'ഉര്‍വശി ചേച്ചിയായിരുന്നു എന്റെ എക്‌സൈറ്റ്മെന്റ്'; ചാള്‍സ് എന്റര്‍പ്രൈസസിനെ കുറിച്ച് ബാലു വര്‍ഗ്ഗീസ്

'ഉര്‍വശി ചേച്ചിയായിരുന്നു എന്റെ എക്‌സൈറ്റ്മെന്റ്'; ചാള്‍സ് എന്റര്‍പ്രൈസസിനെ കുറിച്ച് ബാലു വര്‍ഗ്ഗീസ്

'ചാള്‍സ് എന്റര്‍പ്രൈസസി'ല്‍ തന്നെ ഏറ്റവും കൂടുതല്‍ എക്‌സൈറ്റ് ചെയ്യിച്ചത് ഉര്‍വശിയ്‌ക്കൊപ്പമുള്ള അഭിനയമാണ് എന്ന് നടന്‍ ബാലു വര്‍ഗ്ഗീസ്. നവാഗതനായ സുഭാഷ് ലളിത സുബ്രഹ്മണ്യന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ചാള്‍സ് എന്റര്‍പ്രൈസസ്'. ഉര്‍വശി, ബാലു വര്‍ഗ്ഗീസ് എന്നിവര്‍ക്ക് പുറമെ കലൈയരസന്‍, ഗുരു സോമസുന്ദരം, അഭിജ ശിവകല തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു. ഒരു അമ്മയുടെയും മകന്റെയും കഥയാണ് ചിത്രം പറയുന്നത് എന്നും ബാലു വര്‍ഗ്ഗീസ് ദ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

ചാള്‍സ് എന്റര്‍പ്രൈസസ് ഒരു ഫാമിലി മൂവിയാണ്. ഒരു അമ്മയുടെയും മകന്റെയും കഥയാണ് സിനിമ പറയുന്നത്. എനിക്ക് ഈ സിനിമയുടെ ഏറ്റവും വലിയ എക്‌സൈറ്റ്മെന്റ് ഉര്‍വശി ചേച്ചി തന്നെയായിരുന്നു. ചേച്ചിയുടെ കൂടെ, ചേച്ചിയുടെ മകനായി പെര്‍ഫോം ചെയ്യാന്‍ കഴിയുക എന്നത്. എന്റെ കഥാപാത്രത്തിന് ഇരുട്ടായിക്കഴിഞ്ഞാല്‍ കണ്ണ് കാണില്ല, അത് കെയര്‍ ചെയ്യുന്ന, അതിനായി മകന്റെ കൂടെ നില്‍ക്കുന്ന ഒരമ്മ. ഇവരുടെ വിശ്വാസങ്ങളില്‍ ചെറിയ വ്യത്യാസങ്ങള്‍ വരുന്നു, അത് കറങ്ങിത്തിരിഞ്ഞ് രസകരമായ ഒരു ക്ലൈമാക്‌സിലേക്ക് വരുന്നു. കൂടെ കലൈയരസന്‍ ചെയ്യുന്ന കഥാപാത്രം ഞങ്ങളുടെ ജീവിതത്തെ ഇൻഫ്ലുവൻസ് ചെയ്യുന്നു, ഇതെല്ലാമാണ് എന്നെ ഈ ചിത്രത്തില്‍ എക്‌സൈറ്റ് ചെയ്യിച്ചത്.

ബാലു വര്‍ഗ്ഗീസ്

മലയാളത്തിലെ അമ്പത്തിരണ്ടോളം അഭിനേതാക്കള്‍ അണിനിരക്കുന്ന ചിത്രം റിലയന്‍സ് എന്റര്‍ടൈന്മെന്റും, ജോയ് മൂവീസും, എപി ഇന്റര്‍നാഷണലും ചേര്‍ന്നാണ് തിയേറ്ററുകളിലെത്തിക്കുന്നത്. ചിത്രം മെയ് 19 ന് പ്രദര്‍ശനത്തിനെത്തും.

കൊച്ചിയിലെ തമിഴ് കമ്മ്യൂണിറ്റിയുടെ കഥ പറയുന്ന ചിത്രം കുടുംബന്ധങ്ങളുടെയും, സൗഹൃദങ്ങളുടെയും, ഭാഷാതിര്‍ത്തികളുടെയും പല തലങ്ങളാണ് പറയുന്നത്. നര്‍മ്മം നിറഞ്ഞ മിസ്റ്ററി ഡ്രാമയായ ചിത്രത്തില്‍ പഞ്ചതന്ത്രം ശൈലിയിലാണ് കഥ പറഞ്ഞുപോകുന്നത്. ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ. അജിത് ജോയ്, അച്ചു വിജയന്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.

സുജിത് ശങ്കര്‍, അന്‍സല്‍ പള്ളുരുത്തി, സുധീര്‍ പറവൂര്‍, മണികണ്ഠന്‍ ആചാരി, വിനീത് തട്ടില്‍, മാസ്റ്റര്‍ വസിഷ്ട്ട്, ഭാനു, മൃദുന, ഗീതി സംഗീതി, സിജി പ്രദീപ്, അജിഷ, ആനന്ദ്ബാല്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. ചിത്രത്തിന്റെ ചിത്രസംയോജനം അച്ചു വിജയനാണ് കൈകാര്യം ചെയ്യുന്നത്. അന്‍വര്‍ അലി, ഇമ്പാച്ചി, നാച്ചി, സംഗീത ചേനംപുല്ലി, സുഭാഷ് ലളിതസുബ്രഹ്മണ്യന്‍ എന്നിവരുടെ വരികള്‍ക്ക് സുബ്രഹ്മണ്യന്‍ കെ.വിയാണ് സംഗീതം പകരുന്നത്. അശോക് പൊന്നപ്പന്റെതാണ് പശ്ചാത്തല സംഗീതം. കലാസംവിധാനം: മനു ജഗദ്, നിര്‍മ്മാണ നിര്‍വ്വഹണം: ദീപക് പരമേശ്വരന്‍, നിര്‍മ്മാണ സഹകരണം: പ്രദീപ് മേനോന്‍, അനൂപ് രാജ് വസ്ത്രാലങ്കാരം: അരവിന്ദ് കെ ആര്‍, മേക്കപ്പ്: സുരേഷ്, പി ആര്‍ ഒ: വൈശാഖ് സി വടക്കേവീട്, ദിനേശ്.

Related Stories

No stories found.
logo
The Cue
www.thecue.in