ഭ​ഗവത് ​ഗീതയെ നിന്ദിച്ചു, ഹിന്ദുവികാരത്തിന് നേരെയുള്ള ആക്രമണം, ഓപ്പൺഹൈമറിനെതിരെ സേവ് കൾച്ചർ സേവ് ഇന്ത്യ ഫൗണ്ടേഷൻ

ഭ​ഗവത് ​ഗീതയെ നിന്ദിച്ചു, ഹിന്ദുവികാരത്തിന് നേരെയുള്ള ആക്രമണം, ഓപ്പൺഹൈമറിനെതിരെ  സേവ് കൾച്ചർ സേവ് ഇന്ത്യ ഫൗണ്ടേഷൻ

ആറ്റംബോംബിന്റെ പിതാവായ ശാസ്ത്രഞ്ജൻ ജെ റോബർട്ട് ഓപ്പൺഹൈമറിന്റെ ജീവിതം ആസ്പദമാക്കി ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത ചിത്രം ഓപ്പൺഹൈമർ ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്തിയെന്ന് ആരോപണം. ഓപ്പൺഹൈമർ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കിലിയൻ മർഫി മറ്റൊരു കഥാപാത്രമായ ജീൻ ടാറ്റ്ലോക്കുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുകൊണ്ടിരിക്കേ ഭഗവത് ഗീത വായിക്കുന്ന രംഗത്തെ ചൂണ്ടിക്കാട്ടിയാണ് ആരോപണം ഉയർന്നിരിക്കുന്നത്. ഭഗവത് ഗീത വായിക്കുന്ന രംഗം ഹിന്ദു സംസ്‌കാരത്തെയും മതവികാരത്തെയും വ്രണപ്പെടുത്തുന്നു എന്നും ലോകമെമ്പാടുമുള്ള സിനിമകളിൽ നിന്ന് ആ രംഗം ഒഴിവാക്കണം എന്നാവശ്യപ്പെട്ട് സേവ് കൾച്ചർ സേവ് ഇന്ത്യ ഫൗണ്ടേഷന്റെ സ്ഥാപകൻ ഉദയ് മഹുക്കർ രം​ഗത്തെത്തി. ഇന്ത്യൻ ഗവൺമെന്റ് ഇൻഫർമേഷൻ കമ്മീഷണറായി നിയമിച്ച പത്രപ്രവർത്തകനാണ് ഉദയ് മഹുർക്കർ. വിഷയത്തിൽ ക്രിസ്റ്റഫർ നോളന് ഉദയ് മഹുർക്കർ തുറന്ന കത്തെഴുതിയിട്ടുണ്ട്.

ഓപ്പൺഹൈമർ എന്ന ചിത്രത്തിൽ ഹിന്ദുമതത്തെ വ്രണപ്പെടുത്തുന്ന ഒരു രംഗം ഉൾപ്പെട്ടതായി ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഹിന്ദുമതത്തിലെ ഏറ്റവും ആദരണീയമായ ഗ്രന്ഥങ്ങളിലൊന്നാണ് ഭഗവദ് ഗീത. ആത്മനിയന്ത്രണത്തോടെ ജീവിക്കുകയും നിസ്വാർത്ഥവും ശ്രേഷ്ഠവുമായ പ്രവൃത്തികൾ ചെയ്യുകയും ചെയ്യുന്ന എണ്ണമറ്റ സന്യാസിമാർക്കും ബ്രഹ്മചാരികൾക്കും ഇതിഹാസങ്ങൾക്കും ഗീത പ്രചോദനമാണ്. ഒരു ശാസ്ത്രജ്ഞന്റെ ജീവിതത്തെക്കുറിച്ചുള്ള ഈ അനാവശ്യ രംഗത്തിന് പിന്നിലെ പ്രചോദനവും യുക്തിയും നമുക്കറിയില്ല. എന്നാൽ ഇത് ഒരു ബില്യണോളം വരുന്ന സഹിഷ്ണുതയുള്ള ഹിന്ദുക്കളുടെ മതവിശ്വാസങ്ങൾക്ക് നേരെയുള്ള നേരിട്ടുള്ള ആക്രമണമാണ്. അതിനാൽ ലോകമെമ്പാടുമുള്ള സിനിമയിൽ നിന്ന് ഈ രംഗം ഒഴിവാക്കണമെന്നും ഈ അപ്പീൽ അവഗണിച്ചാൽ അത് ഇന്ത്യൻ സിവിലൈസേഷനോടുള്ള ബോധപൂർവ്വമായ ആക്രമണമായി കണക്കാക്കുമെന്നും ട്വിറ്ററിൽ പങ്കുവച്ച കുറിപ്പിൽ ഉദയ് മഹുർക്കർ പറയുന്നു.

എന്നാൽ ഖുർആനെക്കുറിച്ചോ ഇസ്ലാമിനെക്കുറിച്ചോ ഒരു സിനിമ ചെയ്യുകയാണെങ്കിൽ അത് ഒരു സാധാരണ മുസ്ലീമിന്റെ വിശ്വാസങ്ങളെ പോലും വ്രണപ്പെടുത്തുന്ന തരത്തിൽ ചിത്രീകരിക്കപ്പെടുന്നില്ല എന്ന വസ്തുതയുടെ കാര്യത്തിൽ ഏജൻസികളും മാധ്യമങ്ങളും രാഷ്ട്രീയവും എന്തിനേറെ നിങ്ങളുടെ ഹോളിവുഡ് സിനിമ വ്യവസായം പോലും വളരെ സെൻസിറ്റിവാണ്. ഇനിയത് ഇസ്ലാമിക്ക് ഭീകരത അടിസ്ഥാനമാക്കിയുള്ള ചിത്രമാണെങ്കിൽപ്പോലും ഈ ചുവന്ന വര കടക്കാൻ ശ്രമിക്കുന്ന എല്ലാവരെയും വിളിക്കുന്ന പോപ്പുലറായ പേരാണ് ഇസ്ലാമോഫോബിക്ക് എന്ന്. എന്തുകൊണ്ട് അതേ മര്യാദ ഹിന്ദുക്കൾക്കും നൽകുന്നില്ല?

മഹുർക്കറുടെ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് നിരവധി പേർ ട്വിറ്ററിൽ ഓപ്പൺഹൈമറിൽ നിന്ന് രം​ഗം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുന്നുണ്ട്. ഈ സീൻ സെൻസർബോർഡ് എന്തുകൊണ്ട് നീക്കം ചെയ്തില്ലെന്നും പലരും ചോദിക്കുന്നു.

എന്നാൽ ഇതേ സമയം ഇന്ത്യൻ ബോക്‌സ് ഓഫീസിൽ മികച്ച പ്രകടനമാണ് ഓപ്പൺഹൈമർ കാഴ്ചവെയ്ക്കുന്നത്. ആദ്യ ദിനം തന്നെ 13.50 കോടിയോളം രൂപയാണ് ഇന്ത്യൻ തിയറ്ററുകളിൽ നിന്ന് ഓപ്പൺഹൈമർ നേടിയത്. രണ്ടാം ലോക മഹായുദ്ധത്തിൽ അമേരിക്കയുടെ വിജയത്തിനായി ജെ. റോബർട്ട് ഓപ്പൻഹൈമർ സൃഷ്ടിച്ച ആറ്റം ബോംബ് എങ്ങനെയാണ് ലോകത്തെ തന്നെ മാറ്റിമറിച്ചത് എന്നാണ് സിനിമയുടെ പ്രമേയം. പൂർണ്ണമായും 70 എംഎം ഐമാക്സ് ക്യാമറ ഉപയോഗിച്ച് ചിത്രീകരിച്ച ആദ്യ സിനിമ സിനിമയാണ് ക്രിസ്റ്റഫർ നോളന്റെ ഓപ്പൺഹൈമർ

Related Stories

No stories found.
logo
The Cue
www.thecue.in