ഇസൈജ്ഞാനിയായി ധനുഷ്, ഇളയരാജയുടെ ജീവിതം സിനിമയാക്കാനൊരുങ്ങി ക്യാപ്റ്റൻ മില്ലർ സംവിധായകൻ അരുൺ മാതേശ്വർ

ഇസൈജ്ഞാനിയായി ധനുഷ്, ഇളയരാജയുടെ  ജീവിതം സിനിമയാക്കാനൊരുങ്ങി ക്യാപ്റ്റൻ മില്ലർ സംവിധായകൻ അരുൺ മാതേശ്വർ

സംഗീത ഇതിഹാസം ഇളയരാജയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ട് അണിയറ പ്രവർത്തകർ. ധനുഷാണ് ചിത്രത്തിൽ ഇളയരാജയായി എത്തുന്നത്. ക്യാപ്റ്റന്‌ മില്ലർ എന്ന ചിത്രത്തിന് ശേഷം അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചെന്നൈയിൽ നടന്ന ചടങ്ങിൽ നടൻ കമൽഹാസനാണ് ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത്. ഇളയരാജയായി അഭിനയിക്കണം എന്നത് തന്റെ വലിയ ആ​ഗ്രഹമായിരുന്നു എന്നും അദ്ദേഹമായി അഭിനയിച്ചാൽ എങ്ങനെയിരിക്കുമെന്ന് അഭിനയിച്ച് നോക്കി ഉറക്കമില്ലാതിരുന്ന രാത്രികൾ തനിക്ക് ഉണ്ടായിരുന്നുവെന്നും ചടങ്ങിൽ സംസാരിക്കവേ നടൻ ധനുഷ് പറഞ്ഞു.

ധനുഷ് പറഞ്ഞത്:

നമ്മളിൽ‌ പലരും ഉറക്കം വരുന്നില്ലെങ്കിൽ ഇളയരാജ സാറിന്റെ പാട്ടുകള്‍ കേട്ട് ഉറങ്ങുന്നവരാണ്. പക്ഷേ ഞാൻ ഇളയരാജ സാറായി അഭിനയിച്ചാൽ എങ്ങനെയിരിക്കുമെന്ന് ഓർത്ത് എന്റെ മനസ്സിൽ അഭിനയിച്ച് നോക്കി പലരാത്രികളിലും ഉറക്കം നഷ്ടപ്പെട്ട ഒരാളാണ്. രണ്ടുപേരുടെ ജീവചരിത്രമാണ് ഞാന്‍ സിനിമയില്‍ അവതരിപ്പിക്കണമെന്ന് ആഗ്രഹിച്ചത്. അതിലൊരാള്‍ ഇളയരാജ സാറായിരുന്നു. മറ്റൊരാള്‍ സൂപ്പര്‍സ്റ്റാര്‍ രജിനികാന്തും. ഒന്ന് നടക്കാന്‍ പോകുന്നു. ഞാന്‍ ഇളയരാജ സാറിന്റെ ആരാധകനാണ്, ഭക്തനാണ്. അദ്ദേഹത്തിന്റെ സം​ഗീതമാണ് എനിക്ക് തുണയും വഴികാട്ടിയും എല്ലാം. ഇത് എല്ലാവര്‍ക്കും അറിയാം. അഭിനയം എന്തെന്ന് അറിയാത്ത കാലം മുതല്‍ ഈ നിമിഷം വരെ അദ്ദേഹത്തിന്റെ ഈണങ്ങളായിരുന്നു വഴികാട്ടി. ഓരോ രംഗങ്ങളും എങ്ങനെ ചെയ്യണമെന്ന് അത് എനിക്ക് പറഞ്ഞുതരും. അത് ഉൾക്കൊണ്ടാണ് ഞാൻ അഭിനയിക്കുന്നത്. വെട്രിമാരൻ ഒരിക്കൽ അത് കണ്ടിട്ടുണ്ട് ഞാൻ ഇങ്ങനെ ചെയ്യുന്നത്. ഞാന്‍ ഏറ്റെടുത്തിരിക്കുന്നത് ഒരു വലിയ വെല്ലുവിളിയാണ്, ഉത്തരവാദിത്തമാണ് എന്ന് എല്ലാവരും പറയുന്നു. പക്ഷേ എനിക്ക് അങ്ങനെ തോന്നുന്നില്ല, കാരണം അദ്ദേഹത്തിന്റെ അതേ സം​ഗീതം എനിക്ക് പറഞ്ഞു തരും ഞാൻ എങ്ങനെ അഭിനയിക്കണമെന്ന്. ഞാന്‍ ഈ ചടങ്ങ് നടക്കുന്നതിന് മുന്നോടിയായി വേദിയിലേക്ക് വരുന്ന അവസരത്തില്‍ അദ്ദേഹത്തോട് മുന്നില്‍ നടക്കാന്‍ പറഞ്ഞു. ഞാന്‍ പിറകില്‍ നടന്നോളാമെന്നും. അപ്പോള്‍ അദ്ദേഹം ചോദിച്ചു, ''അതെന്താ ഞാന്‍ നിന്റെ ഗൈഡ് ആണോ'' എന്ന്. അതെ സാര്‍ താങ്കള്‍ എന്റെ ഗൈഡാണ്. ഇത്ര വർഷമായി അദ്ദേേഹത്തെ പിന്തുടർന്നാണ് ഞാൻ ഇവിടെ വരെ വന്നിരിക്കുന്നത്.

ഇളയരാജയുടെ മകനും സംഗീതസംവിധായകനുമായ യുവന്‍ശങ്കര്‍ രാജ മുമ്പ് ധനുഷ് അച്ഛന്റെ ബയോപിക് ചെയ്താല്‍ നന്നായിരിക്കുമെന്ന് പറഞ്ഞിരുന്നു ഇതിന് പിന്നാലെയാണ് ബയോപിക് ഒരുങ്ങുന്നുവെന്ന റിപ്പോർട്ട് പുറത്തുവന്നത്. ശ്രീറാം ഭക്തിസാരന്‍, സി.കെ പദ്മകുമാര്‍, വരുണ്‍ മാതൂര്‍, ഇളംപരിതി ഗജേന്ദ്രന്‍, സൗരഭ് മിശ്ര എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. ഇളയരാജ തന്നെയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. തമിഴ്, തെലുങ്ക്, മലയാളം, കന്നട, ഹിന്ദി തുടങ്ങിയ ഭാഷകളിൽ ചിത്രം റിലീസിനെത്തും. ചിത്രത്തിന്റെ ഛായാ​ഗ്രഹണം നിർവഹിക്കുന്നത് നീരവ് ഷായാണ്. പ്രൊഡക്ഷൻ ഡിസെെനർ മുത്തുരാജ്.

Related Stories

No stories found.
logo
The Cue
www.thecue.in