'വാക്കുപാലിച്ച് മോഹന്‍ലാല്‍' ; പ്രളയരക്ഷാപ്രവര്‍ത്തനത്തിനിടെ മരണപ്പെട്ട ലിനുവിന് വീട് വെച്ച് നല്‍കി

'വാക്കുപാലിച്ച് മോഹന്‍ലാല്‍' ; പ്രളയരക്ഷാപ്രവര്‍ത്തനത്തിനിടെ മരണപ്പെട്ട ലിനുവിന് വീട് വെച്ച് നല്‍കി

പ്രളയരക്ഷാപ്രവര്‍ത്തനത്തിനിടെ മരണപ്പെട്ട കോഴിക്കോട് സ്വദേശി ലിനുവിന്റെ കുടുംബത്തിന് വീട് വെച്ച് നല്‍കി മോഹന്‍ലാല്‍ ചെയര്‍മാനായ വിശ്വശാന്തി ഫൗണ്ടേഷന്‍. മോഹന്‍ലാലിന്റെ ജന്മദിനത്തില്‍ മോഹന്‍ലാലും സുചിത്ര മോഹന്‍ലാലും ചേര്‍ന്നാണ് ലിനുവിന്റെ കുടുംബത്തിന് പുതിയ ഭവനത്തിന്റെ താക്കോല്‍ കൈമാറിയത്.

പ്രളയ രക്ഷാപ്രവര്‍ത്തനത്തിനിടെ ജീവന്‍ നഷ്ടപ്പെട്ട ലിനു എന്ന ചെറുപ്പക്കാരന്റെ സ്വപ്നമായിരുന്നു സ്വന്തമായൊരു വീട്. ലിനുവിന്റെ മരണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ കുടുംബത്തെ സന്ദര്‍ശിച്ച വിശ്വശാന്തി പ്രവര്‍ത്തകര്‍ വീട് നിര്‍മിച്ചുനല്‍കാന്‍ തീരുമാനിക്കുകയുമായിരുന്നു. അന്ന് ലിനുവിന്റെ വീട് സന്ദര്‍ശിച്ച സംവിധായകന്‍ മേജര്‍ രവി വീട് വെച്ച് നല്‍കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. വിശ്വശാന്തി ഫൗണ്ടേഷന്റെ ശാന്തിഭവനം പദ്ധതിയില്‍പ്പെടുന്ന രണ്ടാമത്തെ വീടാണ് ഇത്. അര്‍ഹരായവര്‍ക്ക് സ്വന്തമായി വീട് നല്‍കുക എന്ന ഉദ്ദേശത്തോടെ വിശ്വശാന്തി ഫൗണ്ടേഷന്‍ നടത്തി വരുന്ന പദ്ധതിയാണ് ശാന്തിഭവനം.

സാമൂഹിക ഉന്നമനം ലക്ഷ്യമിട്ട് കേരളത്തിനകത്തും പുറത്തും ഒട്ടവനധി ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന ഫൗണ്ടേഷനാണ് വിശ്വശാന്തി. ചടങ്ങില്‍ വിശ്വശാന്തി മാനേജിംഗ് ഡയറക്ടര്‍ മേജര്‍ രവി, ഡയറക്ടര്‍ സജീവ് സോമന്‍, ആന്റണി പെരുമ്പാവൂര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in