മിന്നല്‍ മുരളി രണ്ടാം ഭാഗം ഉടന്‍ പ്രഖ്യാപിക്കും: ഇത്തവണ 'ത്രീഡി'യാവാന്‍ സാധ്യതയുണ്ടെന്ന് സോഫിയ പോള്‍

മിന്നല്‍ മുരളി രണ്ടാം ഭാഗം ഉടന്‍ പ്രഖ്യാപിക്കും: ഇത്തവണ 'ത്രീഡി'യാവാന്‍ സാധ്യതയുണ്ടെന്ന് സോഫിയ പോള്‍

ബേസില്‍ ജോസഫ് സംവിധാനം ചെയ്ത് ടൊവിനോ കേന്ദ്ര കഥാപാത്രമായ മിന്നല്‍ മുരളിയുടെ രണ്ടാം ഭാഗം ഉടന്‍ പ്രഖ്യാപിക്കുമെന്ന് നിര്‍മ്മാതാവ് സോഫിയ പോള്‍. ആദ്യ ഭാഗത്തേക്കാള്‍ വലിയ സിനിമയായിരിക്കും. അടുത്ത മാസം പ്രഖ്യാപനം ഉണ്ടാകുമെന്നും സോഫിയ പോള്‍ ദി ഫെഡറിലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

സോഫിയ പോള്‍ പറഞ്ഞത്:

''എന്താണ് മുന്നിലുള്ളതെന്ന് പറയാന്‍ ഇത് അല്പം നേരത്തെയാണ്. പക്ഷേ, ഞങ്ങള്‍ രണ്ടാം ഭാഗം പ്രഖ്യാപിക്കും. കുറച്ചുകൂടി വലിയ ചിത്രമായിരിക്കും. എന്താണ് മനസ്സിലുള്ളതെന്ന് പറയാനാവില്ല. പക്ഷേ, അത് മികച്ച ഒരു അനുഭവമായിരിക്കും. മിക്കവാറും അടുത്ത മാസം തന്നെ രണ്ടാം ഭാഗം പ്രഖ്യാപിക്കും. ഷിബു ചിത്രത്തിലുണ്ടാവുമോ എന്ന് ഇപ്പോള്‍ പറയാനാവില്ല. പക്ഷേ, ബേസില്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം കാര്യങ്ങള്‍ തീരുമാനിക്കും. പറഞ്ഞതുപോലെ വലിയ കാര്യങ്ങളാണ് മനസ്സിലുള്ളത്. പ്രേക്ഷകര്‍ ഞങ്ങള്‍ക്ക് നല്‍കിയ സ്വീകരണം ഫ്രാഞ്ചൈസിയെ അടുത്ത തലത്തില്‍ എത്തിക്കാനുള്ള ലൈസന്‍സാണ്. മിന്നല്‍ മുരളി ത്രിമാന രൂപത്തില്‍ ചിത്രീകരിക്കാന്‍ ആദ്യം തീരുമാനിച്ചിരുന്നു. പിന്നീട് അത് ഉപേക്ഷിച്ചു. അടുത്ത ഭാഗം ത്രീഡി ആവാനുള്ള സാധ്യതയുണ്ട്.'

നെറ്റ്ഫ്‌ലിക്‌സ് റിലീസിന് പിന്നാലെ മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ടൊവിനോ തോമസിന്റെ മിന്നല്‍ മുരളി എന്ന കഥാപാത്രത്തിന് ഒപ്പം തന്നെ ഗുരു സോമസുന്ദരം അഭിനയിച്ച വില്ലനായ ഷിബുവിനെയും പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. നെറ്റ്ഫ്‌ലിക്‌സ് റിലീസിന് മുന്‍പ് ചിത്രം ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. പ്രദര്‍ശനത്തിന് ശേഷം ചിത്രത്തെ കുറിച്ച് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്.

കുറുക്കന്‍മൂല എന്ന ഗ്രാമത്തിലെ സൂപ്പര്‍ഹീറോയാണ് മിന്നല്‍ മുരളി. ടോവിനോ തോമസ് സൂപ്പര്‍ ഹീറോയാകുമ്പോള്‍ ഗുരു സോമസുന്ദരമാണ് സൂപ്പര്‍ വില്ലനായി വരുന്നത്. കഥ, തിരക്കഥ, സംഭാഷണം അരുണ്‍ എ ആര്‍, ജസ്റ്റിന്‍ മാത്യുസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. മിന്നല്‍ മുരളിയുടെ ഛായാഗ്രഹണം സമീര്‍ താഹിറാണ്.

വില്‍ സ്മിത്ത് അഭിനയിച്ച ജമിനി മാന്‍, ദി ലാസ്റ്റ് വിച്ച് ഹണ്ടര്‍, നെറ്റ്ഫ്ലിക്സ്- ലൂസിഫര്‍, ബാറ്റ്മാന്‍: ടെല്‍ ടെയില്‍ സീരീസ്, ബാഹുബലി 2, സല്‍മാന്‍ ഖാന്‍ നായകനായ സുല്‍ത്താന്‍ , എന്നിങ്ങനെ ഒട്ടനവധി സിനിമകളിലൂടെ തന്റെ പ്രാവീണ്യം തെളിയിച്ച വ്ലാഡ് റിമംബര്‍ഗാണ് മിന്നല്‍ മുരളിയുടെ ആക്ഷന്‍ ഡയറക്ടര്‍. സോഫിയ പോളാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ടോവിനോ തോമസ്, ഗുരു സോമസുന്ദരം എന്നിവര്‍ക്ക് പുറമെ അജു വര്‍ഗീസ്, പി. ബാലചന്ദ്രന്‍, മാമുക്കോയ, ഫെമിന ജോര്‍ജ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in