സുധി മാഡിസണ്‍ സംവിധാനം ചെയ്ത് മാത്യു തോമസും നസ്ലനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് 'നെയ്മര്‍'. തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ചിത്രത്തിന്റെ സ്നീക്ക് പീക്കാണ് ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ഒരു നായയെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയ ചിത്രം ഒരു അണ്ടര്‍ ഡോഗ് ഹീറോ ആവുന്ന കഥയാണ് പറയുന്നത്. രണ്ടര മാസം പ്രായമുള്ള നാടന്‍ നായയെ എടുത്ത് പരിശീലിപ്പിച്ചാണ് സിനിമ ചിത്രീകരിച്ചതെന്ന് സംവിധായകന്‍ സുധി മാഡിസണ്‍ നേരത്തെ ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
നെയ്മര്‍ എന്ന നായയെയും കൊണ്ട് വീട്ടിലത്തുന്ന മാത്യു തോമസിന്റെയും നസ്ലന്റെയും കഥാപാത്രങ്ങളെയാണ് പുറത്തുവിട്ട വീഡിയോയില്‍ നമുക്ക് കാണാനാവുക. നിഷ്‌കളങ്ക മുഖവുമായെത്തുന്ന നെയ്മര്‍ അടുത്ത വീട്ടില്‍ ചുറ്റി നടക്കുന്ന കോഴിയെ കണ്ട് അതിനെ പിടികൂടാന്‍ നടത്തുന്ന സാഹസികമായ രംഗമാണ് സ്‌നീക്ക് പീക്കായി പുറത്തു വിട്ടിരിക്കുന്നത്.
'ഓപ്പറേഷന്‍ ജാവ' എന്ന സിനിമയ്ക്ക് ശേഷം പദ്മ ഉദയ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കഥയും സുധി മാഡിസണ്‍ തന്നെയാണ്. മാത്യു തോമസിനും നെസ്ലനും പുറമേ വിജയരാഘവന്‍, ഷമ്മി തിലകന്‍, ജോണി ആന്റണി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സ്‌കറിയയും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.