
ആക്ഷൻ രംഗങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ ആൻറണി വർഗീസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ദാവീദ് റിലീസിനൊരുങ്ങുകയാണ്. ബോക്സിങ് പശ്ചാത്തലമായി ഒരുങ്ങുന്ന ചിത്രത്തിൽ ആക്ഷന് കൃത്യമായി പ്രാധാന്യമുണ്ട് എന്ന് തെളിയിക്കുന്നതായിരുന്നു ചിത്രത്തിന്റെ പുറത്തുവിട്ട ടീസർ. ചിത്രത്തിൻറെ ടീസർ പുറത്തിറങ്ങിയ ദിവസം മുതൽ ചർച്ചാവിഷയം ആകുന്നത് ഒരു ഈജിപ്റ്റുകാരന്റെ പേരാണ്. ആരാണ് ചിത്രത്തിൽ പ്രതിനായക വേഷത്തിൽ എത്തുന്ന മോ ഇസ്മായിൽ?
ഈജിപ്ത് സ്വദേശിയായ ഒരു അമേരിക്കൻ അഭിനേതാവാണ് മോ ഇസ്മയിൽ. ദാവീദില്‍ ആന്റണി വർഗീസ് അവതരിപ്പിക്കുന്ന ആഷിക് അബു എന്ന കഥാപാത്രത്തിനെതിരെ ഇടിച്ചുനിൽക്കുന്ന ബോക്സർ ആയിട്ടാണ് മോ ഇസ്മെയിൽ അഭിനയിക്കുന്നത്. ആറാം വയസ്സു മുതൽ ബോക്സിങ് പഠിക്കുന്ന വ്യക്തി കൂടിയാണ് മോ ഇസ്മെയിൽ. അതേസമയം ദാവീദിന് വേണ്ടി ആൻറണി വർഗീസ് പ്രൊഫഷണൽ ബോക്സിങ് ലൈസൻസ് നേടിയത് നേരത്തെ വാർത്തകളിൽ നിറഞ്ഞിരുന്നു. ഇന്ത്യൻ സിനിമയിൽ തന്നെ പ്രൊഫഷണൽ ബോക്സിങ് ലൈസൻസ് നേടുന്ന ആദ്യത്തെ നടൻ കൂടിയാണ് ആൻറണി വർഗീസ്. പ്രൊഫഷണലായി ബോക്സിങ് പഠിച്ച രണ്ടുപേർ ബോക്സിങ് കേന്ദ്ര വിഷയമാകുന്ന ഒരു സിനിമയിൽ പരസ്പരം ഇടിച്ചു തോൽപ്പിക്കാൻ എത്തുമ്പോൾ മികച്ച ദൃശ്യാനുഭവം നൽകാൻ സിനിമയ്ക്ക് കഴിയുമെന്നാണ് പുറത്തുവിടുന്ന അപ്‌ഡേറ്റുകൾ ഉറപ്പു തരുന്നത്.
ലിൻ്റോ കുര്യൻ എഡിറ്റ് ചെയ്ത് കഴിഞ്ഞാഴ്ച റിലീസായ ദാവീദിന്റെ ടീസറിന് മികച്ച സ്വീകരണമാണ് ലഭിച്ചത്. യൂട്യൂബിൽ മാത്രം 30 ലക്ഷത്തോളം പേരാണ് ടീസർ ഇതുവരെ കണ്ടത്. മലയാളത്തിൽ വീണ്ടും ഒരു കംപ്ലീറ്റ് ആക്ഷൻ എന്റർടെയ്നർ സംഭവിക്കാൻ പോകുന്നു എന്നൊരു പ്രതീതി പ്രേക്ഷകർക്ക് ഉണ്ടാക്കാൻ ടീസറിന് സാധിച്ചിട്ടുണ്ട്. ടീസറിൽ മോ ഇസ്മയിലിന്റെ കഥാപാത്രത്തിന് വലിയ പ്രാധാന്യം കൊടുത്തിട്ടുണ്ടായിരുന്നു. അതോടൊപ്പം തന്നെ കഴിഞ്ഞ ദിവസം സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി ദാവീദിന്റെ അണിയറ പ്രവർത്തകർക്കൊപ്പവും മോ ഇസ്മെയിൽ പങ്കെടുത്ത ചടങ്ങുകളിൽ ആർപ്പുവിളികളും ,കൈയടികളോടെയുമാണ് മോ ഇസ്മയിലിനെ കാണികൾ സ്വീകരിച്ചത്.
ഫെബ്രുവരി 14ന് തിയേറ്ററുകൾ എത്തുന്ന ദാവീദ് സംവിധാനം ചെയ്തിരിക്കുന്നത് ഗോവിന്ദ് വിഷ്ണുവാണ്. സെഞ്ച്വറി മാക്സ് ജോൺ മേരി പ്രൊഡക്ഷൻസിനൊപ്പം പനോരമ സ്റ്റുഡിയോസ്, എബി അലക്സ് എബ്രഹാം, ടോം ജോസഫ് എന്നിവർ ചേർന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.ആൻറണി വർഗീസ് ,മോ ഇസ്മയിൽ എന്നിവരെ കൂടാതെ വിജയരാഘവൻ , ലിജോ മോൾ,സൈജു കുറുപ്പ് ,അജു വർഗീസ് ,ജെസ് കുക്കു , കിച്ചു ടെല്ലസ് ,വിനീത് തട്ടിൽ, അച്ചു ബേബി ജോൺ, അന്ന രാജൻ എന്നിങ്ങനെ ഒരു വലിയ നിര താരങ്ങൾ തന്നെ സിനിമയിൽ അണിനിരക്കുന്നുണ്ട്. സംവിധായകൻ ഗോവിന്ദ് വിഷ്ണുവിനൊപ്പം ദീപു രാജീവനും തിരക്കഥ രചനയിൽ പങ്കാളിയായിരിക്കുന്നു. സംഗീതം ജസ്റ്റിൻ വർഗീസ്. സാലു കെ തോമസിന്റെതാണ് ചായ ഗ്രഹണം. രാജേഷ് ചെറുമാടം ആണ് എഡിറ്റർ.പി.ആർ.ഓ അക്ഷയ് പ്രകാശ്.