'അന്ന് പറഞ്ഞത് എന്റെ നിലപാടാണ്. എന്റെ നിലപാട് ഉറക്കെ പറഞ്ഞപ്പോൾ നിങ്ങളെല്ലാം കേട്ടു, കേട്ടതുകൊണ്ട് നിങ്ങൾ ചോദിക്കുന്നു'; നിഖില വിമൽ

'അന്ന് പറഞ്ഞത് എന്റെ നിലപാടാണ്. എന്റെ നിലപാട് ഉറക്കെ പറഞ്ഞപ്പോൾ നിങ്ങളെല്ലാം കേട്ടു, കേട്ടതുകൊണ്ട് നിങ്ങൾ ചോദിക്കുന്നു'; നിഖില വിമൽ

ബീഫ് കഴിക്കുന്നതിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളിൽ താൻ ഉറച്ച് നിൽക്കുന്നുവെന്ന് നിഖില വിമൽ. ജോ ആൻഡ് ജോയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ദുബായിൽ വെച്ച് നടന്ന പരിപാടിയിലാണ് നിഖില സംസാരിച്ചത്. അത് തന്റെ നിലപാടാണ്. അതുപോലെ എല്ലാവർക്കും വ്യക്തമായ അഭിപ്രായങ്ങൾ ഉണ്ടെന്നും നിഖില പറഞ്ഞു. പറഞ്ഞ കാര്യങ്ങളിൽ താൻ ഉറച്ചു നിൽക്കുന്നുവെന്നും നിഖില പറഞ്ഞു. തന്റെ നേരെ സൈബർ ആക്രമണം ഒന്നും ഉണ്ടായിട്ടില്ലെന്നും, മീഡിയയാണ് അതെല്ലാം പറഞ്ഞതെന്നും നിഖില കൂട്ടിച്ചേർത്തു.

നിഖില വിമലിന്റെ വാക്കുകൾ

വ്യക്തിപരമായി എല്ലാവർക്കും നിലപാടുണ്ടായിരിക്കണം. ഞാൻ അന്ന് പറഞ്ഞത് എന്റെ നിലപാടാണ്. എന്റെ നിലപാട് ഉറക്കെ പറഞ്ഞപ്പോൾ നിങ്ങളെല്ലാം കേട്ടു, കേട്ടതുകൊണ്ട് നിങ്ങളെന്നോട് ചോദിക്കുന്നു. ഈ സൈബർ ആക്രമണം ഉണ്ടായെന്ന് പറയുന്നത് നിങ്ങളാണ്. ഞാൻ എവിടെയും പറഞ്ഞിട്ടില്ല എനിക്കെതിരെ സൈബർ ആക്രമണം ഉണ്ടായെന്ന്. ഒരു ആക്രമണവും എന്റെ നേരെ ഉണ്ടായിട്ടില്ല. മീഡിയയാണ് ഇതെല്ലം പറയുന്നത്. ഞാൻ ഇന്ന് വായിക്കുമ്പോഴാണ് അറിയുന്നത് എനിക്ക് നേരെ ആക്രമണം ഉണ്ടായെന്ന്.

എല്ലാവർക്കും വ്യക്തിപരമായ അഭിപ്രായങ്ങൾ ഉണ്ടാകും. അത്തരം അഭിപ്രായങ്ങൾ പറയുന്നതിനെ സൈബർ ആക്രമണം എന്ന് പറയാൻ കഴിയില്ല. ഞാൻ പറഞ്ഞ കാര്യത്തിൽ എനിക്ക് കൃത്യമായ ഉത്തരമുണ്ടായിരുന്നു. ഞാൻ അത് പറഞ്ഞു, അത് കഴിഞ്ഞു. പടം റിലീസ് ആയതിനു ശേഷമാണ് ആ വീഡിയോ കാണുന്നത്. അവരെല്ലാം ആ വീഡിയോ ഷെയർ ചെയ്യുന്നതിന്റെ കൂടെ ഹാഷ്ടാഗ്(#) ജോ ആൻഡ് ജോ എന്ന് ഇട്ടിരുന്നെങ്കിൽ നമ്മുടെ പടം നാല് പേർ കൂടുതൽ കണ്ടേനെ. ഓരോരുത്തരുടെയും ഇഷ്ടമാണ് എന്ത് സംസാരിക്കണമെന്നത്. ഞാനിങ്ങനെ ഈ കാര്യം പറയണം എന്ന് വിചാരിച്ച് അവിടെ പോയിരുന്നതല്ല. ചോദ്യം ചോദിച്ചതിന് ഉത്തരം പറഞ്ഞുവെന്നേയുള്ളു. ആ ഒരു കാര്യം ഇങ്ങനെയാക്കിയത് മീഡിയയാണ്. അതിന്റെ ബാക്കി പറഞ്ഞതും മീഡിയയാണ്. ഞാൻ അത് പറഞ്ഞിട്ടുണ്ട് പക്ഷെ അതിന്റെ ബാക്കിയുണ്ടായത് ഒന്നും ഞാനറിഞ്ഞിട്ടില്ല.

Related Stories

No stories found.
logo
The Cue
www.thecue.in