എല്ലാ പള്ളിക്കടിയിലും ഇവര്‍ ശിവലിംഗം തിരയാന്‍ തുടങ്ങിയിട്ട് നാളുകളായി: വിദ്വേഷികളെ നിശബ്ദരാക്കാന്‍ പ്രധാനമന്ത്രിയോട് നസീറുദ്ദീന്‍ ഷാ

എല്ലാ പള്ളിക്കടിയിലും ഇവര്‍ ശിവലിംഗം തിരയാന്‍ തുടങ്ങിയിട്ട് നാളുകളായി: വിദ്വേഷികളെ നിശബ്ദരാക്കാന്‍ പ്രധാനമന്ത്രിയോട് നസീറുദ്ദീന്‍ ഷാ

പ്രവാചകനെതിരായ ബി.ജെ.പി വക്താവ് നുപുര്‍ ശര്‍മ്മയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി മുതിര്‍ന്ന നടന്‍ നസീറുദ്ദീന്‍ ഷാ. പാര്‍ട്ടിയുടെ ദേശീയ വക്താവായ നുപുര്‍ ഷര്‍മ്മ നടത്തിയ പ്രസ്താവന അധികാരപ്പെട്ടവരുടെ അനുവാദമില്ലാതെയാണെന്നത് വിശ്വസിക്കാന്‍ സാധിക്കില്ല. ഇത്തരത്തിലുള്ള വിദ്വേഷകരെ നിശബ്ദരാക്കാന്‍ പ്രധാനമന്ത്രിക്കേ സാധിക്കു എന്നാണ് നസീറുദ്ദീന്‍ ഷാ പറഞ്ഞത്. എന്‍.ഡി.ടിവിയോടായിരുന്നു പ്രതികരണം.

'പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാവാതിരിക്കണമെങ്കില്‍ പ്രധാനമന്ത്രി തന്നെ ഇക്കാര്യത്തില്‍ ഇടപെടണം. അദ്ദേഹം സംസാരിക്കേണ്ട സമയമാണിത്. പ്രധാനമന്ത്രി ട്വിറ്ററില്‍ ഫോളോ ചെയ്യുന്ന വിദ്വേഷകരെ നിശബ്ദരാക്കാന്‍ അദ്ദേഹത്തിന്റെ ശബ്ദത്തിന് മാത്രമെ സാധിക്കു. ഈ ആളുകള്‍ക്ക് കുറച്ച് ബോധം ഉണ്ടാക്കി കൊടുക്കാന്‍ ഞാന്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിക്കുന്നു'വെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഇനിയും ഇവിടെ വിദ്വേഷ പ്രസംഗം ഉണ്ടായാല്‍ അത്ഭുതപ്പെടാന്‍ ആവില്ല. നിങ്ങള്‍ സമാധാനത്തെക്കുറിച്ചും ഐക്യത്തെക്കുറിച്ചും സംസാരിക്കുന്നത് വിരോധാഭാസമാണ്. കാരണം ഇവിടെ ആളുകള്‍ ഒരു വര്‍ഷത്തിന് മുകളില്‍ ജയിലില്‍ അടക്കപ്പെടുന്നു. പിന്നെ കൂട്ടക്കൊലകളെ കുറിച്ച് സംസാരിച്ചാല്‍ അക്രമിക്കപ്പെടുന്നു. ഇത് ഇരട്ടത്താപ്പാണ്. കുറച്ചെങ്കിലും ബോധമുള്ള ഹിന്ദുക്കള്‍ മുസ്ലീം മതസ്ഥര്‍ക്കെതിരെ ഉയരുന്ന വിദ്വേഷത്തെ കുറിച്ച് സംസാരിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു'വെന്നും ഷാ പറയുന്നു.

വിദ്വേഷ പ്രചരണത്തിന് പ്രധാന പങ്ക് ടിവി ചാനലുകള്‍ക്കും സാമൂഹ്യമാധ്യമങ്ങള്‍ക്കുമാണ്. ഇപ്പോള്‍ നടക്കുന്നത് നിര്‍മ്മിക്കപ്പെട്ട വിദ്വേഷമാണ്. എതിരഭിപ്രായം ഉള്ളവരുമായി ഏറ്റുമുട്ടുമ്പോള്‍ തുപ്പാന്‍ തുടങ്ങുന്ന ഒരു പ്രത്യേക തരം വിഷമാണിത്. എല്ലാ പള്ളികളുടെയും കീഴില്‍ ഇവര്‍ ശിവലിംഗം തിരയാന്‍ തുടങ്ങിയിട്ട് എത്ര നാളായെന്ന് താന്‍ അത്ഭുതപ്പെടാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാരണാസിയിലെ ഗ്യാന്‍വാപി മസ്ജിദുമായി ബന്ധപ്പെട്ട കേസിനെ കുറിച്ചാണ് നസീറുദ്ദീന്‍ ഷായുടെ പരാമര്‍ശം.

'ഇത്തരത്തില്‍ ഭീഷണിയിലൂടെയാണ് മുന്നോട്ട് രാജ്യം മുന്നോട്ട് കൊണ്ടു പോകുന്നതെങ്കില്‍ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും സംഭവിച്ചത് ഇന്ത്യയ്ക്കും സംഭവിക്കും. ആ രാജ്യങ്ങളെ അനുകരിക്കാന്‍ നമ്മള്‍ ആഗ്രഹിക്കുന്നില്ല. പക്ഷെ നമ്മള്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത് അത് തന്നെയാണ്. പശുവിനെ അറുത്തതിന്റെ പേരിലല്ല. പശുവിനെ അറുത്തു എന്ന സംശയത്തിന്റെ പേരില്‍ ചത്ത പശുവിന്റെ തോലുരിയുന്ന ദളിതരെ പരസ്യമായി മര്‍ദ്ദിക്കുന്നു. ഈ പ്രവൃത്തി നടന്നിരുന്നത് ഇന്ത്യയിലല്ല, പ്രാകൃത ഇസ്ലാമിക രാജ്യങ്ങളിലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

logo
The Cue
www.thecue.in