരിക്കുന്നത്.

നിവിൻ പോളി നായകനായെത്തിയ മൂത്തോൻ എന്ന ചിത്രത്തിന് ശേഷം ​ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ടോക്സിക്. ഒരു മെഗാ മാസ് എൻ്റർടെയ്നിംഗ് സിനിമയായിരിക്കും 'ടോക്സിക്' എന്ന് മുമ്പ് നടൻ യഷ് തന്നെ തുറന്നു പറഞ്ഞിരുന്നു. തു മോഹൻദാസിന്റെ മുൻ ചിത്രങ്ങൾ വ്യത്യസ്തമായിരിക്കാം എന്നാൽ ഇത്തവണ ഒരു മാസ്സ് എന്റർടെയ്നിം​ഗ് ചിത്രവുമായാണ് അവർ എത്തുന്നതെന്നും മാസ് സിനിമകളുടെ പൾസ് അറിയാവുന്ന സംവിധായികയാണ് അവർ എന്നും യഷ് പറഞ്ഞിരുന്നു. എ ഫെയറി ടെയിൽ ഫോർ ഗ്രോൺ അപ്പ്സ് എന്ന ടാഗ്‌ലൈനോടെ ഒരുങ്ങുന്ന ചിത്രം നിർമിക്കുന്നത് കെവിഎൻ പ്രൊഡക്ഷൻസിന്‍റെ ബാനറില്‍ വെങ്കട്ട് കെ നാരായണയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ്.

Related Stories

No stories found.
logo
The Cue
www.thecue.in