'സൂപ്പർസ്റ്റാർ ഡേവിഡ് പടിക്കലായി ടൊവിനോ തോമസ്' ; നടികർ മെയ് 3 ന് തിയറ്ററുകളിൽ

'സൂപ്പർസ്റ്റാർ ഡേവിഡ് പടിക്കലായി ടൊവിനോ തോമസ്' ; നടികർ മെയ് 3 ന് തിയറ്ററുകളിൽ

ടൊവിനോ തോമസിനെ നായകനാക്കി ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന നടികർ മെയ് 3 ന് തിയറ്ററുകളിലെത്തും. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായി ആണ് ടൊവിനോ എത്തുന്നത്. സിനിമയുടെ പശ്ചാത്തലത്തിൽ കഥപറയുന്ന ചിത്രം ഒരു സൂപ്പർസ്റ്റാറിന്റെ ജീവിതത്തിലൂടെയാണ് കടന്ന് പോകുന്നത്. ഗോഡ് സ്പീഡ് ആൻ്റ് മൈത്രിമൂവി മേക്കേഴ്സിൻ്റെ ബാനറിൽ നവീൻ യേർനേനി, വൈ.രവിശങ്കർ, അലൻ ആൻ്റണി, അനൂപ് വേണു ഗോപാൽ എന്നിവരാണ് നിർമ്മിക്കുന്നത്. പുഷ്പ പോലെ വമ്പൻ ചിത്രങ്ങൾ നിർമ്മിച്ചു പോരുന്ന മൈത്രി മൂവി മേക്കേഴ്സിന്റെ മലയാളത്തിലേക്കുള്ള കടന്നു വരവ് കൂടിയാണ് നടികർ. നടികർ തിലകം എന്ന് പേരിട്ടിരുന്ന സിനിമ ശിവാജി ​ഗണേശൻ ആരാധകരുടെ അഭ്യർത്ഥനയെ തുടർന്ന് പേര് മാറ്റുകയായിരുന്നു.

ഡ്രൈവിംഗ് ലൈസന്‍സ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് നടികർ. നാൽപ്പതു കോടി രൂപയുടെ ബഡ്ജറ്റാണ് ഈ ചിത്രത്തിനു വേണ്ടി കണ്ടിരുന്നതെങ്കിലും അതിൽ നിന്നെല്ലാം വളരെ മുന്നോട്ടു പോകേണ്ട സാഹചര്യങ്ങളാണ് ഉണ്ടായതെന്ന് നിർമ്മാതാക്കളായ അലൻ ആൻ്റണിയും, അനൂപ് വേണുഗോപാലും വ്യക്തമാക്കിയിരുന്നു. സൗബിൻ ഷാഹിർ, ബാലു വർഗീസ്, ചന്ദു സലിംകുമാർ, ഭാവന, ധ്യാൻ ശ്രീനിവാസൻ ,അനുപ് മേനോൻ ,സുരേഷ് കൃഷ്ണാ, വീണാനന്ദ കുമാർ, ഇന്ദ്രൻസ്, അൽത്താഫ് സലിം ,മധുപാൽ, സഞ്ജു ശിവറാം, ഗണപതി, മണിക്കുട്ടൻ, ഖാലിദ് റഹ്മാൻ, ജയരാജ് കോഴിക്കോട്, അഭിരാം പൊതുവാൾ, മനോഹരി ജോയ്, മാലാ പാർവ്വതി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് സുവിന്‍ എസ് സോമശേഖരനാണ്. ആല്‍ബിയാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്. യക്സന്‍ ഗാരി പെരേര, നേഹ എസ് നായര്‍ എന്നിവരാണ് ചിത്രത്തിൻ്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. രതീഷ് രാജാണ് എഡിറ്റര്‍. പ്രശാന്ത് മാധവ് പ്രൊഡക്ഷൻ ഡിസൈൻ നിര്‍വഹിക്കുന്നു. നിതിന്‍ മൈക്കിളാണ് ചീഫ് അസോസിയേറ്റ്. പ്രൊഡക്ഷൻ കൺട്രോളർ - മനോജ് കാരന്തൂർ, ഓഡിയോഗ്രഫി - ഡാൻ ജോസ്. ഏക്ത ഭട്ടേത് വസ്ത്രാലങ്കാരവും ആര്‍ ജി വയനാടൻ മേക്കപ്പും നിര്‍വഹിക്കുന്നു. സൗണ്ട് ഡിസൈൻ - അരുൺ വർമ്മ MPSE, കൊറിയോഗ്രാഫി - ഭൂപതി, ആക്ഷൻ - കാലൈ കിങ്സൺ, വിഷ്വൽ എഫ് എക്സ് - മേരകി വി എഫ് എക്സ്, പ്രോമോ സ്റ്റിൽ - രമ ചൗധരി, സ്റ്റിൽ ഫോട്ടോഗ്രഫി - വിവി ചാർളി, പ്രോമോ ഡിസൈൻ - സിജെ അച്ചു, പബ്ലിസിറ്റി ഡിസൈൻ - ഹെസ്റ്റൺ ലിനോ, ഡിജിറ്റൽ പി ആർ - അനൂപ് സുന്ദരൻ, പി ആർ ഓ - ശബരി.

logo
The Cue
www.thecue.in