രണ്ട് മാസത്തെ പ്രാക്ടീസ്, 20 ദിവസം ഷൂട്ട്; 'നാട്ടു നാട്ടു' ഒരുക്കുക എളുപ്പമല്ലായിരുന്നുവെന്ന് നൃത്തസംവിധായകന്‍ പ്രേം രക്ഷിത്

രണ്ട് മാസത്തെ പ്രാക്ടീസ്, 20 ദിവസം ഷൂട്ട്; 'നാട്ടു നാട്ടു' ഒരുക്കുക എളുപ്പമല്ലായിരുന്നുവെന്ന്  നൃത്തസംവിധായകന്‍ പ്രേം രക്ഷിത്

ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം നേടിയ ആര്‍ആര്‍ആറിലെ 'നാട്ടു നാട്ടു' എന്ന നൃത്തരംഗം ഒരുക്കുന്നതില്‍ നിരവധി വെല്ലുവിളികളുണ്ടായിരുന്നുവെന്ന് നൃത്തസംവിധായകന്‍ പ്രേം രക്ഷിത്. രണ്ട് മാസത്തോളം നീണ്ട കൊറിയോഗ്രാഫിക്കും പരിശീലനത്തിനും ശേഷം, ഇരുപത് ദിവസത്തോളമെടുത്താണ് 'നാട്ടു നാട്ടു' ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ഗുരുവായി കാണുന്ന സംവിധായകന്‍ എസ് എസ് രാജമൗലി തന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിനാണ് ഈ അവസരത്തില്‍ നന്ദിപറയാനുള്ളതെന്നും പ്രേം രക്ഷിത് പിടിഐയോട് പറഞ്ഞു.

നായക കഥാപാത്രങ്ങളുടെ ഒരുമ പ്രദര്‍ശിപ്പിക്കാനാണ് ഈ നൃത്തരംഗം കൊണ്ട ഉദ്ദേശിക്കുന്നതെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. ജൂനിയര്‍ എന്‍ടിആറിനെ കടുവയായും, രാം ചരണെ ചീറ്റയായും കണ്ടുള്ള എനര്‍ജിയും എസന്‍സുമാണ് പാട്ടിനാവശ്യമെന്നും, പൂര്‍ണ്ണമായും നായക കഥാപാത്രങ്ങളെ ഫോക്കസ് ചെയ്തായിരിക്കണം കൊറിയോഗ്രാഫിയെന്നും അദ്ദേഹം പറഞ്ഞു. കഥാഗതിയുടെ നിര്‍ണ്ണായക ഘട്ടത്തിലെത്തുന്ന ഈ നൃത്തരംഗത്തിന് വലിയ പ്രധാന്യമുണ്ടെന്നും സംവിധായകന്‍ അറിയിച്ചു. അത്തരമൊരു പശ്ചാത്തലത്തില്‍ സിങ്ക്രണൈസ്ഡായ ഒരു നൃത്തരംഗം ഒരുക്കുക എളുപ്പമല്ലായിരുന്നു എന്നും പ്രേം രക്ഷിത് പറഞ്ഞു.

രാവിലെ ഏഴു മണിമുതല്‍ വൈകിട്ട് ആറുവരെ ഷൂട്ടുചെയ്യും. പാക്കപ്പിന് ശേഷം മൂന്നുമണിക്കൂര്‍ പ്രാക്ടീസ് ചെയ്യും. യുക്രൈന്‍ തലസ്ഥാനമായ കീവിലെ മാരിന്‍സ്‌കി പാലസിന് മുന്നിലാണ് ഗാനം ചിത്രീകരിച്ചത്. പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയാണിത്. ആ ദിവസങ്ങളില്‍ എല്ലാവരും തളര്‍ന്നുപോയിട്ടുണ്ടെങ്കിലും കഴിവിന്റെ പരമാവധി കൊടുക്കാനാണ് ടീമിലെ എല്ലാവരും ശ്രമിച്ചത്. 43 റീ ടേക്കുകളെടുത്താണ് നൃത്തരംഗം പൂര്‍ത്തിയാക്കിയത്. സംവിധായകന് തൃപ്തിവരുന്നതുവരെ റീ ടേക്ക് പോയിരുന്നു.

90 മുതല്‍ 110 ഹുക്ക് അപ് സ്റ്റെപ്പുകള്‍ ചെയ്തുനോക്കിയിട്ടാണ് അവസാനത്തെതിലേക്ക് എത്തിയത്. രാംചരണും ജൂനിയര്‍ എന്‍ടിആറും നല്ല നര്‍ത്തകരയാതിനാല്‍ തന്റെ ജോലി എളുപ്പമായെന്നും പ്രേം രക്ഷിത് കൂട്ടിച്ചേര്‍ത്തു. രാജമൗലിയുടെ തന്നെ ബാഹുബലി, വിക്രമാര്‍ക്കുഡു, യമദൊംഗ, മഗധീര എന്നീ ചിത്രങ്ങളിലും പ്രേം രക്ഷിതായിരുന്നു നൃത്തസംവിധായകന്‍. ബാഹുബലി രണ്ടാം ഭാഗത്തിലെ പ്രഭാസും അനുഷ്‌കയും ചേര്‍ന്നുള്ള പ്രശസ്തമായ അമ്പെയ്ത്ത് രംഗം ചിട്ടപ്പെടുത്തിയതും പ്രേം രക്ഷിതാണ്.

അതേസമയം, പ്രമുഖ പോപ് ഗായകരായ റിയാന, ടെയ്‌ലര്‍ സ്വിഫ്റ്റ്, ലേഡി ഗാഗ എന്നിവരെ മറികടന്നാണ് 80-ാം ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തിന് മികച്ച ഒറിജിനല്‍ സോംഗിനുള്ള അവാര്‍ഡ് ആര്‍ആര്‍ആറിലെ 'നാട്ടു നാട്ടു' സ്വന്തമാക്കിയത്. വരാനിരിക്കുന്ന 95-ാമത് ഓസ്‌കാര്‍ നോമിനേഷന്‍ പട്ടികയിലും ബെസ്റ്റ് ഒറിജിനല്‍ സോംഗ് വിഭാഗത്തിലും ഗാനം ഷോട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. എം എം കീരവാണി സംഗീതമൊരുക്കിയ ചിത്രത്തിന്റെ വരികള്‍ ചന്ദ്രബോസിന്റേതാണ്. ഗായകരായ കാലഭൈരവയും രാഹുല്‍ സിപല്‍ഗഞ്ചും ചേര്‍ന്നാണ് പാടിയിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in