'പാബ്ലോ ചേട്ടന്' പിന്നാലെ ഇതാ പാര് നമ്മ സ്റ്റോറീസ്, സൗത്ത് പിടിക്കാന്‍ നെറ്റ്ഫ്‌ളിക്‌സ്; റാപ്പുമായി അറിവും നീരജ് മാധവും

'പാബ്ലോ ചേട്ടന്' പിന്നാലെ ഇതാ പാര് നമ്മ സ്റ്റോറീസ്, സൗത്ത് പിടിക്കാന്‍ നെറ്റ്ഫ്‌ളിക്‌സ്; റാപ്പുമായി അറിവും നീരജ് മാധവും

ദക്ഷിണേന്ത്യയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും കൂടുതല്‍ ഒറിജിനല്‍ കണ്ടന്റ് സൃഷ്ടിക്കുന്നതിനുമായി നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യ സൗത്ത് എന്ന ട്വിറ്റര്‍ ഹാന്‍ഡില്‍ നെറ്റ്ഫ്‌ളിക്‌സ് തുടങ്ങിയിരുന്നു. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകള്‍ ഇടകലര്‍ത്തിയുള്ള ട്വീറ്റുകള്‍ക്കും മറുപടിക്കും പിന്നാലെ 'നമ്മ സ്റ്റോറീസ്- ദ സൗത്ത് ആന്തെം എന്ന പേരില്‍ തെരുക്കുറല്‍ അറിവ്, നീരജ് മാധവ് എന്നിവരെ അണിനിരത്തി റാപ്പ് വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് നെറ്റ്ഫ്‌ളിക്‌സ്. മലയാളി വന്നട..ആർപ്പ് വിളിക്കടാ എന്ന വരികളിൽ നിന്നാണ് നീരജ് മാധവിന്റെ റാപ് തുടങ്ങുന്നത്. റസൂൽ പൂക്കുട്ടിയുടെ ഓസ്കാർ, ശശി തരൂരിന്റെ ഇംഗ്ളീഷ് പ്രാവണ്യം, മോഹന്‍ലാല്‍, മമ്മൂട്ടി, പൊറോട്ടയും ബീഫും, ചെണ്ടമേളം, കഥകളി തുടങ്ങിയവയെല്ലാം നീരജ് മാധവന്റെ വരികളിൽ ഉൾപ്പെടുന്നു. കാർത്തിക് ഷായാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളില്‍ നെറ്റ്ഫ്‌ളിക്‌സിന്റെ എതിരാളികളായ ആമസോണ്‍ പ്രൈം വീഡിയോ ദക്ഷിണേന്ത്യന്‍ കണ്ടന്റുകളുമായി മുന്നേറുന്ന സാഹചര്യത്തിലാണ് നെറ്റ്ഫ്‌ളിക്‌സ് ദക്ഷിണേന്ത്യന്‍ പ്രേക്ഷകരെ ലക്ഷ്യമിടുന്ന ആന്തോളജിയും ഒറിജിനലും സീരീസുമായി എത്തുന്നത്. മലയാളം എക്‌സ്‌ക്ലൂസിവ് വെബ് സീരീസും നെറ്റ്ഫ്‌ലിക്‌സ് പരിഗണനയിലുണ്ട് എന്നറിയുന്നു. 2016ല്‍ ഇന്ത്യയില്‍ എത്തിയെങ്കിലും ഇന്ത്യയില്‍ നിന്നുള്ള സിനിമകളുടെയും സീരീസിന്റെയും കാര്യത്തില്‍ ആമസോണിനെ വെല്ലുന്ന പ്രകടനം കാഴ്ച വെക്കാന്‍ നെറ്റ്ഫ്‌ളിക്‌സിന് കഴിഞ്ഞിരുന്നില്ല. മലയാളത്തില്‍ നിന്നുള്ള ഒടിടി പ്രിമിയറുകളുടെ കാര്യത്തിലും നെറ്റ്ഫ്‌ളിക്‌സ് നിരാശയാണ് സമ്മാനിച്ചിരുന്നത്. സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണത്തില്‍ ഇന്ത്യയില്‍ ഒന്നാമതുള്ള ഒടിടി പ്ലാറ്റ്‌ഫോം ആണ് നെറ്റ്ഫ്‌ളിക്‌സ്.

നാര്‍കോസിലെ പാബ്ലോ എക്‌സോബാറിനെ മുണ്ടുടുപ്പിച്ചും മണി ഹേസ്റ്റിന് സൗത്ത് വേര്‍ഷന്‍ സൃഷ്ടിച്ചുമുള്ള പോസ്റ്ററുകള്‍ നേരത്തെ ട്വീറ്റ് ഹാന്‍ഡിലില്‍ തരംഗം തീര്‍ത്തിരുന്നു. നെറ്റ്ഫ്‌ളിക്‌സിന്റെ പോപ്പുലര്‍ സീരീസുകള്‍ക്ക് തമിഴ്, തെലുങ്ക്, മലയാളം ഡബ്ബ് പതിപ്പുകള്‍ പുറത്തിറക്കാനും പദ്ധതിയുണ്ട്. മണിരത്‌നം നിര്‍മ്മിച്ച് 9 സംവിധായകര്‍ ഒന്നിക്കുന്ന നവരസ എന്ന ആന്തോളജിയാണ് നെറ്റ്ഫ്‌ളിക്‌സിന്റേതായി ഉടന്‍ വരാനിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in