'ഫാറൂഖ് കോളേജിന്റെ നടപടിയെ അപലപിക്കുന്നു'; ജിയോ ബേബിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മന്ത്രി ആർ ബിന്ദു

'ഫാറൂഖ് കോളേജിന്റെ നടപടിയെ അപലപിക്കുന്നു'; ജിയോ ബേബിക്ക് ഐക്യദാർഢ്യം  പ്രഖ്യാപിച്ച് മന്ത്രി ആർ ബിന്ദു

സംവിധായകനും തിരക്കഥാകൃത്തുമായ ജിയോ ബേബിയെ അപമാനിച്ച ഫാറൂഖ് കോളേജിന്റെ നടപടിയെ അപലപിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. കാലികപ്രസക്തവും സാമൂഹ്യ പ്രതിബദ്ധത ഉയർത്തിപ്പിടിക്കുന്നതുമായ മികച്ച സിനിമകളാൽ ശ്രദ്ധേയമായ സാന്നിദ്ധ്യമാണ് ജിയോ ബേബിയുടെതെന്നും സിനിമയുടെ സൂക്ഷ്മരാഷ്ട്രീയത്തെ കുറിച്ച് അദ്ദേ​ഹത്തിന് സംസാരിക്കാനുള്ള യോ​ഗ്യത എന്തെന്ന് അദ്ദേഹത്തിന്റെ സിനിമകളിലൂടെ തന്നെ അദ്ദേഹം തെളിയിച്ചിട്ടുണ്ടെന്നും പറഞ്ഞ മന്ത്രി ജിയോ ബേബിക്ക് നേരിടേണ്ടി വന്ന മാനസികവിഷമത്തിനും അപമാനത്തിനും ഉന്നതവിദ്യാഭ്യാസ/സാമൂഹ്യനീതി വകുപ്പുകളുടെ ചുമതല വഹിക്കുന്ന അധികാരി എന്ന നിലയിൽ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു എന്നും അറിയിച്ചു.

മന്ത്രി ആർ ബിന്ദുവിന്റെ പോസ്റ്റ്:

സംവിധായകനും തിരക്കഥാകൃത്തുമായ ജിയോ ബേബിയെ അപമാനിച്ച ഫാറൂഖ് കോളേജിന്റെ നടപടിയെ അപലപിക്കുന്നു. കാലികപ്രസക്തവും സാമൂഹ്യ പ്രതിബദ്ധത uഉയർത്തിപ്പിടിക്കുന്നതുമായ മികച്ച സിനിമകളാൽ ശ്രദ്ധേയമായ സാന്നിദ്ധ്യമാണ് ശ്രീ ജിയോ ബേബിയുടെത്. ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ‘ എന്ന സിനിമയിലൂടെ ഇന്ത്യൻ സ്ത്രീകളുടെ ദുരവസ്ഥ കൃത്യമായും വ്യക്തമായും പറയുകയും മാറ്റത്തിലേക്ക് വിരൽ ചൂണ്ടുകയും ചെയ്തു. ഇപ്പോൾ “കാതൽ“ എന്ന സിനിമ ഈ സമൂഹത്തിൽ ഒരു വിഭാഗം മനുഷ്യർ- സ്വവർഗ്ഗലൈംഗികആഭിമുഖ്യമുള്ളവർ അനുഭവിക്കുന്ന ആന്തരികസംഘർഷങ്ങളും സമ്മർദ്ദങ്ങളും സമൂഹശ്രദ്ധയിൽ കൊണ്ടുവരുന്നു. അവരും മനുഷ്യർ ആണെന്ന് തിരിച്ചറിഞ്ഞ് അനുഭാവപൂർണ്ണം പെരുമാറേണ്ടുന്നതിനെ കുറിച്ച് ഓർമ്മിപ്പിക്കുന്നു. സിനിമയുടെ സൂക്ഷ്മരാഷ്ട്രീയത്തെ കുറിച്ച് സംസാരിക്കാനായാണ് കോളേജ് ഫിലിം ക്ലബ് അദ്ദേഹത്തെ ക്ഷണിച്ചത്. അതിനുള്ള അദ്ദേഹത്തിന്റെ യോഗ്യത തന്റെ സിനിമകളിലൂടെ അദ്ദേഹം തെളിയിച്ചിട്ടുണ്ട്.പക്ഷേ, പിന്നീട് കോളേജ് യൂണിയൻ ഇടപെട്ട് പരിപാടി ക്യാൻസൽ ചെയ്യിച്ചു എന്നാണ് മനസ്സിലാക്കുന്നത്. ജിയോ ബേബി ഇതു സംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്. അത് സംബന്ധിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കും

ശ്രീ ജിയോ ബേബിക്കുണ്ടായ മാനസികവിഷമത്തിലും അപമാനത്തിലും ഉന്നതവിദ്യാഭ്യാസ/സാമൂഹ്യനീതി വകുപ്പുകളുടെ ചുമതലയുള്ള മന്ത്രി എന്ന നിലക്ക് അദ്ദേഹത്തോട് ഐക്യം പ്രഖ്യാപിക്കുന്നു.

കഴിഞ്ഞ ദിവസമാണ് കോഴിക്കോട് ഫാറൂഖ് കോളേജിൽ ഫിലിം ക്ലബ്ബിന്റെ അതിഥിയാക്കി വിളിച്ചതിന് ശേഷം കാരണമറിയിക്കാതെ പരിപാടി റദ്ദാക്കിയതിൽ പ്രതിഷേധിച്ച് സംവിധായകൻ ജിയോ ബേബി ഇൻസ്റ്റ​ഗ്രാമിലൂടെ ഒരു വീഡിയോ പങ്കുവച്ചത്. പരിപാടിക്കായി കോഴിക്കോട് എത്തിയപ്പോഴാണ് പരിപാടി റദ്ദാക്കിയതായി അറിയിച്ചത് എന്നും കാരണം ഔദ്യോ​ഗികമായി പ്രിൻസിപ്പളിനോട് ചോദിച്ചെങ്കിലും മറുപടി ലഭിച്ചില്ല എന്നും വീഡിയോയിൽ ജിയോ ബേബി പറഞ്ഞു. ഉദ്ഘാടകന്റെ ചില പരാമർശങ്ങൾ കോളേജിന്റെ ധാർമിക മൂല്യങ്ങൾക്ക് എതിരാണ് എന്നതിനാൽ പ്രസ്തുത പരിപാടിയുമായി ഫറൂഖ് വിദ്യാർത്ഥി യൂണിയൻ സഹകരിക്കുന്നതല്ല എന്നാ കോളേജ് യൂണിയൻ ഇറക്കിയ പ്രസ്താവന താൻ കണ്ടു എന്നും, മാനേജ്മെന്റ് എന്തുകൊണ്ടാണ് പരിപാടി ക്യാൻസൽ ചെയ്തതെന്ന് തനിക്ക് അറിയണമെന്നും ഈ പരിപാടിക്ക് വേണ്ടി ഒരുദിവസത്തോളം യാത്ര ചെയ്തിട്ടുണ്ടെന്നും അതിനെക്കളേറെ താൻ അപമാനിതനായിട്ടുണ്ടെന്നും പങ്കുവച്ച വീഡിയോയിൽ ജിയോ ബേബി പറയുന്നു. തന്റെ പ്രതിഷേധമാണിതെന്നും ഇത്തരം വിദ്യാർത്ഥി യൂണിയൻ എന്ത് ആശയമാണ് മുന്നോട്ട് വയ്ക്കുന്നത് എന്ന് കൂടെ അറിയേണ്ടതുണ്ട് എന്നും പറഞ്ഞ ജിയോ ബേബി ഈ വിഷയവുമായി ബന്ധപ്പെട്ട് നിയമനടപടി സ്വീകരിക്കുന്നതായിരിക്കും എന്നും അറിയിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in