വീണ്ടും മോഹന്‍ലാല്‍-പ്രിയദര്‍ശന്‍-സന്തോഷ് ശിവന്‍-സാബു സിറില്‍ ടീം, എം.ടിയുടെ ഓളവും തീരവും

വീണ്ടും മോഹന്‍ലാല്‍-പ്രിയദര്‍ശന്‍-സന്തോഷ് ശിവന്‍-സാബു സിറില്‍ ടീം, എം.ടിയുടെ ഓളവും തീരവും

എം.ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ പി.എന്‍ മേനോന്‍ സംവിധാനം ചെയ്ത മലയാളത്തിലെ ആദ്യ റിയലിസ്റ്റിക് അവതരണ സ്വഭാവമുള്ള ചിത്രമെന്ന ഖ്യാതി നേടിയ ഓളവും തീരവും വീണ്ടുമൊരുങ്ങുന്നു. എം.ടിയുടെ തിരക്കഥകളെ ആധാരമാക്കിയുള്ള നെറ്റ്ഫ്‌ളിക്‌സ് ആന്തോളജിയിലാണ് പ്രിയദര്‍ശന്റെ സംവിധാനത്തില്‍ ഓളവും തീരവും ഒരുങ്ങുന്നത്. മധു അവതരിപ്പിച്ച ബാപ്പുട്ടി എന്ന കഥാപാത്രമായി മോഹന്‍ലാല്‍ എത്തുന്നു. 52 വര്‍ഷത്തിന് ശേഷം പുതിയ ശൈലിയില്‍ ഓളവും തീരവും പുനര്‍ജനിക്കുമ്പോള്‍ ഛായാഗ്രാഹകനായി സന്തോഷ് ശിവനും ആര്‍ട്ട് ഡയറക്ടറായി സാബു സിറിലും എത്തുന്നു.

വലിയ ഇടവേളക്ക് ശേഷം ഈ കൂട്ടുകെട്ട് വീണ്ടുമെത്തുന്ന പ്രൊജക്ട് കൂടിയാണ് ഓളവും തീരവും. ജോസ് പ്രകാശ് അവതരിപ്പിച്ച കുഞ്ഞാലി എന്ന വില്ലനായി ഹരീഷ് പേരടിയും. നായികയായി ദുര്‍ഗാ കൃഷ്ണയും എത്തുന്നു. നബീസയെന്ന നായികയെ ആദ്യപതിപ്പില്‍ അവതരിപ്പിച്ചത് ഉഷാ നന്ദിനിയാണ്. മാമുക്കോയയും ചിത്രത്തില്‍ പ്രധാന റോളിലുണ്ട്. തൊടുപുഴയിലാണ് പ്രധാന ലൊക്കേഷന്‍. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

എം.ടി വാസുദേവന്‍ നായരുടെ മകള്‍ അശ്വതി വി നായര്‍ ആണ് നിര്‍മ്മാണം. നെറ്റ്ഫ്‌ളിക് ആന്തോളജിക്ക് വേണ്ടി ബിജു മേനോനെ നായകനാക്കി ശിലാലിഖിതം എന്ന ചിത്രമൊരുക്കിയതും പ്രിയദര്‍ശനാണ്. സന്തോഷ് ശിവന്‍, ജയരാജ്, ലിജോ പെല്ലിശേരി, മഹേഷ് നാരായണന്‍, രതീഷ് അമ്പാട്ട്, അശ്വതി വി നായര്‍ എന്നിവരാണ് മറ്റ് ചിത്രങ്ങള്‍ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടി ചിത്രമൊരുക്കുന്നത് ലിജോ പെല്ലിശേരിയാണ്.

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം ലണ്ടന്‍ ഷെഡ്യൂളിലാണ് മോഹന്‍ലാല്‍ ഈ ചിത്രത്തിന് ശേഷം ജോയിന്‍ ചെയ്യുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in