'പാരമ്പര്യം നിലനിർത്താൻ ഒരു ആൺകുഞ്ഞ് വേണം, റാം ചരണിന് ഇനിയും പെൺകുഞ്ഞ് ഉണ്ടാകുമോയെന്ന് എനിക്ക് പേടിയുണ്ട്': ചിരഞ്ജീവി

'പാരമ്പര്യം നിലനിർത്താൻ ഒരു ആൺകുഞ്ഞ് വേണം, റാം ചരണിന് ഇനിയും പെൺകുഞ്ഞ് ഉണ്ടാകുമോയെന്ന് എനിക്ക് പേടിയുണ്ട്': ചിരഞ്ജീവി
Published on

തന്റെ പാരമ്പര്യം നിലനിർത്താൻ ഒരു മകൻ വേണമെന്നാണ് തന്റെ ആ​ഗ്രഹം എന്ന് നടൻ ചിരഞ്ജീവി. ബ്രഹ്മ ​ആനന്ദം എന്ന തെലുഗു ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റിൽ പങ്കെടുക്കവേയാണ് ചിരഞ്ജീവി ഇത്തരമൊരു പരാമർശം നടത്തിയത്. ചിരഞ്ജീവിയുടെ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒരു വിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണ്. വീട്ടിൽ സ്ത്രീകൾ കൂടുതലായതിനാൽ ഒരു വനിതാ ഹോസ്റ്റലിന്റെ വാർഡനെപ്പോലെയാണ് തനിക്ക് തോന്നാറുള്ളതെന്നും തന്റെ പാരമ്പര്യം നിലനിർത്താനായി ഒരു ആൺകുട്ടി വേണമെന്ന് മകൻ റാം ചരണിനോട് താൻ പറയാറുണ്ടെന്നും ചിരഞ്ജീവി പറയുന്നു. തന്റെ മകന് ഇനിയും ഒരു പെൺകുട്ടിയുണ്ടാകുമോ എന്നോർത്ത് തനിക്ക് പേടിയുണ്ടെന്നും ചിരഞ്ജീവി കൂട്ടിച്ചേർത്തു.

ചിരഞ്ജീവി പറഞ്ഞത്:

ഞാൻ എന്റെ വീട്ടിലായിരിക്കുമ്പോൾ എനിക്ക് എന്റെ കൊച്ചുമക്കൾക്ക് ഒപ്പം ഇരിക്കുന്നത് പോലയല്ല തോന്നാറ്. ഞാൻ ഒരു ലേഡീസ് ഹോസ്റ്റൽ വാർ‌ഡൻ ആണെന്നാണ് അപ്പോൾ എനിക്ക് തോന്നുക. ചുറ്റം സ്ത്രീകളാൽ ചുറ്റപ്പെട്ടത് പോലെയാണ്. ഞാൻ എപ്പോഴും ആ​ഗ്രഹിക്കുകയും റാം ചരണിനോട് പറയുകയും ചെയ്യാറുണ്ട് ഇത്തവണയെങ്കിലും നമ്മുടെ കുടുംബത്തിന്റെ പാരമ്പര്യം നിലനിർത്താൻ നിനക്ക് ഒരു ആൺകുട്ടി വേണമെന്ന്. പക്ഷേ അവന് അവന്റെ മകൾ കണ്ണിലെ കൃഷ്ണമണി പോലെയാണ്. അവന് വീണ്ടും ഒരു പെൺകുട്ടി ജനിക്കുമോയെന്ന് എനിക്ക് പേടിയുണ്ട്.

ചിരഞ്ജീവിയുടെ സെക്സിസ്റ്റ് പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ആൺകുട്ടികൾക്ക് മാത്രമേ കുടുംബത്തി‍ന്റെ പാരമ്പര്യം മുന്നോട്ട് കൊണ്ടു പോകാൻ സാധിക്കുന്ന എന്ന കാലാഹരണപ്പെട്ട ചിന്തയാണ് ചിരഞ്ജീവിയുടെ വാക്കുകളെന്ന് പലരും സോഷ്യൽ മീഡിയിയൽ കുറിച്ചു. 2025 ലും ചിരഞ്ജീവിയെപ്പോലെ ഒരാൾ കാലാഹരണപ്പെട്ട ലിംഗവിവേചനത്തെ പിന്തുണയ്ക്കുന്നത് കാണുന്നത് ഏറെ നിരാശായും അത്ഭുതവും തോന്നിപ്പിക്കുന്നു. എനിക്കും ഒരു പെൺകുട്ടിയുണ്ട്, അടുത്തതായി ഒരു ആൺകുട്ടി മതിയെന്ന് നൂറിൽപരം ആളുകളിൽ നിന്ന് തന്നെ ഞാൻ ഇതിനകം കേട്ടിട്ടുണ്ട്. നമുക്ക് നിയന്ത്രിക്കാൻ സാധിക്കാത്ത കാര്യങ്ങളെ ആളുകൾ നിയന്ത്രിക്കാൻ ശ്രമിക്കുന്നത് കാണുമ്പോൾ തന്നെ പേടി തോന്നുന്നു. ഒരു എക്സ് ഹാൻഡിൽ ചിരഞ്ജീവിക്കെതിരെ കുറിച്ചു.

അതേ സമയം ചിരഞ്ജീവിയെ പിന്തുണച്ചു കൊണ്ടും കമന്റുകൾ ഉണ്ട്. എനിക്ക് ചിരഞ്ജീവിയെ ഇഷ്ടമല്ല പക്ഷേ, അദ്ദേഹം ഈ പറഞ്ഞതിൽ എവിടെയും സെക്സിസമോ സ്ത്രീവിരുദ്ധതയോ എനിക്ക് തോന്നിയില്ല. അദ്ദേഹത്തിന്റെ കൊച്ചുമക്കൾ എല്ലാം പെൺകുട്ടികളാണ്. അയാൾക്ക് ഒരു കൊച്ചുമകനെ വേണമെന്ന് പറഞ്ഞതിൽ എന്താണ് കുഴപ്പം? - ഒരു എക്സ് ഹാൻഡിൽ ചിരഞ്ജീവിയെ അനുകൂലിച്ച് എഴുതി.

2023 ലാണ് റാം ചരണിനും ഭാര്യ ഉപാസനയ്ക്കും പെൺകുഞ്ഞ് ജനിക്കുന്നത്. ക്ലിൻ കാര എന്നാണ് മകൾക്ക് റാം ചരൺ പേര് നൽകിയിരിക്കുന്നത്. റാം ചരണിനെ കൂടാതെ ശ്രീജ കൊനിഡേല, സുസ്മിത കൊനിഡേല എന്നീ രണ്ട് പെൺമക്കൾ കൂടിയുണ്ട് ചിരഞ്ജീവിക്ക്.

Related Stories

No stories found.
logo
The Cue
www.thecue.in