ധനുഷുമായുള്ള തർക്കത്തിൽ നയൻതാരയുടെ ആദ്യപ്രതികരണം, പബ്ലിസിറ്റിക്ക് വേണ്ടി ഒരാളുടെ ഇമേജ് തകർക്കണം എന്നാഗ്രഹിക്കുന്ന ആളല്ല ഞാൻ: നയൻ‌താര

ധനുഷുമായുള്ള തർക്കത്തിൽ നയൻതാരയുടെ ആദ്യപ്രതികരണം, പബ്ലിസിറ്റിക്ക് വേണ്ടി ഒരാളുടെ ഇമേജ് തകർക്കണം എന്നാഗ്രഹിക്കുന്ന ആളല്ല ഞാൻ: നയൻ‌താര
Published on

പബ്ലിസിറ്റിക്ക് വേണ്ടി ഒരാളുടെ ഇമേജ് തകർക്കണം എന്നാഗ്രഹിക്കുന്ന ആളല്ല താനെന്ന് നടി നയൻ‌താര. നെറ്റ്ഫ്ള്കിസ് നിർമ്മിച്ച Nayanthara: Beyond the Fairytale എന്ന ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് നടൻ ധനുഷുമായി നിലനിൽക്കുന്ന തർക്കത്തിലാണ് നയൻതാരയുടെ പ്രതികരണം. വിവാദമാകണം എന്ന ഉദ്ദേശത്തിൽ എഴുതിയതല്ല ധനുഷിനുള്ള തുറന്ന കത്ത്. ഡോക്യുമെന്ററിക്കുള്ള പിആർ വർക്കാണെന്നാണ് പലരും പറഞ്ഞത്. ഹിറ്റും ഫ്ളോപ്പും നിശ്ചയിക്കാൻ ഇത് സിനിമയല്ലല്ലോ ഡോക്യുമെന്ററിയല്ലേ എന്നും ഹോളിവുഡ് റിപ്പോർട്ടർ എഡിറ്റർ അനുപമാ ചോ​പ്രക്ക് നൽകിയ അഭിമുഖത്തിൽ നയൻതാര.

നയൻതാരയുടെ ജീവിതകഥ പ്രമേയമായ ഡോക്യൂമെന്ററിയിൽ സംവിധായകനും നയൻതാരയുടെ ഭർത്താവുമായ വി​ഗ്നേഷ് ശിവൻ സംവിധാനം ചെയ്ത 'നാനും റൗഡി താൻ' എന്ന സിനിമയിലെ ഭാഗങ്ങൾ ഉൾപ്പെടുത്തുന്നതിന് എൻഒസി നിഷേധിച്ചതും പിന്നീട് ട്രെയ്‌ലറിൽ ബിടിഎസ് രംഗങ്ങൾ ഉൾപ്പെടുത്തിയപ്പോൾ ധനുഷ് നഷ്ടപരിഹാരം ആവശ്യപ്പെട്ടതുമെല്ലാം വാർത്തയായിരുന്നു. തുടർന്ന് നയൻ‌താര ധനുഷിനെതിരെ തുറന്ന കത്തെഴുതിയതും വിവാദമായിരുന്നു.

നയൻ‌താര പറഞ്ഞത്:

വിവാദമാകണം എന്ന ഉദ്ദേശത്തിൽ എഴുതിയതല്ല ധനുഷിനുള്ള കത്ത്. ആ സമയത്താണ് എനിക്ക് ലീഗൽ നോട്ടീസ് ലഭിക്കുന്നത്. അതിൽ എന്ത് ചെയ്യാൻ കഴിയും എന്ന് ആലോചിക്കാൻ തന്നെ രണ്ടോ മൂന്നോ ദിവസം എടുത്തു. ശരിയാണെന്ന് എനിക്ക് തോന്നുന്ന ഒരു കാര്യത്തിൽ ഞാനെന്തിന് ഭയപ്പെടണം. തെറ്റായ എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിലേ ഭയപ്പെടേണ്ടതുള്ളൂ. പബ്ലിസിറ്റിക്ക് വേണ്ടി ഒരാളുടെ ഇമേജിന് കളങ്കമുണ്ടാക്കണം എന്നാഗ്രഹിക്കുന്ന ആളല്ല ഞാൻ. ഒരുപാട് പേർ ഈ വിഷയത്തിൽ ഞങ്ങളെ സപ്പോർട്ട് ചെയ്തിട്ടുണ്ട്. ധനുഷിന്റെ ഫാൻസായിട്ടുള്ളവർ എതിർത്തിട്ടുമുണ്ട്. അവർ പറയുന്നത് ഡോക്യൂമെന്ററിക്ക് വേണ്ടിയുള്ള പിആർ വർക്കാണ് കത്തെന്നാണ്. അതായിരുന്നില്ല ഉദ്ദേശം. ഞങ്ങളുടെ മനസ്സിലൂടെ അങ്ങനെയൊന്ന് കടന്നു പോയിട്ടേയില്ല.

ഒരു ഫിലിം എന്നതിനേക്കാൾ അപ്പുറം അതൊരു ഡോക്യൂമെന്ററി ആയിരുന്നു. നിങ്ങൾക്ക് ഇഷ്ടമുള്ള ഒരാളെ കുറിച്ച് നിങ്ങൾക്ക് കൂടുതൽ അറിയാൻ താല്പര്യമുണ്ടെങ്കിൽ കാണാം എന്നുള്ളതേ അതിലുള്ളു. ഒരു ഹിറ്റിന്റെയും ഫ്ലോപ്പിന്റെയും ഉള്ളിൽ ഉൾപ്പെടുന്ന കാര്യമല്ല ആ ഡോക്യൂമെന്ററി. കളക്ഷൻ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഒരു പ്രശ്‌നമേയല്ല ഈ വിഷയത്തിൽ.

ഇവിടെ വിവാദമുണ്ടായത് ഞാൻ സംസാരിച്ചപ്പോഴാണ്. എന്താണ് ഈ വിഷയത്തിലെ ആശയക്കുഴപ്പം എന്നറിയാൻ വ്യക്തിപരമായി ഒരുപാട് തവണ ധനുഷിനെ കോണ്ടാക്ട് ചെയ്യാൻ ശ്രമിച്ചിരുന്നു. പിന്നീട് ആ ക്ലിപ്പുകൾ ഉപയോഗിക്കേണ്ട എന്ന അവസ്ഥയിലേക്ക് ഞാനും വിഘ്‌നേഷും എത്തി. എൻഓസി തരണോ വേണ്ടയോ എന്നുള്ളത് ധനുഷാണ് തീരുമാനിക്കേണ്ടത്. കാരണം അത് ധനുഷിന്റെ സിനിമയായിരുന്നു. എൻഓസി തരാതിരുന്നാലും കുഴപ്പമില്ല.

Related Stories

No stories found.
logo
The Cue
www.thecue.in