'കാവലില്‍ വിന്റേജ് സുരേഷ് ഗോപിയെ കാണാം'; നിതിന്‍ രണ്‍ജി പണിക്കര്‍

'കാവലില്‍ വിന്റേജ് സുരേഷ് ഗോപിയെ കാണാം'; നിതിന്‍  രണ്‍ജി പണിക്കര്‍

സുരേഷ് ഗോപി നായകനായ കാവല്‍ നവംബര്‍ 25ന് തിയേറ്ററില്‍ റിലീസ് ചെയ്യാനൊരുങ്ങുകയാണ്. ചിത്രത്തില്‍ തമ്പാന്‍ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. കാവലിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയതിന് പിന്നാലെ വിന്റേജ് സുരേഷ് ഗോപിയെ ഓര്‍മ്മിപ്പിക്കുന്നതാണ് ചിത്രത്തിലെ തമ്പാന്‍ എന്ന കഥാപാത്രമെന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടിരുന്നു. ബോധപൂര്‍വ്വമല്ലെങ്കിലും കഥാപാത്രത്തിന് അത്തരമൊരു സാദൃശ്യമുണ്ടെന്ന് സംവിധായകന്‍ നിതിന്‍ രണ്‍ജി പണിക്കരും ദ ക്യുവിനോട് പറഞ്ഞു.

രണ്ട് കാലഘട്ടങ്ങളിലൂടെ കടന്ന് പോകുന്ന സിനിമയാണ് കാവല്‍. ചിത്രത്തില്‍ ഒരേ കഥാപാത്രങ്ങളെ തന്നെ രണ്ട് പ്രായത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്. അതില്‍ ഒരു നാല്‍പ്പത് വയസ് പ്രായമുള്ള തമ്പാനായിരിക്കും പഴയ കാല സുരേഷ് ഗോപി കഥാപാത്രത്തിന്റെ സാമ്യമുണ്ടാവുക എന്നാണ് സംവിധായകന്‍ പറയുന്നത്.

നിതിന്‍ രണ്‍ജി പണിക്കര്‍ പറഞ്ഞത്:

'കാവലില്‍ രണ്ട് കാലഘട്ടങ്ങളാണ് പറഞ്ഞ് പോകുന്നത്. ഒന്ന് 2000ത്തിന്റെ തുടക്ക കാലവും പിന്നെയുള്ളത് ഇപ്പോഴത്തെ സമയവുമാണ്. ആദ്യ കാലഘട്ടത്തിലുള്ളത് ഒരു നാല്‍പ്പത് നാല്‍പ്പത്തഞ്ച് വയസ് പ്രായം വരുന്ന തമ്പാനെയാണ്. ആ സമയത്ത് ചിലപ്പോള്‍ കഥാപാത്രത്തിന് വിന്റേജ് സുരേഷ് ഗോപിയുടെ സാമ്യം ഉണ്ടാവാം. ഒരിക്കലും വിന്റേജ് സുരേഷ് ഗോപിയാക്കാന്‍ വേണ്ടി ചെയ്തതല്ല. കഥ അത് ഡിമാന്റ് ചെയ്യുന്നത് കൊണ്ടാണ് അത്തരമൊരു സാമ്യം വരുന്നത്. പിന്നെ രണ്ടാമത്തെ കാലഘട്ടത്തിലേക്ക് വരുമ്പോള്‍ ഇത് വരെ കണ്ട് ശീലിച്ചിട്ടില്ലാത്ത തരത്തിലുള്ള ഒരു പെര്‍ഫോമന്‍സാണ് കഥാപാത്രത്തിന് ഉള്ളത്. ഒരു റിയലിസ്റ്റിക്ക് സിനിമയല്ലെങ്കില്‍ പോലും സാധരണ പ്രായം കുടുമ്പോള്‍ ഒരു വ്യക്തിക്ക് ഉണ്ടാവുന്ന മാനസികമായും ശാരീരികമായുമുള്ള മാറ്റങ്ങള്‍ കഥാപാത്രത്തിനും ഉണ്ടാവുന്നുണ്ട്. പിന്നെ കഥാപാത്രത്തിന്റെ രണ്ട് പ്രായങ്ങള്‍ കാണിക്കുന്നത് കൊണ്ട് അതിന്റെതായ വ്യത്യാസങ്ങളും കഥാപാത്രത്തിന് സംഭവിക്കുന്നുണ്ട്. പ്രായം കുറവും കൂടുതലും വ്യക്തമായി അറിയാന്‍ കഴിയുന്ന രീതിയിലുള്ള പെര്‍ഫോമെന്‍സും ക്യാരക്കറ്ററൈസേഷനുമാണ് ചെയ്തിരിക്കുന്നത്.'

സുരേഷ് ഗോപിക്കൊപ്പം രഞ്ജി പണിക്കരും ചിത്രത്തില്‍ പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. ആന്റണി എന്നാണ് രഞ്ജി പണിക്കരുടെ കഥാപാത്രത്തിന്റെ പേര്. സുരേഷ് ഗോപിയുടെയും രഞ്ജി പണിക്കരുടെയും ഓഫ് സ്‌ക്രീന്‍ കെമിസ്ട്രി പോലെ ഗംഭീരമാണ് ഓണ്‍ സ്‌ക്രീന്‍ കെമിസ്ട്രിയെന്നും നിതിന്‍ പറയുന്നു. സിനിമയില്‍ അവര്‍ നടന്‍മാര്‍ എന്ന നിലയില്‍ ഒന്നിച്ച് എത്തിയപ്പോള്‍ അത് വേറൊരു തരം കെമിസ്ട്രിയായിരുന്നു. രണ്ട് പേരും പരസ്പരം കൃത്യമായി സ്‌ക്രീന്‍ ഷെയര്‍ ചെയ്യുകയും അച്ഛന്റെ ചില ഡയലോഗ് സുരേഷ് ഏട്ടന്‍ പറഞ്ഞാല്‍ നന്നാകും എന്ന് പറയുകയും ഒക്കെ ചെയ്തിരുന്നു എന്നാണ് നിതിന്‍ പറഞ്ഞത്.

Related Stories

No stories found.
logo
The Cue
www.thecue.in