മിന്നൽ മുരളി കോമിക് ബുക്കിലേക്ക് '; സാൻഡിയാ​ഗോ കോമിക് കോണിൽ അവതരിപ്പിക്കാൻ റാണ ദഗ്ഗുബാട്ടി

മിന്നൽ മുരളി കോമിക് ബുക്കിലേക്ക് '; സാൻഡിയാ​ഗോ കോമിക് കോണിൽ അവതരിപ്പിക്കാൻ റാണ ദഗ്ഗുബാട്ടി

ബേസിൽ ജോസഫ് സംവിധാനം ചെയ്ത് ടോവിനോ തോമസ് നായകനായി പുറത്തിറങ്ങിയ മലയാളത്തിലെ ആദ്യ സൂപ്പർഹീറോ ചിത്രമാണ് 'മിന്നൽ മുരളി'. ഇപ്പോഴിതാ മിന്നൽ മുരളിയെ കോമിക് ബുക്കിലേക്ക് അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറപ്രവർത്തകർ. ഇന്ത്യയിലെ പ്രശസ്ത കോമിക് മാ​ഗസിനായ ടിങ്കിളിലും അമർ ചിത്രകഥയിലും മിന്നൽ മുരളി കോമിക് രൂപത്തിൽ എത്തും. നടൻ റാണ ദഗ്ഗുബാട്ടിയുടെ സ്പിരിറ്റ് മീഡിയയും സോഫിയാ പോളിന്റെ വീക്കെന്റ് ബ്ലോക്ക്ബസ്റ്റേഴ്സും ചേർന്നാണ് മിന്നൽ മുരളിയെ കോമിക് കഥാപാത്രമായി പ്രേക്ഷകരിലേക്കെത്തിക്കുന്നത്. സാൻഡിയാ​ഗോയിൽ നടക്കുന്ന കോമിക് കോണിൽ മിന്നൽ മുരളിയെ കോമിക് ബുക്ക് കഥാപാത്രമായി ലോഞ്ച് ചെയ്യും.

റാണയുടെ സ്പിരിറ്റ് മീഡിയയ്‌ക്കൊപ്പം ചേരുന്നതിൽ ഞങ്ങൾ ആവേശഭരിതരാണ്. അഗാധമായ സ്നേഹത്തിന്റെയും അഭിനിവേശത്തിന്റെയും സൃഷ്ടിയായിരുന്നു മിന്നൽ മുരളി, ആരാധകർക്ക് അദ്ദേഹത്തെ ഒരു പുതിയ കോമിക് അവതാരത്തിൽ അവതരിപ്പിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ടെന്ന് മിന്നൽ മുരളിയുടെ നിർമാതാവായ സോഫിയ പോൾ പറഞ്ഞു. ജൂലൈ 20 മുതല്‍ 23 വരെയാണ് കോമിക് കോൺ അരങ്ങേറുന്നത്.

ടോവിനോ തോമസ്, ഗുരു സോമസുന്ദരം, അജു വര്‍ഗീസ്, പി. ബാലചന്ദ്രന്‍, മാമുക്കോയ, ഫെമിന ജോര്‍ജ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ. കഥ, തിരക്കഥ, സംഭാഷണം അരുണ്‍ എ ആര്‍, ജസ്റ്റിന്‍ മാത്യുസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. മിന്നല്‍ മുരളിയുടെ ഛായാഗ്രഹണം സമീര്‍ താഹിറാണ്.

Related Stories

No stories found.
logo
The Cue
www.thecue.in