'ന​ഗ്ന ഫോട്ടോഷൂട്ട് ചെയ്ത രൺവീർ സിം​ഗാണോ ശക്തിമാനെ അവതരിപ്പിക്കുന്നത്?' ; ശക്തിമാൻ കാസ്റ്റിം​ഗിൽ എതിർപ്പുമായി മുകേഷ് ഖന്ന

'ന​ഗ്ന ഫോട്ടോഷൂട്ട് ചെയ്ത രൺവീർ സിം​ഗാണോ ശക്തിമാനെ അവതരിപ്പിക്കുന്നത്?' ; ശക്തിമാൻ കാസ്റ്റിം​ഗിൽ എതിർപ്പുമായി മുകേഷ് ഖന്ന

രൺവീർ സിം​​ഗ് ശക്തിമാനെ അവതരിപ്പിക്കുന്നതിൽ എതിർപ്പുമായി നടൻ മുകേഷ് ഖന്ന. ടെലിവിഷൻ ലോകത്തിലെ ഏറ്റവും പോപ്പുലറായ പരിപാടിയായിരുന്നു മുകേഷ് ഖന്ന അഭിനിയിച്ച് നിർമിച്ച ശക്തിമാൻ എന്ന എന്ന സീരീസ്. കുറച്ച് കാലങ്ങളായി രൺവീർ സിം​ഗ് ശക്തിമാനെ അവതരിപ്പിക്കും എന്ന തരത്തിൽ വാർത്തകൾ സോഷ്യൽ മീഡിയയിൽ അരങ്ങേറുന്നുണ്ട്. എല്ലാവരും അതിൽ അസ്വസ്ഥരായിരുന്നു, പക്ഷേ ഞാൻ മൗനം പാലിച്ചു, എന്നാൽ രൺവീർ സിം​ഗ് ചിത്രത്തിന് വേണ്ടി കാരാറിലേർപ്പെട്ടു എന്ന് ചില ചാനലുകൾ പ്രഖ്യാപിച്ചത് കൊണ്ടാണ് എനിക്ക് ഇപ്പോൾ ഇതിനെക്കുറിച്ച് സംസാരിക്കേണ്ടി വന്നത് എന്ന് മുകേഷ് ഖന്ന പറയുന്നു. എത്ര വലിയ നടൻ ആണെങ്കിലും ഇത്തരത്തിൽ പ്രതിച്ഛായയുള്ള ഒരു നടന് ശക്തിമാൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിയില്ലെന്നാണ് തന്റെ അഭിപ്രായം എന്ന് മുകേഷ് ഖന്ന ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ പറഞ്ഞു. ബേസിൽ ജോസഫിന്റെ സംവിധാനത്തിൽ സോണി പിക്ചേഴ്സ് നിർമിക്കുന്ന ശക്തിമാൻ ഇതുവരെ ഒഫീഷ്യലായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ല.

മുകേഷ് ഖന്നയുടെ പോസ്റ്റ്:

കുറച്ച് മാസങ്ങളായി രൺവീർ ശക്തിമാൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന വാർത്തയാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞത്. എല്ലാവരും അതിൽ അസ്വസ്ഥനായിരുന്നു, പക്ഷേ ഞാൻ മൗനം പാലിച്ചു, എന്നിരുന്നാലും, രൺവീർ ചിത്രത്തിലേക്ക് കരാറായതായി ചാനലുകൾ പ്രഖ്യാപിച്ചപ്പോൾ, എനിക്ക് വാ തുറക്കേണ്ടി വന്നു. ഇത്രയും വലിയ പ്രതിച്ഛായയുള്ള ഒരു നടന് ശക്തിമാൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിയില്ല. ഇനി എന്താണ് സംഭവിക്കുന്നതെന്ന് നോക്കൂ.

രൺവീർ സിം​ഗിന്റെ ന​ഗ്ന ഫോട്ടോഷൂട്ടിനെക്കുറിച്ചും യൂട്യൂബിൽ പങ്കുവച്ച വീഡിയോയിൽ മുകേഷ് ഖന്ന പ്രതിപാദിക്കുന്നുണ്ട്. ആ ഫോട്ടോഷൂട്ട് ചെയ്യാൻ താൻ കംഫർട്ടബിൾ ആയിരുന്നു എന്ന് പറഞ്ഞ രൺവീറിൻ്റെ പ്രസ്താവനയ്ക്ക് നഗ്നത വ്യാപകമായ മറ്റ് രാജ്യങ്ങളിൽ പോയി അഭിനയിക്കാനും മുകേഷ് ഖന്ന പറഞ്ഞു. ശക്തിമാൻ എന്നത് സൂപ്പർ ഹീറോ മാത്രമല്ല സൂപ്പർ ടീച്ചർ കൂടിയാണ് എന്നും ഇപ്പോഴും സാർ നിങ്ങളാണ് ഞങ്ങളുടെ കുട്ടിക്കാലത്തെയുണ്ടാക്കിയത് എന്ന തരത്തിലുള്ള മെസേജ് തനിക്ക് വരാറുണ്ടെന്നും മുകേഷ് ഖന്ന പറഞ്ഞു. അങ്ങനെയുള്ള ഒരു കഥാപാത്രത്തെ ഒരു നടൻ അവതരിപ്പിക്കുമ്പോൾ അയാൾക്ക് അയാൾ എന്താണോ പറയുന്നത് അത് ലോകം കേൾക്കും എന്ന ബോധം ഉള്ളിലുണ്ടാവണം എന്നും മുകേഷ് ഖന്ന പറയുന്നു. കോണ്ടന്റ് ഉണ്ടെങ്കിലാണ് ശക്തിമാൻ വിജയിക്കുക അല്ലാതെ സൂപ്പർ സ്റ്റാറുകളല്ല ശക്തിമാനെ വിജയിപ്പിക്കുന്നതെന്നും മുകേഷ് ഖന്ന പറഞ്ഞു.

രൺവീർ സിം​ഗിന്റെ ഡോൺ 3 യ്ക്ക് ശേഷം ഫെബ്രുവരിയിൽ ശക്തിമാന്റെ ഷൂട്ടിം​ഗ് ആരംഭിക്കുമെന്നാണ് മുമ്പ് പുറത്തു വന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബേസിൽ ജോസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത് എന്നാണ് റിപ്പോർട്ടുകൾ. സോണി പിക്ച്ചേഴ്സാണ് ചിത്രത്തിന്റെ നിർമാണം. ബി​ഗ് ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in