'മലയാള സിനിമ വ്യത്യസ്ത തരത്തിലുള്ള പരീക്ഷണങ്ങൾ നടത്തുന്നത് എന്നെ വല്ലാതെ ആകർഷിക്കുന്നുണ്ട്'; നവാസുദ്ദീന്‍ സിദ്ദിഖി

'മലയാള സിനിമ വ്യത്യസ്ത തരത്തിലുള്ള പരീക്ഷണങ്ങൾ നടത്തുന്നത് എന്നെ വല്ലാതെ ആകർഷിക്കുന്നുണ്ട്'; നവാസുദ്ദീന്‍ സിദ്ദിഖി
Published on

മലയാള സിനിമയിൽ വലിയ താരങ്ങൾ അടക്കം പരീക്ഷണ ചിത്രങ്ങളിൽ താൽപര്യം കാണിക്കുന്നത് തന്നെ ആകർഷിക്കുന്നുണ്ട് എന്ന് നടൻ നവാസുദ്ദീന്‍ സിദ്ദിഖി. മലയാളത്തിൽ നിർമിക്കപ്പെടുന്ന 'ന്യൂ വേവ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന പല ചിത്രങ്ങൾക്കും അവിടെ തിയറ്ററുകൾ ലഭിക്കുന്നുണ്ടെന്നും എന്നാൽ അതൊരിക്കലും ബോളിവുഡിൽ സംഭവിക്കുകയില്ലെന്നും നവാസുദ്ദീന്‍ സിദ്ദിഖി പറയുന്നു. ഹ്യൂമൻസ് ഓഫ് സിനിമ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നവാസുദ്ദീന്‍ സിദ്ദിഖി മലയാള സിനിമയുടെ പുതിയ മാറ്റങ്ങളെക്കുറിച്ചും അതിന്റെ ആകർഷണീയതയെക്കുറിച്ചും സംസാരിച്ചത്.

നവാസുദ്ദീന്‍ സിദ്ദിഖി പറഞ്ഞത്:

മലയാളം സിനിമയിൽ ഈ പുതിയ തരം​​ഗം സംഭവിക്കാൻ കാരണം അവർ വിദ്യാസമ്പന്നരാണ് എന്നത് കൊണ്ടായിരിക്കാം. വളരെ അനായാസമാണ് അവർ സിനിമയോട് പൊരുത്തപ്പെടുന്നത്. മാത്രമല്ല അവിടെയുള്ള താരങ്ങൾ ഒരുപാട് പരീക്ഷണ സിനിമകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്, മറ്റൊരു കാര്യം എന്തെന്നാൽ അവരുടെ സിനിമകൾ അതായത് ഈ ന്യൂ വേവ് എന്ന് വിളിക്കുന്ന സിനിമകൾ തിയറ്ററുകളിൽ റിലീസ് ചെയ്യപ്പെടുന്നുണ്ട് എന്നതാണ്. ഇതിനെക്കാൾ വലിയ കാര്യം മറ്റൊന്നുമില്ല, അവിടുത്തെ താരങ്ങളും മറ്റ് അഭിനേതാക്കളും ഒരുമിച്ച് തീരുമാനിച്ചിട്ടുള്ളതാണോ ഇത് എന്ന് എനിക്കറിയില്ല. അത് വളരെ നല്ല കാര്യമാണ്. അവിടുത്തെ തിയറ്ററുകളിൽ അത്തരത്തിലുള്ള സിനിമ എത്തുകയും അത് കാണാൻ ജനങ്ങൾ എത്തുകയും ചെയ്യുന്നുണ്ട്. പക്ഷേ ഇവിടെ അത് സംഭവിക്കില്ല. വളരെ കഷ്ടപ്പെട്ടാണ് ഇവിടെ അത്തരത്തിലുള്ള സിനിമകൾ റിലീസിന് എത്തുന്നത്. ഇവിടെ എല്ലാവരും കരുതുന്നത് ഒടിടി വരട്ടെ എന്നാണ്. പക്ഷേ ഇവിടെ ഒടിടി പോലും നമ്മുടെ സിനിമ എടുക്കാൻ തയ്യാറല്ല. ചില ഒടിടികൾ അത് ചെയ്യുന്നതിൽ എനിക്ക് നന്ദിയുണ്ട്.

ഇവിടെ ഒരു തവണ ഒരു വലിയ സിനിമ ഹിറ്റായി കഴിഞ്ഞാൽ പിന്നെ അടുത്ത അ‍ഞ്ച് വർഷത്തേക്ക് ആളുകൾ വലിയ സിനിമകൾ മാത്രമേ നിർമിക്കുകയുള്ളൂ. എന്നാൽ അതിൽ ഭൂരുഭാ​ഗവും പരാജയപ്പെടുകയും ചെയ്യുന്നു. ഒരു സിനിമ ഹിറ്റായി കഴിഞ്ഞാൽ പിന്നാലെ വരുന്ന സിനിമകളെല്ലാം അതിനെ അനുകരിക്കാൻ ശ്രമിക്കും. പക്ഷേ താങ്കൾ ഇപ്പോൾ പറഞ്ഞത് പോലെ മലയാള സിനിമയാണെങ്കിൽ അവർക്ക് വ്യത്യസ്ത തരത്തിലുള്ള ചിന്തകളാണ് ഉള്ളത്, വ്യത്യസ്ത തരത്തിലുള്ള വിഷയങ്ങളാണ് അവർ കെെകാര്യം ചെയ്യുന്നത്, അവർ ഒരുപാട് പരീക്ഷണങ്ങൾ നടത്തുന്നുണ്ട്. അത് വളരെ മനോഹരമായ കാര്യമാണ്. അത് എന്നെ വല്ലാതെ ആകർഷിക്കുന്നുണ്ട്. അവിടുത്തെ താരങ്ങൾ വളരെ ആഴത്തിലുള്ള സിനിമകൾ നിർമിക്കുന്നു. അതിന് ബ‍‍ഡ്‍ജറ്റിന്റെ മുൻ‌​ഗണനയില്ല. സിനിമ സിനിമയാണ്. നല്ല സിനിമകളാണ് പ്രധാനം. അതിൽ ബഡ്ജറ്റിന് പ്രാധാന്യം ഇല്ല. നവാസുദ്ദീന്‍ സിദ്ദിഖി കൂട്ടിച്ചേർത്തു.

Related Stories

No stories found.
logo
The Cue
www.thecue.in