'താരങ്ങളുടെ പ്രതിഫലം കൂട്ടിയതിൽ നിർമാതാക്കളുടെ സംഘടന കത്ത് നൽകിയിട്ടില്ല'; പ്രചരിക്കുന്ന വാർത്ത തെറ്റാണെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

'താരങ്ങളുടെ പ്രതിഫലം കൂട്ടിയതിൽ നിർമാതാക്കളുടെ സംഘടന കത്ത് നൽകിയിട്ടില്ല'; പ്രചരിക്കുന്ന വാർത്ത തെറ്റാണെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

മലയാള സിനിമ താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യ്ക്ക് കത്തുനൽകി എന്ന വാർത്ത തെറ്റാണെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സെക്രട്ടറി ബി രാകേഷ്. പ്രചരിക്കുന്ന വാർത്ത തെറ്റാണെന്നും അഭിനേതാക്കളുടെ സംഘടനയായ അമ്മയ്ക്ക് അസോസിയേഷൻ അത്തരത്തിൽ യാതൊരുവിധ കത്തും നൽകിയിട്ടില്ല എന്നും ബി രാകേഷ് പറയുന്നു. അടുത്തിടെ ചേർന്ന അമ്മയുടെ ജനറൽ ബോഡിയിൽ കഴിഞ്ഞ ഭരണ സമിതിക്ക് ആശംസയർപ്പിച്ച് ഒരു കത്ത് മാത്രമാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നൽകിയത് എന്നും അതിൽ സിനിമ വ്യവസായത്തിൽ സംഭവിക്കുന്ന ഇടിവുകളെക്കുറിച്ച് ചർച്ച ചെയ്യണമെന്നുമാണ് ആവശ്യപ്പെട്ടത് എന്നും ബി രാകേഷ് ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

എങ്ങനെ ഇത് ഒരു വാർത്തയായി എന്നത് അറിയില്ല. ഞങ്ങൾ അങ്ങനെയൊരു കത്ത് കൊടുത്തിട്ടില്ല. ഞങ്ങൾ അവരുടെ ജനറൽ ബോഡിക്ക് കഴിഞ്ഞ ഭരണ സമിതിക്ക് ആശംസയർപ്പിച്ച കൂട്ടത്തിൽ ഇൻഡസ്ട്രിയിലെ ബിസിനസ്സുകൾ വളരെ കുറവാണ് എന്നും ആ വിഷയം നിങ്ങൾ ചർച്ച ചെയ്യണമെന്നുമാണ് ആവശ്യപ്പെട്ടത്.

ബി രാകേഷ് (അസോസിയേഷൻ സെക്രട്ടറി

അതേ സമയം മലയാള സിനിമയുടെ ഒടിടി സാറ്റലൈറ്റ് തുടങ്ങിയ വിൽപ്പനകളിൽ കാര്യമായ ഇടിവ് സംഭവിച്ചിട്ടുണ്ട് എന്ന് ബി രാകേഷ് പറയുന്നു. ഇതിനെക്കുറിച്ച് ചർച്ച ചെയ്യേണ്ട ഒരു സാഹചര്യം ഉടൻ ഉണ്ടായേക്കാം എന്നാൽ അതൊരിക്കലും പെർമനന്റായി നിലനിൽക്കാൻ സാധ്യതയുള്ള ഒരു പ്രതിസന്ധി ആയിരിക്കില്ല എന്നും അദ്ദേഹം പറഞ്ഞു. എല്ലാ താരങ്ങൾക്കും സ്വന്തമായി പ്രൊഡക്ഷൻ ഹൗസ് ഉള്ളതുകൊണ്ട് തന്നെ അവർക്കും ഇതിനെക്കുറിച്ച് ധാരണയുണ്ടെന്നും മലയാള സിനിമകൾ പലതും ഒടിടിയിലേക്ക് വിറ്റു പോകാൻ പ്രയാസം നേരിടുന്നുണ്ട് എന്ന വസ്തുത നിലനിൽക്കേ തന്നെ എന്താണ് അതിന്റെ യഥാർത്ഥ കാരണം എന്നതിനെക്കുറിച്ച് നിലവിൽ വ്യക്തതയില്ല എന്നും ബി രാകേഷ് കൂട്ടിച്ചേർത്തു.

മലയാള സിനിമയിലെ പല താരങ്ങളും വലിയ തുക പ്രതിഫലം വാങ്ങാൻ ആരംഭിച്ചതോടെ നിർമാതാക്കൾ പ്രതിസന്ധിയിലായി എന്നും പ്രതിഫലം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട അഭിനേതാക്കളുടെ സംഘടനയായ അമ്മയ്ക്ക് കത്ത് നൽകി എന്നുമായിരുന്നു അടുത്തിടെ പ്രചരിച്ച വാർത്തകൾ. കനത്തപ്രതിഫലം വാങ്ങുന്ന താരങ്ങൾക്കും സഹായികൾക്കും വൻതുക ചെലവിടേണ്ട സ്ഥിതി വന്നതോടെ പുതിയ സിനിമകൾ ചിത്രീകരിക്കേണ്ടെന്ന് തമിഴ്‌നാട്ടിലെ നിർമാതാക്കളുടെ സംഘടനയായ ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിലിന്റെ തീരുമാനത്തിന് പിന്നാലെയാണ് മലയാള സിനിമയും ഇതേ പ്രതിസന്ധി നേരിടുന്നു എന്ന തരത്തിലുള്ള വാർത്തകൾ പുറത്തു വന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in