'മാർക്ക് ആന്റണിയുടെ സെൻസർ സർട്ടിഫിക്കറ്റിന് കൈക്കൂലി ആറര ലക്ഷം' ; തെളിവുകൾ പുറത്തുവിട്ട് വിശാൽ

'മാർക്ക് ആന്റണിയുടെ സെൻസർ സർട്ടിഫിക്കറ്റിന് കൈക്കൂലി ആറര ലക്ഷം' ; തെളിവുകൾ പുറത്തുവിട്ട് വിശാൽ

മാർക്ക് ആന്റണി എന്ന ചിത്രത്തിന്റെ ഹിന്ദി സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിന് കൈക്കൂലി നല്‍കേണ്ടി വന്നു എന്ന ആരോപണവുമായി തമിഴ് നടൻ വിശാൽ. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിനായി ആറര ലക്ഷം രൂപ കൈക്കൂലി കൊടുക്കേണ്ടി വന്നതായാണ് വിശാലിന്റെ വെളിപ്പെടുത്തൽ. മുംബൈയിലെ സെന്‍സര്‍ ബോര്‍ഡ് ഓഫീസിൽ സര്‍ട്ടിഫിക്കറ്റിനായി സമീപിച്ചപ്പോഴാണ് ഈ അനുഭവമെന്നും ചിത്രം റിലീസ് ചെയ്യാൻ മൂന്നു ലക്ഷവും, യു/എ സർട്ടിഫിക്കറ്റ് ലഭിക്കാൻ മൂന്നര ലക്ഷം രൂപയും താൻ നൽകി എന്നും വിശാൽ തന്റെ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ട വീഡിയോയിൽ വെളിപ്പെടുത്തി.

മൂന്നു ലക്ഷം രൂപ രാജന്‍ എന്ന ഉദ്യോഗസ്ഥന്റെ അക്കൗണ്ടിലേക്കും മൂന്നര ലക്ഷം രൂപ ജീജ രാംദാസ് എന്ന അക്കൗണ്ടിലേക്കുമാണ് കൈമാറിയത്. ഇവരുടെ ബാങ്ക് അക്കൗണ്ട് നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങളും വിശാല്‍ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. തന്റെ സിനിമാ ജീവിതത്തിൽ മുൻപ് ഒരിക്കലും ഇത്തരമൊരു അനുഭവം നേരിട്ടേണ്ടി വന്നിട്ടില്ലെന്നും കഷ്ടപ്പെട്ട് സമ്പാദിക്കുന്ന പണം അഴിമതിക്കായി പോകുന്നത് സഹിക്കാനാകുന്നില്ലെന്നും വിശാൽ പറഞ്ഞു. പ്രധാനമന്ത്രിയും മഹാരാഷ്ട്ര മുഖ്യമന്ത്രിയും ഈ വിഷയത്തിൽ ഇടപെടണമെന്നും ഇത് തനിക്ക് വേണ്ടിയല്ല മറ്റ് നിര്‍മാതാക്കള്‍ക്ക് കൂടി വേണ്ടിയാണെന്നും വിശാല്‍ വീഡിയോയിൽ കൂട്ടിച്ചേർത്തു.

വിശാൽ, എസ് ജെ സൂര്യ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആധിക് രവിചന്ദ്രൻ സംവിധാനം ചെയ്ത ചിത്രമാണ് മാർക്ക് ആന്റണി. ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ടൈം ട്രാവൽ ഗ്യാങ്സ്റ്റർ വിഭാഗത്തിൽപ്പെട്ട ചിത്രത്തിൽ സുനിൽ, സെൽവരാഘവൻ, റിതു വർമ്മ, ജി മഹേന്ദ്രൻ എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിൽ എത്തിയ അഭിനേതാക്കൾ. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിനായി സംഗീതം ഒരുക്കിയത്. ലിസ്റ്റിൻ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിനെടുത്തത്.

Related Stories

No stories found.
logo
The Cue
www.thecue.in