സിനിമ ഗ്യാങ്‌സ്റ്റേഴ്‌സിനെ മഹത്വവത്കരിക്കുന്നു, എനിക്ക് പറയേണ്ടത് സാധാരണക്കാരന്റെ കഥ: ഉണ്ണി മുകുന്ദന്‍

സിനിമ ഗ്യാങ്‌സ്റ്റേഴ്‌സിനെ മഹത്വവത്കരിക്കുന്നു, എനിക്ക് പറയേണ്ടത് സാധാരണക്കാരന്റെ കഥ: ഉണ്ണി മുകുന്ദന്‍

ഗ്യാങ്ങ്‌സ്റ്റേഴ്‌സിനെ മഹത്വവത്കരിക്കുന്ന കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നതെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍. ക്രിമിനല്‍ ചിന്താഗതിയുള്ളവര്‍ എങ്ങനെ പ്രശ്‌നങ്ങളെ തരണം ചെയ്യുന്നു എന്നതാണ് ഇപ്പോള്‍ സിനിമകള്‍ പറയുന്നത്. എന്നാല്‍ തനിക്ക് പറയേണ്ടത് സാധാരണക്കാരന്റെ കഥയാണെന്നും ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കി. ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ വെച്ചായിരുന്നു നടന്റെ പ്രതികരണം.

'എനിക്ക് വളരെ സാധാരണക്കാരായ നല്ല മനുഷ്യരുടെ കഥയാണ് പറയേണ്ടത്. ഗ്യാങ്‌സ്റ്റേഴ്‌സിനെയും ക്രിമിനല്‍ ചിന്താഗതിയുള്ളവരെയും മഹത്വവത്കരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. അവര്‍ എങ്ങനെ പ്രശ്‌നങ്ങളില്‍ നിന്ന് പുറത്തുവരുന്നു എന്നതാണ് സിനിമ കാണിക്കുന്നത്. നമ്മള്‍ അവരെ സിനിമകളില്‍ സൂപ്പര്‍ സ്റ്റാറുകളായി ചിത്രീകരിക്കുന്നു. നമുക്ക് അണ്ടര്‍ വേള്‍ഡും അത്തരക്കാരുടെ ഡാര്‍ക്ക് ഷേഡും വളരെ ഇഷ്ടമാണ്. പക്ഷെ എനിക്ക് ജനങ്ങളുടെ കഥ പറയേണ്ടത്. മനുഷ്യത്വമുള്ള കഥകള്‍. സാധാരണക്കാരനും ഒരുപാട് കഷ്ടപ്പെടുന്നുണ്ട്.', എന്നാണ് ഉണ്ണി മുകുന്ദന്‍ പറഞ്ഞത്.

ഫിലിം ഫെസ്റ്റിവലില്‍ ഉണ്ണി മുകുന്ദന്‍ നിര്‍മ്മിക്കുകയും അഭിനയിക്കുകയും ചെയ്ത മേപ്പടിയാന്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. 'മേപ്പടിയാന്‍ ഒരു സാധാരണ കുടുംബ ചിത്രമാണ്. ആരോടും നോ എന്ന് പറയാന്‍ സാധിക്കാത്ത ഒരു വ്യക്തിയുടെ കഥയാണ്. ഇന്ത്യക്കാര്‍ എന്ന നിലയില്‍ എല്ലാവരോടും നല്ല രീതിയില്‍ പെരുമാറാനാണ് നമ്മളെ പഠിപ്പിച്ചിട്ടുള്ളത്. മേപ്പടിയാനിലെ ജയകൃഷ്ണന്‍ അങ്ങനെ ജീവിക്കുന്ന വ്യക്തിയാണ്.' എന്നും ഉണ്ണി മുകുന്ദന്‍ കൂട്ടിച്ചേര്‍ത്തു.

ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഇന്ത്യന്‍ മത്സരവിഭാഗത്തില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരവും മേപ്പടിയാന് ലഭിച്ചിരുന്നു. 2021ലെ മികച്ച ചിത്രം എന്ന പുരസ്‌കാരമാണ് മേപ്പടിയാന് ലഭിച്ചത്. നവാഗതനായ വിഷ്ണു മോഹന്‍ സംവിധാനം ചെയ്ത ചിത്രമാണ് മേപ്പടിയാന്‍. ജനുവരി 14നാണ് ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്തത്. ശേഷം ഫെബ്രുവരി 18ന് ചിത്രം ആമസോണ്‍ പ്രൈമിലുമെത്തി.

Related Stories

No stories found.
logo
The Cue
www.thecue.in