ജനപ്രീതി അവാർഡിന് ഒരു മാനദണ്ഡമല്ല; പാട്ട് നല്ലതാണെങ്കിൽ ആവർത്തിച്ച് പുരസ്കാരം കൊടുത്താലും തെറ്റില്ലെന്ന് ബിജിബാൽ

ജനപ്രീതി അവാർഡിന് ഒരു മാനദണ്ഡമല്ല; പാട്ട് നല്ലതാണെങ്കിൽ ആവർത്തിച്ച് പുരസ്കാരം കൊടുത്താലും തെറ്റില്ലെന്ന് ബിജിബാൽ

സ്റ്റേറ്റ് അവാർഡുകൾ അല്ലെങ്കിൽ നാഷ്ണൽ അവാർഡുകൾ എന്നത് ജനപ്രീതിയുള്ള ചിത്രങ്ങൾക്ക് മാത്രമുള്ള അവാർഡുകൾ അല്ലെന്ന് സംഗീതസംവിധായകൻ ബിജിബാൽ. ആളുകൾ അധികം കേൾക്കാത്ത പാട്ടിനു നല്ലതാണെങ്കിൽ പുരസ്കാരം ലഭിക്കണം. പുരസ്കാരം ലഭിച്ചത് ശരിയോ എന്നതും ജനപ്രീതിയും തമ്മിൽ വ്യത്യാസമുണ്ട്. നമുക്കിഷ്ടമുള്ള ഒരു സിനിമ അല്ലെങ്കിൽ പാട്ട് തുടങ്ങിയവ യാതൊരു തരത്തിലുമുള്ള വിട്ടുവീഴ്ചയില്ലാതെ ചെയ്യുന്നത് പരിഗണിക്കപ്പെടുന്ന ഏക വേദികളിലൊന്നാണ് സ്റ്റേറ്റ് അവാർഡ്. മികച്ച സം​ഗീത സംവിധായകനുള്ള സംസ്ഥാന പുരസ്കാരം എം ജയചന്ദ്രന് നൽകിയതിനെതിരെയുള്ള സോഷ്യൽ മീഡിയ വിമർശനങ്ങളെക്കുറിച്ച് നിള എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി സംസാരിക്കവെയാണ് ബിജിബാലിന്റെ പ്രതികരണം.

നല്ലതാണ് ചെയ്യുന്നതെങ്കിൽ തുടരെ ഒരാൾക്ക് അവാർഡ് കൊടുക്കുന്നതിൽ യായൊരു തെറ്റുമില്ലെന്നും അവാർഡ് നിർണ്ണയം ജനാധിപത്യ പരമായിരിക്കണം എന്ന് മാത്രമാണ് തോന്നിയിട്ടുള്ളതെന്നും ബിജിബാൽ പറയുന്നു. ആരും കേൾക്കാത്ത പാട്ടിനും നല്ലതാണെങ്കിൽ അവാർഡ് കൊടുക്കാം. ആളുകൾ തിരഞ്ഞ് പിടിച്ച് ആ പാട്ട് കേൾക്കട്ടെ. എന്താണ് ഈ അവാർഡ് കിട്ടാനുള്ള കാരണം എന്ന് ആ പാട്ട് കേട്ടിട്ട് തന്നെ മനസ്സിലാക്കണം എന്നും ബിജിബാൽ പറഞ്ഞു.

ബിജിബാൽ പറഞ്ഞത്;

സ്‌റ്റേറ്റ് അവാർഡ് അല്ലെങ്കിൽ നാഷ്ണൽ അവാർഡ് എന്ന് പറയുന്നത് എല്ലാവരും കേൾക്കുന്ന അല്ലെങ്കിൽ കാണുന്ന സിനിമകൾക്കുള്ളതല്ല. ഒരിക്കലും ആകരുത് എന്നല്ല. അങ്ങനെ എല്ലാവരും കാണുന്ന സിനികൾക്ക് കിട്ടിയാൽ നമുക്ക് തള്ളിക്കളയാനും കഴിയില്ല. പക്ഷേ കണാത്ത സിനിമകൾക്ക് കൂടി വേണ്ടിയുള്ളതാണ് സ്റ്റേറ്റ് അവാർഡും നാഷ്ണൽ അവാർഡും. ആർട്ടെന്നും കോമേർഷ്യലെന്നും വേർതിരിവില്ലാ എന്ന് പലരും പറയുമെങ്കിൽ പോലും കോംപ്രമൈസില്ലാതെ, ഒരു കാണിയെപ്പോലും മുന്നിൽ കാണാതെ നമുക്ക് ഇഷ്ടമുള്ള ഒരു സിനിമ ചെയ്യുക, ആര് കേൾക്കും കേൾക്കാതിരിക്കും എന്നതൊന്നും ഒരു വിഷയമാക്കാതെ അതിന് ചേർന്ന പാട്ടുകൾ ചെയ്യുക എന്നത് പരിഗണിക്കപ്പെടുന്ന ഏക വേദി അല്ലെങ്കിൽ വേദികളിൽ ഒന്ന് സ്റ്റേറ്റ് അവാർഡും നാഷ്ണൽ അവാർഡും ആണ്. അതുകൊണ്ട് തന്നെ അത്തരം ഇടങ്ങളിൽ കേൾക്കുക കേൾക്കാതിരിക്കുക എന്നത് വിഷയമല്ല. കേൾക്കാത്ത പാട്ടിനും നല്ലതാണെങ്കിൽ കൊടുക്കാം. അത് പിന്നീട് ആളുകൾ തിരഞ്ഞ് പിടിച്ച് കേൾക്കട്ടെ. എന്താണ് ഈ അവാർഡ് കിട്ടാനുള്ള കാരണം എന്ന് ആ പാട്ട് കേട്ടിട്ട് തന്നെ മനസ്സിലാക്കണം. സിനിമയും അങ്ങനെ തന്നെയാണ്. എത്രയോ സിനിമകൾ നമ്മൾ പിൻകാലത്ത് കണ്ടിരിക്കുന്നു. ആവാസവ്യൂഹം പോലെയുള്ള സിനിമ ആരും കണ്ടിട്ടുള്ള സിനിമയായിരുന്നില്ല. നാഷ്ണൽ അവാർഡ് നേടിയ ഇന്റർനാഷ്ണൽ അവാർഡ് നേടിയ എത്രയോ സിനിമകൾ പൊതു സമൂഹം കാണാത്തതായുണ്ട്. തൊണ്ണൂറ്റിയൊമ്പത് ശതമാനം ആളുകൾ പോലും കാണാത്ത എത്രയോ ക്ലാസിക്ക് സിനിമകൾ ഉണ്ട്. അതുകൊണ്ട് തന്നെ ജനപ്രീതിക്ക് ഇതുമായിട്ട് ഒരു ബന്ധവുമില്ല. അക്കാഡമിക്കലി നോക്കിയാൽ ജനപ്രീതി എന്നത് ഒരു മാനദണ്ഡമായി എനിക്ക് തോന്നുന്നില്ല. ന്യായമാണോ അല്ലയോ എന്നത് വേറെ ചർച്ചയാണ്. അത് ജൂറി അംഗങ്ങളുമെല്ലാം കൂടിയിരുന്ന്, അത് കണ്ടീഷനിങ്ങുമായി ബന്ധപ്പെട്ടാണ്. അതിൽ ചർച്ചയാവാം. എന്നാൽ അതിൽ ഒരു കാര്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ജനാധിപത്യമായിരിക്കണം എന്നാണ് എനിക്ക് വ്യക്തിപരമായി തോന്നിയിട്ടുള്ളത്. മുഖം നോക്കാതെ ചെയ്തത് എന്താണോ, അതിന്റെ ആസ്വാദനം, അതിന്റെ ടെക്ക്‌നിക്കാലിറ്റി, എന്തുമാത്രം സിനിമയോട് ചേർന്നു നിൽക്കുന്ന രീതിയിലാണ് അതെല്ലാം ചെയ്തിട്ടുള്ളത് തുടങ്ങി അത് വിലയിരുത്താൻ പ്രാപ്തിയുള്ള ജൂറി അംഗങ്ങളെ വച്ചിട്ട് വളരെ കൃത്യമായും വസ്തു നിഷ്ടമായും ജനാധിപത്യപരമായും ഉപാധികളില്ലാതെ അവാർഡുകൾ കൊടുക്കുന്നൊരു കാലം അങ്ങനെയൊരു കിനാശ്ശേരിയാണ് നമുക്കുള്ളത്.

നല്ലതാണ് ചെയ്യുന്നതെങ്കിൽ തുടരെ അവാർഡ് കൊടുക്കുന്നതിലും തെറ്റൊന്നുമില്ല, അവർക്ക് വേണ്ടെന്ന് വയ്ക്കുന്നിടത്തോളം കാലം. എല്ലാ കൊല്ലവും ഒരാൾക്ക് തന്നെ കൊടുക്കുന്നതിൽ തെറ്റൊന്നുമില്ല. പക്ഷേ അത് ഞാൻ പറഞ്ഞപോലെ ജനാധിപത്യ പരമായിരിക്കണം. പത്ത് കൊല്ലം ഒരാൾക്ക് കൊടുത്തു എന്നത് കൊണ്ട് പതിനൊന്നാം കൊല്ലം അദ്ദേഹത്തിന് കൊടുക്കരുത് എന്നല്ല, അത് തിരഞ്ഞെടുക്കുന്നവൻ ഒരു കോംപ്രമെസിന്റെ ഭാഗമായിട്ട് കിട്ടുന്നു എന്നുള്ളതുമല്ല. തികച്ചും ഒരു മേന്മയുടെ അളവ് കോൽ അവിടെ വേണം. ശാസ്ത്രീയതയുടെ അളവ് കോൽ വേണം, സൗന്ദര്യാനുഭൂതിയുടെ അളവ് കോൽ വേണം, എല്ലാം വിലയിരുത്തി തന്നെ അവാർഡ് കൊടുക്കണം എന്നുള്ളതാണ് എന്റെ അഭിപ്രായം.

Related Stories

No stories found.
logo
The Cue
www.thecue.in