'പുരസ്കാരങ്ങളിൽ ഇനി ഇന്ദിരാ ഗാന്ധിയും നര്‍ഗീസ് ദത്തുമില്ല'; ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ പുതിയ മാറ്റങ്ങൾ

'പുരസ്കാരങ്ങളിൽ ഇനി ഇന്ദിരാ ഗാന്ധിയും നര്‍ഗീസ് ദത്തുമില്ല'; ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ പുതിയ മാറ്റങ്ങൾ
Published on

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെയും പ്രശസ്ത സിനിമാ താരം നർഗീസ് ദത്തിന്റെയും പേരുകൾ‌ ഒഴിവാക്കി. നവാഗത സംവിധായകനുള്ള പുരസ്കാരത്തിൽ ഇനി മുതൽ ഇന്ദിര ഗാന്ധിയുടെ പേരുണ്ടാകില്ല. സംവിധായകൻ പ്രിയദർശൻ ഉൾപ്പെട്ട ദേശീയ ചലച്ചിത്ര പുരസ്കാര സമിതിയുടേതാണ് തീരുമാനം. സമിതിയുടെ ശിപാർശകൾ വാർത്ത വിനിമയ മന്ത്രാലയം അംഗീകരിച്ചു. ഫാൽക്കെ അവാർഡിനടക്കമുള്ള സമ്മാനത്തുകയും വർധിപ്പിച്ചു.

മാറ്റങ്ങൾ സംബന്ധിച്ച ശിപാർശകൾ കഴിഞ്ഞ ഡിസംബറിലാണ് നൽകിയിരുന്നത് എന്ന് പാനലിലെ അം​ഗവും ചലച്ചിത്ര സംവിധായകനുമായ പ്രിയദർശൻ പറ‍ഞ്ഞു. മികച്ച സംവിധായകന് നൽകുന്ന ഇന്ദിരാഗാന്ധി അവാര്‍ഡ് സംവിധായകന്റെ മികച്ച നവാഗത ചിത്രം എന്ന് പുനര്‍നാമകരണം ചെയ്തു. നേരത്തെ നിര്‍മ്മാതാവും സംവിധായകനുമായി വിഭജിച്ചിരുന്ന സമ്മാനത്തുക ഇനി സംവിധായകന് മാത്രമായിരിക്കും.

ദേശീയ ഉദ്ഗ്രഥനെത്തെക്കുറിച്ചുള്ള മികച്ച ഫീച്ചര്‍ ഫിലിമിനുള്ള നര്‍ഗീസ് ദത്ത് അവാര്‍ഡിനെ മികച്ച ഫീച്ചര്‍ ഫിലിം എന്നു മാത്രമായിരിക്കും ഇനി മുതല്‍ അറിയപ്പെടുക. സാമൂഹിക പ്രശ്നങ്ങള്‍ക്കും പരിസ്ഥിതി സംരക്ഷണത്തിനുമുള്ള അവാര്‍ഡ് വിഭാഗങ്ങള്‍ ഇനി മുതല്‍ ഒറ്റ വിഭാഗമായിരിക്കും.

ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് എല്ലാ വര്‍ഷവും ഇന്ത്യന്‍ ചലച്ചിത്ര പ്രതിഭകള്‍ക്ക് നല്‍കുന്ന ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരത്തിനുള്ള പാരിതോഷികം 10 ലക്ഷം രൂപയില്‍ നിന്ന് 15 ലക്ഷം രൂപയായും ഉയര്‍ത്തിയിട്ടുണ്ട്. സ്വര്‍ണ കമലം അവാര്‍ഡുകള്‍ക്കുള്ള സമ്മാനത്തുക 3 ലക്ഷം രൂപയായും രജത കമലം ജേതാക്കള്‍ക്ക് 2 ലക്ഷം രൂപയായും വര്‍ധിപ്പിച്ചു. നേരത്തെ, അവാർഡ് തുക ഓരോ വിഭാഗത്തിലും വ്യത്യാസപ്പെട്ടിരുന്നു.

ശ്രദ്ധേയമായ മറ്റൊരു മാറ്റം 'മികച്ച ആനിമേഷൻ സിനിമ', 'മികച്ച സ്‌പെഷ്യൽ ഇഫക്‌റ്റുകൾ' എന്നിവയ്ക്കുള്ള പുരസ്‌കാരം "മികച്ച AVGC (ആനിമേഷൻ, വിഷ്വൽ ഇഫക്‌റ്റുകൾ, ഗെയിമിംഗ്, കോമിക്‌സ്) ഫിലിം" എന്ന പേരിൽ രണ്ട് ഉപവിഭാഗങ്ങളുള്ള ഒരു പുതിയ വിഭാഗത്തിന് കീഴിൽ ചേർത്തിരിക്കുന്നു എന്നതാണ്.

ലൊക്കേഷന്‍ സൗണ്ട് റെക്കോര്‍ഡിസ്റ്റ്, സൗണ്ട് ഡിസൈനര്‍, ഫൈനല്‍ മിക്‌സഡ് ട്രാക്കിന്റെ റെക്കോര്‍ഡിസ്റ്റ് എന്നിവരെ ആദരിക്കുന്ന മൂന്ന് ഉപവിഭാഗങ്ങളുള്ള 'മികച്ച ഓഡിയോഗ്രാഫി' വിഭാഗം ഇനി മികച്ച ശബ്ദ രൂപകല്‍പ്പന എന്ന വിഭാഗത്തില്‍ ഉള്‍പ്പെടും. ഈ വിഭാഗത്തില്‍ 50,000 രൂപയില്‍ നിന്ന് രണ്ട് ലക്ഷം രൂപയായി ഉയര്‍ത്തിയ സമ്മാനത്തുക സൗണ്ട് ഡിസൈനര്‍ക്ക് നല്‍കും.

മികച്ച സംഗീത സംവിധാന വിഭാഗത്തിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്, ഇനി മുതല്‍ മികച്ച പശ്ചാത്തല സംഗീതം എന്ന പേരിലാവും അവാര്‍ഡ് നല്‍കുക. പ്രത്യേക ജൂറി അവാര്‍ഡ് നിര്‍ത്തലാക്കുകയും ദേശീയ ചലച്ചിത്ര അവാര്‍ഡുകളുടെ ഫീച്ചര്‍ ഫിലിം, നോണ്‍ ഫീച്ചര്‍ ഫിലിം വിഭാഗങ്ങളില്‍ രണ്ട് പ്രത്യേക പരാമര്‍ശങ്ങള്‍ നല്‍കാനുള്ള പൂര്‍ണ്ണ വിവേചനാധികാരം ജൂറിക്ക് നല്‍കുകയും ചെയ്തു.

മികച്ച ആന്ത്രോപോളജിക്കൽ/എത്നോഗ്രാഫിക്ക് ഫിലിം മികച്ച സയൻസ് ആൻഡ് ടെക്‌നോളജി ഫിലിം, മികച്ച പ്രൊമോഷണൽ സിനിമ, ഉൾപ്പെടെ മികച്ച പരിസ്ഥിതി ചിത്രം, സാമൂഹിക വിഷയങ്ങളിൽ മികച്ച ചിത്രം, മികച്ച വിദ്യാഭ്യാസ സിനിമ, മികച്ച പര്യവേക്ഷണം/സാഹസിക സിനിമ, മികച്ച അന്വേഷണാത്മക സിനിമകൾ എന്നീ വിഭാഗങ്ങൾ സംയോജിപ്പിച്ച് രണ്ട് സെഗ്‌മെൻ്റുകളാക്കി: സാമൂഹികവും പാരിസ്ഥിതികവുമായ പ്രശ്നങ്ങൾ പ്രോത്സാഹിപ്പിക്കുന്ന മികച്ച ഡോക്യുമെൻ്ററിയും എന്നും മികച്ച നോൺ ഫീച്ചർ ഫിലിം എന്നതുമാണ് ആ രണ്ട് വിഭാ​ഗങ്ങൾ. കുടുംബമൂല്യങ്ങളെക്കുറിച്ചുള്ള മികച്ച ചിത്രം എന്ന അവാർഡും നിർത്തലാക്കി.

വാർത്ത വിനിമയ മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറി നീർജ ശേഖറാണ് സമിതിയുടെ അധ്യക്ഷൻ. ചലച്ചിത്ര നിർമ്മാതാക്കളായ പ്രിയദർശൻ, വിപുൽ ഷാ, ഹോബാം പബൻ കുമാർ, സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്‌സി) മേധാവി പ്രസൂൺ ജോഷി, ഛായാഗ്രാഹകൻ എസ് നല്ലമുത്തു, ഐ ആൻഡ് ബി ജോയിൻ്റ് സെക്രട്ടറി പൃഥുൽ കുമാർ, മന്ത്രാലയത്തിൻ്റെ ഡയറക്ടർ (ധനകാര്യം) കമലേഷ് കുമാർ സിൻഹ എന്നിവരാണ് സമിതിയിലെ അം​ഗങ്ങൾ.

Related Stories

No stories found.
logo
The Cue
www.thecue.in