ഷാരൂഖ് ഖാനോടുള്ള ഇഷ്ടം കൊണ്ട് മാത്രം താൻ ചെയ്യാൻ തയ്യാറായ ചിത്രമാണ് ജവാൻ എന്ന് നടി നയൻതാര. നയൻതാരയുടെ ഇരുപത് വർഷം നീണ്ട കരിയറിലെ ആദ്യ ഹിന്ദി ചിത്രമായിരുന്നു ഷാരൂഖ് ഖാൻ നായകനായെത്തിയ ജവാൻ. ബോളിവുഡിലേക്ക് ഒരു എൻട്രി നടത്താനോ അവിടെ ഒരു കരിയർ പടുത്തുയർത്താനോ വേണ്ടിയല്ല ജവാൻ ചെയ്തതെന്നും, പൂർണ്ണമായും ആറ്റ്ലീയോടും ഷാരൂഖ് സാറിനോടുമുള്ള സ്നേഹത്തിന്റെ പുറത്താണ് ആ സിനിമയുടെ ഭാഗമായത് എന്നും നയൻതാര ദ ഹോളിവുഡ് റിപ്പോര്‍ട്ടറിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
നയൻതാര പറഞ്ഞത്:
ഞാൻ ജവാൻ ചെയ്തത് ബോളിവുഡിൽ ഒരു എൻട്രിക്ക് വേണ്ടിയിട്ടോ അതിന് ശേഷം അവിടെ ഒരു കരിയർ പടുത്തുയർത്താനോ വേണ്ടിയല്ല. ഷാരൂഖ് ഖാൻ സാറിനെ ഇഷ്ടമായത് കൊണ്ട് മാത്രമാണ് ഞാൻ ജവാൻ ചെയ്തത്, അദ്ദേഹം എന്നോട് സംസാരിച്ചു, അദ്ദേഹം എന്നെ വളരെ കംഫർട്ടബിൾ ആക്കി. ഹിന്ദി സിനിമയിലേക്ക് വരിക എന്നത് എൻ്റെ കരിയറിൽ ഞാൻ ഇതുവരെ ചെയ്യാത്ത ഒരു കാര്യമാണ്. അദ്ദേഹത്തിനോട് എനിക്ക് വളരെയധികം സ്നേഹവും ബഹുമാനവും ഉണ്ട്. പിന്നെ മറ്റൊരു പ്രധാന ഘടകം ആറ്റ്‌ലിയാണ്. അദ്ദേഹം എനിക്ക് എന്റെ ഇളയ സഹോദരനെപ്പോലെയാണ്. എനിക്ക് ആറ്റ്‌ലിക്കൊപ്പം വർക് ചെയ്യുന്നതും കംഫർട്ടബിളാണ്. അദ്ദേഹത്തിന്റെ ആദ്യ സിനിമ മുതൽ ജവാൻ വരെ എടുത്താൽ കഷ്ടിച്ച് ഒന്നോ രണ്ടോ സിനിമകൾ മാത്രമേ ഞങ്ങൾ ഒരുമിച്ച് ചെയ്യാത്തതായുള്ളൂ. അദ്ദേഹത്തിന്റെ ഏറ്റവും കൂടുതൽ സിനിമകൾ ഞാൻ ചെയ്തിട്ടുണ്ട്. ഞങ്ങൾ തമ്മിൽ പങ്കിടുന്നൊരു നല്ല ബന്ധമാണ് അത്. അദ്ദേഹത്തിന് ഞാനാണ് ഈ സിനിമയ്ക്ക് വേണ്ടതെന്ന് തോന്നിയാൽ ഞാൻ അതിന് വേണ്ടി അവിടെയുണ്ടാവും. അതെപ്പോഴും അങ്ങനെ തന്നെയാണ്. ജവാൻ ഞാൻ പൂർണ്ണമായും ആറ്റ്‌ലിക്കും ഷാരൂഖ് സാറിനും വേണ്ടി ചെയ്തതാണ്.
കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായിരുന്നു ഷാരൂഖ് ഖാൻ-ആറ്റ്ലി കൂട്ടുകെട്ടിന്റെ ജവാൻ. 1000 കോടിക്ക് മുകളിൽ കളക്ഷനും നേടിയിരുന്നു ചിത്രം. നയൻതാര നായികയായെത്തിയ ചിത്രത്തിൽ വിജയ് സേതുപതിയാണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത്. ദീപിക പദുകോണും ചിത്രത്തിൽ കാമിയോ റോളിൽ എത്തിയിരുന്നു. പ്രിയാമണി, സാനിയ മൽഹോത്ര, യോഗി ബാബു, സുനിൽ ഗ്രോവർ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. റെഡ് ചില്ലീസ് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ഗൗരി ഖാൻ ആണ് ജവാൻ നിർമ്മിച്ചത്.