'റിഹേഴ്സലിന്റെ ഭാ​ഗമായി ചെയ്തതാണ്'; ആരാധകനെ തല്ലിയതിൽ മാപ്പ് ചോദിച്ച് നാന പടേക്കർ

'റിഹേഴ്സലിന്റെ ഭാ​ഗമായി ചെയ്തതാണ്'; ആരാധകനെ തല്ലിയതിൽ മാപ്പ് ചോദിച്ച് നാന പടേക്കർ

ഒപ്പം സെൽഫി എടുക്കാൻ ശ്രമിച്ച ആരാധകനെ തല്ലിയ വീഡിയോ വെെറലായതിനെ തുടർന്ന് സംഭവത്തിൽ മാപ്പ് പറഞ്ഞ് നടൻ നാന പടേക്കർ. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ പലരും തെറ്റായി വ്യാഖ്യാനിച്ചിരിക്കുകയാണെന്നും തന്റെ വരാനിരിക്കുന്ന 'ജേർണി' എന്ന ചിത്രത്തിലെ ഒരു ഷോട്ടിന്റെ റിഹേഴ്സലിനിടെയുണ്ടായ തെറ്റിദ്ധാരണയാണ് യഥാർത്ഥത്തിൽ അവിടെ സംഭവിച്ചത് എന്നും നാന പടേക്കർ ട്വിറ്ററിൽ പങ്കുവച്ച വീഡിയോയിൽ പറഞ്ഞു. റിഹേഴ്സൽ ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് ആ ചെറുപ്പക്കാരൻ പിന്നിൽ നിന്ന് വന്നത്. സിനിമയുടെ ക്രൂ മെമ്പർമാർ ആരെങ്കിലുമാണെന്നാണ് കരുതിയതെന്നും തെറ്റുതിരിച്ചറിഞ്ഞ് തിരികെ വിളിച്ചെങ്കിലും അയാൾ ഓടിപ്പോയിരുന്നു എന്നും നാന പടേക്കർ പറയുന്നു.

ഞാൻ ഒരു കുട്ടിയെ അടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലാകുന്നുണ്ട്, സത്യത്തിൽ ആ സീൻ ഞങ്ങളുടെ സിനിമയുടെ ഒരു പാർട്ടാണ്. പിന്നിൽ നിന്നും ഒരു പയ്യൻ എന്നെ ശല്യം ചെയ്യാൻ വരുന്നതും ഞാനയാളെ പിടിച്ച് അടിക്കുന്നതുമാണ് സീനിലുള്ളത്. ഞങ്ങൾ ഒരു തവണ റിഹേഴ്സൽ നടത്തി, വീണ്ടും റിഹേഴ്സൽ ചെയ്യാൻ ഡയറക്ടർ നിർദ്ദേശിച്ചത് പ്രകാരം അത് ചെയ്യാൻ തുടങ്ങുമ്പോഴാണ് വീഡിയോയിലുള്ള കുട്ടി എന്റെ പിന്നിൽ നിന്നും അടുത്തേക്ക് വന്നതെന്ന് നാന പടേക്കർ പറയുന്നു. അവൻ ആരാണെന്ന് എനിക്ക് അറിയില്ലായിരുന്നു. സിനിമയുടെ ക്രൂ മെമ്പർമാർ ആരെങ്കിലുമാണെന്നാണ് കരുതിയത്. അതുകൊണ്ടാണ് സീനിൽ പറയുന്ന പ്രകാരം അവനെ അടിച്ചത്. പിന്നെയാണ് മനസ്സിലായത് ഇത് നമ്മുടെ പയ്യനായിരുന്നില്ല എന്ന്. തെറ്റ് മനസ്സിലാക്കി തിരിച്ചു വിളിക്കാൻ എത്തിയപ്പോഴെക്കും അവൻ ഓടിപ്പോയിയിരുന്നു എന്നും നാന പടേക്കർ വ്യക്തമാക്കുന്നു.

അവന്റെ സുഹൃത്തുക്കൾ ആരെങ്കിലുമായിരിക്കും ആ വീഡിയോ എടുത്തിരിക്കുക. താൻ ഒരിക്കലും ഫോട്ടോ എടുക്കുന്നതിനെ നിരുത്സാഹപ്പെടുത്തിയിട്ടില്ലെന്ന് പറഞ്ഞ നാന പടേക്കർ ഇത് അബദ്ധത്തിൽ സംഭവിച്ചതാണെന്നും തെറ്റിദ്ധാരണയുണ്ടായതിൽ മാപ്പ് ചോദിക്കുന്നു എന്നും വ്യക്തമാക്കി. എനിക്ക് അറിയില്ലായിരുന്നു ആ പയ്യൻ എവിടെ നിന്ന് വന്നതാണെന്ന്, ഞാൻ ആരെയും അടിക്കാറില്ല. ഇതുവരെ അങ്ങനെ ചെയ്തിട്ടില്ല, അദ്ദേഹത്തെ കണ്ടെത്തി മാപ്പ് ചോദിക്കുന്നതായിരിക്കുമെന്നും നാനാ പടേക്കർ പറഞ്ഞു. അനിൽ ശർമ സംവിധാനം ചെയ്യുന്ന ജേണി എന്ന ചിത്രത്തിന്റെ വാരണാസിയിലെ സെറ്റിൽ വെച്ചാണ് കഴിഞ്ഞ ദിവസം നാനാ പടേക്കർ ആരാധകനെ തല്ലിയ വീഡിയോ പുറത്തു വന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in