പട്ടിണിയിലായ കലാകാരന്‍മാര്‍ക്ക് അവസരം നല്‍കുന്നില്ല: സംഗീത നാടക അക്കാദമിയുടെ 'ഹോപ്പ് ഫെസ്റ്റിവലില്‍' പ്രതിഷേധിച്ച് നാടക്

പട്ടിണിയിലായ കലാകാരന്‍മാര്‍ക്ക് അവസരം നല്‍കുന്നില്ല: സംഗീത നാടക അക്കാദമിയുടെ 'ഹോപ്പ് ഫെസ്റ്റിവലില്‍' പ്രതിഷേധിച്ച് നാടക്

സംഗീത നാടക അക്കാദമി ഇട്‌ഫോക്കിന് പകരം നടത്തുന്ന ഹോപ്പ് ഫെസ്റ്റിവല്‍ ജനാധിപത്യവിരുദ്ധമാണെന്ന് നാടക പ്രവര്‍ത്തകരുടെ സംഘടനയായ നാടക് (NATAK). ഡിസംബര്‍ 29ത് മുതല്‍ 31 വരെ നടക്കുന്ന ഫെസ്റ്റിവലില്‍ 19 നാടകങ്ങളാണ് തിരഞ്ഞെടുത്തിരിക്കുന്നത്. കൊവിഡ് സാഹചര്യത്തില്‍ 'പാന്റമിക്ക് തിയേറ്റര്‍' എന്ന ആശയത്തിലാണ് ഹോപ്പ് ഫെസ്റ്റിവല്‍ നടത്തുന്നത്. എന്നാല്‍ ഫെസ്റ്റിവലില്‍ അപേക്ഷ നല്‍കുന്നതിന് എല്ലാ നാടക കലാകാരന്‍മാര്‍ക്കും അക്കാദമി അവസരം നല്‍കിയിട്ടില്ലെന്നാണ് നാടക് അംഗങ്ങള്‍ പറയുന്നത്.

സംഭവത്തില്‍ പ്രതിഷേധമറിയിച്ച് നാടക് പ്രസിഡന്റ് പി.രഘുനാഥ്, സെക്രട്ടറി ജെ. ശൈലജ എന്നിവര്‍ സംഗീത നാടക അക്കാദമിക്ക് കത്ത് അയച്ചു. കല ചെയ്യുന്നവരെ കൊടിയ നിരാശയിലേക്ക് തള്ളുന്ന ഹോപ്പ് ഫെസ്റ്റിവല്‍ ആരുടെ സൃഷ്ടിയാണ്. കൊവിഡ് പശ്ചാത്തലത്തിന്റെ പേരില്‍ ഫെസ്റ്റ് നടത്തുമ്പോള്‍ പട്ടിണിയിലായ ആര്‍ട്ട് സമൂഹത്തിന് അതില്‍ തന്റെ സൃഷ്ടികള്‍ ഉള്‍പ്പെടുത്താന്‍ അപേക്ഷ നല്‍കാനുള്ള അവസരം പോലും തരാതിരിക്കുന്നത് ചതിയാണെന്നും കത്തില്‍ പറയുന്നു.

ജനാധിപത്യപരമായി സര്‍ക്കാരിന്റെ കലാ സ്ഥാപനം നടത്തുന്ന ഏതൊരു പരിപാടിയിലും പങ്കെടുക്കാനുള്ള ആഗ്രഹം ആ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുണ്ടാകും. പക്ഷെ എന്തുകൊണ്ടാണ് അക്കാദമി തുടര്‍ച്ചയായി നാടക പ്രവര്‍ത്തകരുടെ പ്രാഥമിക അവകാശത്തെ നിഷേധിക്കുന്നത് എന്നും കത്തില്‍ ചോദിക്കുന്നുണ്ട്. രക്ഷകര്‍ തന്നെ ഉപദ്രവികളാവുന്നത് അക്കാദമി നിര്‍വ്വാഹക സമിതിയും ഭാരവാഹികളും തിരുത്തണം. അതിനാല്‍ ഈ വിഷയത്തില്‍ നാടകിന്റെ (NATAK) ശക്തമായ പ്രതിഷേധം അറിയിക്കുന്നു എന്നും കത്തില്‍ പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in