എന്നോട് ആരും പ്രതിഫലം കുറയ്ക്കാൻ ആവശ്യപ്പെട്ടിട്ടില്ല, അങ്ങനെ ഒരു അനുഭവവും എനിക്ക് ഉണ്ടായിട്ടില്ല: നസ്ലെൻ

എന്നോട് ആരും പ്രതിഫലം കുറയ്ക്കാൻ ആവശ്യപ്പെട്ടിട്ടില്ല, അങ്ങനെ ഒരു അനുഭവവും എനിക്ക് ഉണ്ടായിട്ടില്ല: നസ്ലെൻ
Published on

സിനിമാ മേഖല പ്രതിസന്ധി ഘട്ടത്തിൽ ആണെന്നും താരങ്ങളുടെ അമിതമായ പ്രതിഫലം നിർമാതാക്കൾക്ക് താങ്ങാൻ സാധിക്കുന്നില്ലെന്നും മുമ്പ് സിനിമ സംഘടനങ്ങൾ വിളിച്ചു ചേർത്ത പ്രസ്സ് മീറ്റിൽ നിർമാതാക്കൾ പറഞ്ഞിരുന്നു. ഇത്തരത്തിൽ നിർമാതക്കൾ പ്രതിഫലം കുറയ്ക്കാൻ ആവശ്യപ്പെട്ട സന്ദർഭങ്ങൾ കരിയറിൽ ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇപ്പോൾ പ്രതികരിക്കുകയാണ് നടൻ നസ്ലെൻ. തന്നോട് ഇതുവരെ ആരും പ്രതിഫലം കുറയ്ക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും താൻ പറയുന്ന പ്രതിഫലത്തിന് തന്നെ എടുക്കാൻ നിർമാതാക്കൾ തയ്യാറാകുന്നുണ്ട് എന്നുമായിരുന്നു നസ്ലെന്റെ മറുപടി. ആലപ്പുഴ ജിംഖാന എന്ന ചിത്രത്തിന്റെ പ്രസ്സ് മീറ്റിൽ സംസാരിക്കവേയാണ് നസ്ലെൻ ഇത് പറഞ്ഞത്

നസ്ലെൻ പറഞ്ഞത്:

എന്നെ അത് ഇതിവരെ ബാധിച്ചിട്ടില്ല, കാരണം ഞാൻ വർക്ക് ചെയ്യുന്നുണ്ടല്ലോ? ഞാൻ പറയുന്ന പ്രതിഫലത്തിന് എന്നെ എടുക്കാൻ നിർമാതാക്കൾ ഉണ്ട് അല്ലെങ്കിൽ അങ്ങനെ ഒരു പ്രൊജക്ട് ഓൺ ആയി വരുന്നുണ്ട്. എന്നോട് ഇതുവരെ ആരും അങ്ങനെ പ്രതിഫലം കുറയ്ക്കാൻ വേണ്ടി ആവശ്യപ്പെട്ടിട്ടില്ല. അങ്ങനെ ഒരു അനുഭവവും എനിക്ക് ഉണ്ടായിട്ടില്ല.

തല്ലുമാലയ്ക്ക് ശേഷം ഖാലിദ് റഹ്മാന്റെ സംവിധാനത്തിൽ നസ്ലെൻ, ഗണപതി, അനഘ രവി, ലുക്മാൻ അവറാൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ആലപ്പുഴ ജിംഖാന. കോളേജ് പഠനത്തിന് അഡ്മിഷൻ ലഭിക്കുവാനായി സംസ്ഥാന തല കായിക മേളയിൽ ബോക്സിങ് വിഭാഗത്തിൽ പങ്കെടുക്കുന്ന കുറച്ച് പ്ലസ് ടു വിദ്യാർത്ഥികളുടെ തമാശ നിറഞ്ഞ കഥയാണ് സിനിമ പറയുന്നത് എന്ന് സംവിധായകൻ ഖാലിദ് റഹ്മാൻ ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ചിത്രത്തിൽ ആക്ഷൻ ഉണ്ടെങ്കിലും രക്തചൊരിച്ചിലോ വയലൻസോ ഇല്ലെന്നും പൂർണമായും സ്പോർട്ട്സ് കോമഡി ഴോണറിൽ ഒരുങ്ങുന്ന ചിത്രമാണ് 'ആലപ്പുഴ ജിംഖാന' എന്നാണ് ഖാലിദ് റഹ്മാൻ പറഞ്ഞത്.

പ്ലാൻ ബി മോഷൻ പിക്ചേർസിന്റെ ബാനറിൽ ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രമാണ് ആലപ്പുഴ ജിംഖാന. പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമാണ സംരംഭമാണിത്. ഖാലിദ് റഹ്മാനും ശ്രീനി ശശീന്ദ്രനും ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിനായ് സംഭാഷണങ്ങൾ തയാറാക്കിയിരിക്കുന്നത് രതീഷ് രവിയാണ്. നസ്ലിൻ, ഗണപതി, ലുക്മാൻ, സന്ദീപ് പ്രദീപ്, അനഘ രവി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാൻസി തുടങ്ങിയവരാണ് കൈകാര്യം ചെയ്യുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in