നയൻതാര എന്ന പേരാണ് എന്റെ ഹൃദയത്തോട് എന്നും ചേർന്ന് നിൽക്കുന്നത്; 'ലേഡി സൂപ്പർസ്റ്റാർ' വിളി ഇനി വേണ്ടെന്ന് നയൻതാര

നയൻതാര എന്ന പേരാണ് എന്റെ ഹൃദയത്തോട് എന്നും ചേർന്ന് നിൽക്കുന്നത്; 'ലേഡി സൂപ്പർസ്റ്റാർ' വിളി ഇനി വേണ്ടെന്ന് നയൻതാര
Published on

തന്നെ ഇനി മുതൽ ‘ലേഡി സൂപ്പർസ്റ്റാർ’ എന്നു വിശേഷിപ്പിക്കരുതെന്ന് ആരാധകരോടും മാധ്യമങ്ങളോടും അഭ്യർഥിച്ച് നടി നയൻതാര. നയന്‍താര എന്ന പേരാണ് തന്റെ ഹൃദയത്തോട് എന്നും ചേർന്ന് നിൽക്കുന്ന പേര് എന്നും ഒരു നടി എന്നതിൽ നിന്ന് മാറി ഒരു വ്യക്തി എന്ന നിലയിൽ താൻ ആരാണെന്ന് ആ പേരിലൂടെയാണ് പ്രതിനിധീകരിക്കപ്പെടുന്നതെന്നും നയൻതാര പറഞ്ഞു. നയൻതാരയുടെ എക്സ് ഹാൻഡിൽ വഴി പങ്കുവച്ച കുറിപ്പിലാണ് താരം ഈ പ്രസ്താവന നടത്തിയത്.

നയൻതാര പങ്കുവച്ച കുറിപ്പ്:

നിരുപാധികമായ നിങ്ങളുടെ സ്നേഹവും വാത്സല്യവും കൊണ്ട് എല്ലായ്പ്പോഴും അലങ്കരിക്കപ്പെട്ട ഒരു തുറന്ന പുസ്തകമാണ് എൻ്റെ ജീവിതം. എൻ്റെ വിജയത്തിൽ തോളിൽ തട്ടിയും കഷ്ടപ്പാടുകളിൽ എനിക്ക് നേരെ കൈ നീട്ടിയും നിങ്ങൾ എപ്പോഴും എനിക്കൊപ്പം ഉണ്ടായിരുന്നു.നിങ്ങളിൽ പലരും എന്നെ ‌ലേഡി സൂപ്പർസ്റ്റാർ എന്ന് സ്നേഹപൂർവം വിളിച്ചിട്ടുണ്ട്.നിങ്ങളുടെ അതിരറ്റ സ്നേഹത്തിൽ നിന്ന് ജനിച്ച ഒരു പദവിയാണത്. അത്രയും വിലപ്പെട്ട ഒരു പദവി നൽകി എന്നെ കിരീടമണിയിച്ചതിന് ഞാൻ നിങ്ങളോട് എല്ലാവരോടും കടപ്പെട്ടിരിക്കുന്നു. എങ്കിലും നിങ്ങളെല്ലാവരും എന്നെ നയൻതാര എന്ന് വിളിക്കണമെന്ന് ഞാൻ വിനീതമായി അഭ്യർത്ഥിക്കുന്നു. കാരണം എന്റെ ഹൃദയത്തോട് ഏറ്റവും അടുത്തു നിൽക്കുന്ന പേരാണ് അത്. ഒരു നടി എന്ന നിലയിൽ മാത്രമല്ല, ഒരു വ്യക്തി എന്ന നിലയിലും ഞാൻ ആരാണെന്ന് അത് പ്രതിനിധീകരിക്കുന്നു. സ്ഥാനപ്പേരുകളും അംഗീകാരങ്ങളും വിലമതിക്കാനാവാത്തതാണ്, പക്ഷേ അവ ചിലപ്പോൾ നമ്മുടെ ജോലിയിൽ നിന്നും നിങ്ങളുമായി ഞാൻ പങ്കിടുന്ന നിരുപാധികമായ ബന്ധത്തിൽ നിന്നും നമ്മെ വേർതിരിക്കുന്നുണ്ടെന്ന ഒരു പ്രതീതി സൃഷ്ടിക്കാൻ കാരണമായേക്കാം. എല്ലാ പരിധികൾക്കും അപ്പുറത്തേക്ക് ഏവരെയും ഒരുപോലെ ബന്ധിപ്പിക്കുന്ന സ്നേഹത്തിന്റെ ഭാഷയാണ് നമ്മൾ പങ്കിടുന്നത് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. നമ്മുടെ എല്ലാവരുടെയും ഭാവി പ്രവചനാതീതമായിരിക്കുമെങ്കിലും, നിങ്ങൾ എനിക്ക് നൽകുന്ന അചഞ്ചലമായ പിന്തുണ എന്നും നിലനിൽക്കുമെന്നതിൽ ഞാൻ വളരെ സന്തുഷ്ടയാണ്, ഒപ്പം നിങ്ങളെ എന്റർടെയ്ൻ ചെയ്യിക്കാനുള്ള എന്റെ കഠിനാധ്വാനവും ഇതോടൊപ്പം നിലനിൽക്കും. സിനിമയാണ് നമ്മളെ ഒരുമിച്ചു നിർത്തുന്നത്, നമുക്കത് ഒരുമിച്ച് ആഘോഷിക്കാം.

Related Stories

No stories found.
logo
The Cue
www.thecue.in