'ഒരു ജീവിതവും അഞ്ച് ഭാര്യമാരും'; നാഗേന്ദ്രൻസ് ഹണിമൂൺസ് ട്രെയ്ലർ

'ഒരു ജീവിതവും അഞ്ച് ഭാര്യമാരും'; നാഗേന്ദ്രൻസ് ഹണിമൂൺസ് ട്രെയ്ലർ

ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിന്റെ നാലാമത്തെ മലയാളം വെബ് സീരിസ് നാഗേന്ദ്രൻസ് ഹണിമൂൺസിന്റെ ട്രെയ്ലർ പുറത്തു വിട്ട് അണിയറ പ്രവർ‌ത്തകർ. സുരാജിനെ പ്രധാന കഥാപാത്രമാക്കി നിതിൻ രഞ്ജി പണിക്കർ രചനയും, സംവിധാനവും നിർമാണവും നിർവഹിക്കുന്ന വെബ് സീരിസ് നാഗേന്ദ്രൻസ് ഹണിമൂൺസ്. വെബ് സീരിസ് ജൂലൈ 19 മുതൽ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിൽ സ്ട്രീം ചെയ്യും. സുരാജിന്റെ നാഗേന്ദ്രൻ എന്ന കഥാപാത്രത്തിന്റെ ലോകവും അതിലെ കഥാപാത്രങ്ങളുമാണ് പുറത്തു വിട്ട ട്രെയ്ലറിൽ കാണാൻ സാധിക്കുന്നത്. കേരളത്തിലെ വിവിധ പ്രദേശങ്ങളിലെ കാഴ്ചകൾ, വൈവിധ്യമാർന്ന വിവാഹ ശൈലികൾ എന്നിവയാൽ നിറഞ്ഞതാണ് ഈ വെബ് സീരീസ്.

സുരേഷ് ഗോപി പ്രധാന വേഷത്തില്‍ എത്തിയ കാവലിന് ശേഷം നിഥിന്‍ സംവിധാനം ചെയ്യുന്ന പ്രൊജക്ട് കൂടിയാണ് 'നാഗേന്ദ്രൻസ് ഹണിമൂൺസ്'. ഒരു ജീവിതം, അഞ്ച് ഭാര്യമാര്‍ എന്നാണ് വെബ് സീരീസിന്റെ ടൈറ്റിലിന് നൽകിയിരിക്കുന്ന ടാഗ് ലൈന്‍. സുരാജിനൊപ്പം, കനി കുസൃതി, ശ്വേതാ മേനോൻ, ഗ്രേസ് ആൻ്റണി, രമേഷ് പിഷാരടി, കലാഭവൻ ഷാജോൺ, ജനാർദനൻ, പ്രശാന്ത് അലക്‌സാണ്ടർ, നിരഞ്ജന അനൂപ്, ആൽഫി പഞ്ഞിക്കാരൻ, അമ്മു അഭിരാമി തുടങ്ങിവരാണ് സീരീസിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നാഗേന്ദ്രൻ്റെ ഹണിമൂൺസ് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, മറാത്തി, ഹിന്ദി, ബംഗാളി തുടങ്ങി ഏഴ് ഭാഷകളിലായി സ്ട്രീമിംഗിനായി ലഭ്യമാകും.

വെബ് സീരിസിന്റെ ചായാഗ്രഹണം നിർവഹിക്കുന്നത് നിഖിൽ എസ് പ്രവീണാണ്. രഞ്ജിൻ രാജാണ് സീരീസിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. എഡിറ്റിംഗ് ചെയ്തിരിക്കുന്നത് മൻസൂർ ആണ്. വാർത്താപ്രചരണം - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ

ഹോട്ട്സ്റ്റാറില്‍ നിന്നും മലയാളത്തില്‍ വരുന്ന നാലാമത്തെ സീരിസാണ് 'നാഗേന്ദ്രൻസ് ഹണിമൂൺസ്'. പേരില്ലൂർ പ്രീമിയർ ലീഗ് ആണ് ഒടുവിലായി ഹോട്ട് സ്റ്റാറിൽ എത്തിയ മലയാള വെബ് സീരീസ്. പേരില്ലൂർ എന്ന കൊച്ച് ഗ്രാമത്തിലെ സാധാരണക്കാരിലൂടെ വികസിക്കുന്ന അസാധാരണ സംഭവങ്ങൾ കോർത്തിണക്കി അവതരിപ്പിച്ച സീരീസിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. നിഖില വിമൽ, സണ്ണി വെയ്ൻ, വിജയരാഘവൻ, അശോകൻ, അജു വര്‍ഗീസ് തുടങ്ങിയവരായിരുന്നു സീരീസിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in