
'വള' സംഗീതത്തിന് ഏറെ പ്രാധാന്യം നൽകുനൻ ചിത്രമാണ് എന്ന് സംവിധായകൻ മുഹാഷിൻ. വ്യത്യസ്തമായ രീതിയിലാണ് ഗോവിന്ദ് വസന്ത ഈ ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മുഹാഷിൻ.
മുഹാഷിന്റെ വാക്കുകൾ:
കഠിന കഠോരമീ അണ്ഡകടാഹത്തിൽ വളരെ ഇമോഷണൽ ഡെപ്ത്തുള്ള മ്യൂസിക് ആണെങ്കിൽ, മറ്റൊരു മ്യൂസിക് പാറ്റേൺ ആണ് വളയിൽ ഗോവിന്ദ് കൊണ്ടുവരാൻ ശ്രമിച്ചിട്ടുള്ളത്. ഈ സിനിമ തുടങ്ങിയതിനു ശേഷം കുറച്ചു കഴിഞ്ഞപ്പോൾ മുതൽ ഗോവിന്ദ് വർക്കിന്റെ സമയം മാറ്റി. അങ്ങനെ നാല് മണിക്ക് എഴുനേറ്റിട്ടാണ് പിന്നെ ഞങ്ങൾ വർക്ക് ചെയ്യാൻ തുടങ്ങുന്നത്. അപ്പോൾ എന്റെ ഉറക്കം നഷ്ടപ്പെട്ടു. ഞാൻ രാത്രി സാധാരണ മൂന്ന് മണിക്കാണ് ഉറങ്ങുന്നത്. എഡിറ്റിങ്ങിന്റെ പരിപാടികളൊക്കെ രാത്രിയാണ് നടക്കാറുള്ളത്.
നാലു മണി മുതൽ പത്തു മണി വരെയുള്ള സമയത്താണ് മ്യൂസിക്കിന്റെ വർക്ക് നടക്കുന്നത്. പകൽ മുഴുവൻ ഉറങ്ങിയതിനു ശേഷം രാത്രിയിൽ വർക്ക് ചെയ്യാൻ തുടങ്ങും. കഥയ്ക്ക് ആവശ്യമായ സ്ഥലങ്ങളിൽ ചെറിയ വരികൾ വച്ച് കൊണ്ടാണിതിനെ മൊത്തത്തിൽ ബിൽഡ് ചെയ്ത് അവസാനം വരെ കൊണ്ടുപോയിട്ടുള്ളത്. പിന്നെ നമുക്ക് കിട്ടിയിട്ടുള്ളതിൽ അനുഗ്രഹമാണെന്ന് പറയാം യാവർ. യാവറിനെ വിളിച്ചു ഒരു അറബിക്ക് സോങ്ങും ഒരു ഹിന്ദി സോങ്ങും ഉണ്ട് അത് പാടാൻ സാധിക്കുമോ എന്ന ചോദിക്കുന്നു. ഗോവിന്ദാണ് സംഗീത സംവിധായകൻ എന്ന് പറഞ്ഞപ്പോൾ തൈക്കുടം ബ്രിഡ്ജിൽ ഉള്ളതല്ലേ എന്നവൻ ഇങ്ങോട്ട് ചോദിച്ചു. എന്നിട്ടവൻ അപ്പോൾ തന്നെ സമ്മതിച്ചു അടുത്ത വണ്ടി കയറി ഇങ്ങോട്ട് വന്നു. ഗോവിന്ദുമായി സംസാരിച്ചു.
ഗോവിന്ദ് എന്ന മനുഷ്യൻ തൈക്കുടം എന്ന ബാൻഡിനെ മാത്രം വിശ്വസിച്ചാണ് വരുന്നത്. അതല്ലാതെ മറ്റൊരു മുഖ്യധാരയിലും വരില്ല എന്ന് ഉറപ്പിച്ചു പോയിരുന്ന ഒരു മനുഷ്യനാണ്. അതുപോലെ തന്നെയാണ് ശങ്കർ മഹാദേവനും. ശങ്കർ മഹാദേവൻ ഒരു പാട്ട് ഇതിൽ പാടിയിട്ടുണ്ട്. ഒരുപക്ഷെ മലയാളികൾക്ക് മാത്രമായിക്കാം ഗോവിന്ദ് അത്ര ഒരു പോപ്പുലർ ആയിട്ടുള്ള സംഗീത സംവിധായകൻ അല്ലാത്തത് എന്ന് എനിക്ക് തോന്നുന്നു. എന്നാൽ തമിഴിൽ പോയി കഴിഞ്ഞാൽ ഗോവിന്ദിനെ നിലം തൊടീക്കാതെ കൊണ്ടുപോകും,അങ്ങനത്തെ ഒരു മ്യൂസിക് പാറ്റേൺ ഗോവിന്ദിനുണ്ട്. ഗോവിന്ദും ഗോവിന്ദിന്റെ പാഷനും എല്ലാം തന്നെ ഈ സിനിമയിലേക്ക് കൊണ്ട് വന്നിട്ടുണ്ട്. പക്ഷേ സുഷിൻ അല്ലെങ്കിൽ ജേക്സ് എന്നൊക്കെ പറയുന്നത് പോലെ അത്ര പോപ്പുലാരിറ്റി മലയാളികൾക്കിടയിലില്ല.